ട്രംപിനെ കാണാൻ മോദി പുറപ്പെടുന്നു… ആദ്യം ഫ്രാൻസിലേക്ക്; അടുത്ത ലക്ഷ്യം യുഎസ്

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏറ്റവും പുതിയ വിദേശ പര്യടനത്തിന് നാളെ തുടക്കമാകുന്നു. ഫ്രാൻസ്, യുഎസ് എന്നീ രണ്ട് രാജ്യങ്ങളാണ് ഇത്തവണ മോദി സന്ദർശിക്കുക. ഫ്രാൻസിൽ നടക്കുന്ന എഐ ഉച്ചകോടിയാണ് ആദ്യ പരിപാടി. ശേഷം ബുധനാഴ്ച അമേരിക്കയിലെത്തും. ഡോണൾഡ് ട്രംപ് പ്രസിഡൻ്റായ ശേഷമുള്ള ആദ്യ സന്ദർശനം എന്ന നിലയിൽ നിർണായകമാകും ഈ യാത്ര.
നാളെ ഉച്ചയ്ക്കു ഡൽഹിയിൽ നിന്ന് പുറപ്പെടുന്ന നരേന്ദ്ര മോദി വൈകിട്ടോടെ പാരീസിൽ എത്തും. വൈകിട്ട് ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവൽ മക്രോണിൻ്റെ അത്താഴ വിരുന്നിൽ പങ്കെടുക്കും. ചൊവ്വാഴ്ചയാണ് ഉച്ചകോടി. അമേരിക്കൻ വൈസ് പ്രസിഡൻ്റ് ജെ.ഡി.വാൻസും ചൈനീസ് ഉപപ്രധാനമന്ത്രി ഡിങ് സുക്‌സിയാങ്ങും അടക്കം നേതാക്കൾ ഉച്ചകോടിക്ക് എത്തുന്നുണ്ട്. 2023ൽ യുകെയിലും ദക്ഷിണ കൊറിയയിലുമായി നടന്ന എഐ പരിപാടികളുടെ തുടർച്ചയാണ് പാരീസ് ഉച്ചകോടി.
Also Read: രണ്ടാം വരവിൽ ട്രംപ് ഫ്രണ്ടല്ലാതായോ!! ലോകനേതാക്കൾക്ക് ഇടയില്‍ മോദിയുടെ നടപടി ചർച്ചയാവുന്നു
ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള ശക്തമായ സാമ്പത്തിക സഹകരണം മെച്ചപ്പെടുത്തുന്നത് സംബന്ധിച്ച ചർച്ചകൾ ഈ സന്ദർശനത്തിൽ ഉണ്ടാകുമെന്നാണ് ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്. തുടർന്നു മാർസെയിലിലേക്ക് പോകുന്ന പ്രധാനമന്ത്രി മറ്റൊരു സ്വകാര്യ അത്താഴവിരുന്നിലും പങ്കെടുക്കും. ഇതിനുശേഷം യുഎസിലേക്ക് പുറപ്പെടും. ബുധനും വ്യാഴവുമാണ് അമേരിക്കയിൽ ഉണ്ടാകുക.
അധികൃത കുടിയേറ്റക്കാരെ ഇന്ത്യയിലേക്ക് തിരിച്ചയച്ചതുമായി ബന്ധപ്പെട്ട ഭിന്നതകൾ നിലനിൽക്കെയാണ് മോദി അമേരിക്കയിൽ എത്തുന്നത്. പാർലമെൻ്റിൽ അമേരിക്കൻ നടപടിയെ സർക്കാർ പ്രതിരോധിച്ചെങ്കിലും പിന്നീട് അമേരിക്കയെ അതൃപ്തി അറിയിച്ചിട്ടുണ്ട്. അതേസമയം ട്രംപ് നല്ല സുഹൃത്താണ് എന്ന മോദിയുടെ പരാമർശം ട്രോളുകളായും നിറഞ്ഞുനിൽക്കെയാണ് ഇരുവരും തമ്മിൽ നേരിൽ കാണുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here