‘തിരുപ്പതിയിൽ ഹിന്ദുക്കൾ മാത്രം മതിയെന്നതിൽ ഞങ്ങള്‍ക്ക് എതിർപ്പില്ല’; പക്ഷേ മോദിക്ക് വഖഫ് ബോർഡിൽ… പരിഹാസവുമായി ഒവൈസി

ക്ഷേത്രവുമായി ബന്ധപ്പെട്ട് ജോലികളിൽ ഹിന്ദുക്കളെ മാത്രം നിയമിക്കണമെന്ന തിരുമല തിരുപ്പതി ദേവസ്ഥാനം (ടിടിഡി) പുതിയ ചെയർമാൻ്റെ പരാമർശത്തിനെതിരെ എഐഎംഐഎം അധ്യക്ഷൻ അസദുദ്ദീൻ ഒവൈസി. ടിടിഡി ചെയർമാൻ തിരുമലയിൽ ഹിന്ദുക്കൾ മാത്രമുള്ള സ്റ്റാഫ് നയം പ്രഖ്യാപിക്കുകയാണ്. എന്നാൽ കേന്ദ്രത്തിലെ എൻഡിഎ സർക്കാർ വഖഫ് ബോർഡുകളിൽ അമുസ്ലിങ്ങളെ ഉൾപ്പെടുത്താൻ ആഗ്രഹിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് ഒവൈസി പറഞ്ഞു.

കഴിഞ്ഞ ഓഗസ്റ്റിൽ ലോക്‌സഭയിൽ അവതരിപ്പിച്ച വഖഫ് ഭേദഗതി ബിൽ 2024ലെ നിർദേശക്കൾ ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിൻ്റെ പരിഹാസം. അമുസ്ലീങ്ങളെ വഖഫ് ബോർഡിലുൾപ്പെടുത്തുന്നത് മതത്തിലുള്ള കടന്നുകയറ്റമാണ് എന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം രൂക്ഷമായ വിമർശനവുമായി രംഗത്ത് വന്നിരുന്നു.


“തിരുമല തിരുപ്പതി ദേവസ്ഥാനത്തിലെ 24 അംഗങ്ങളിൽ ഒരാൾ പോലും അഹിന്ദുവല്ല. പുതിയ ചെയർമാൻ പറയുന്നത് അവിടെ ജോലി ചെയ്യുന്നവർ ഹിന്ദു ആയിരിക്കണം എന്നാണ്. ഞങ്ങൾ ഇതിന് എതിരല്ല. എന്നാൽ വഖഫ് കൗൺസിലിൽ രണ്ട് അമുസ്ലിം അംഗങ്ങളെ നിർബന്ധമാക്കിയിട്ടുണ്ടെന്നാണ് നരേന്ദ്രമോദിയുടെ സർക്കാർ വഖഫ് ബില്ലിൽ പറയുന്നത്. അതിനോട് ഞങ്ങൾക്ക് എതിർപ്പുണ്ട്. എന്തിനാണ് നിങ്ങൾ വഖഫ് ബില്ലിൽ ഇങ്ങനെയൊരു വ്യവസ്ഥ കൊണ്ടുവരുന്നത്” – ഒവൈസി ചോദിച്ചു.


ടിടിഡി ഹിന്ദു മതത്തിൻ്റെ ഒരു ബോർഡാണ്, വഖഫ് ബോർഡ് മുസ്ലീം മതത്തിന് വേണ്ടിയുള്ളതാണ്. എല്ലായിടത്തും തുല്യത വേണം. മുസ്ലിങ്ങൾക്ക് ടിടിഡിയുടെ ട്രസ്റ്റികൾ ആകാൻ കഴിയില്ല. അപ്പോൾ എങ്ങനെയാണ് മുസ്ലിം അല്ലാത്ത ഒരാൾക്ക് വഖഫ് ബോർഡിൽ അംഗമാകാൻ കഴിയുന്നതെന്നും ഒവൈസി ചോദിച്ചു.


തിരുമലയിൽ ജോലി ചെയ്യുന്നവരെല്ലാം ഹിന്ദുക്കളായിരിക്കണം. അതിനായിരിക്കും തൻ്റെ പ്രഥമ പരിഗണനയെന്ന് കഴിഞ്ഞ മാസം 31ന് പുതുതായി ചുമതലയേറ്റ ടിടിഡി ബോർഡ് ചെയർമാൻ ബിആർ നായിഡു പറഞ്ഞിരുന്നു. ക്ഷേത്രവുമായി ബന്ധപ്പെട്ട് നിലവിൽ ജോലി ചെയ്യുന്ന മറ്റ് മതങ്ങളിൽപ്പെട്ട ജീവനക്കാരെ എന്തു ചെയ്യണം എന്നതക്കമുള്ള കാര്യങ്ങൾ ആന്ധ്ര സർക്കാരുമായി ചർച്ച ചെയ്തു തീരുമാനിക്കും. ഇവർക്ക് വോളണ്ടറി റിട്ടയർമെൻ്റ് സ്കീം(വിആർഎസ്) അനുവദിക്കുന്നതിനോ മറ്റ് വകുപ്പുകളിലേക്ക് മാറ്റുന്നതിനോ ഉള്ള സാധ്യത പരിഗണിക്കുമെന്നും നായിഡു പറഞ്ഞിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top