മാല ദ്വീപില്‍ യുപിഐ അവതരിപ്പിക്കാന്‍ മുയിസു; നീക്കം ഇന്ത്യന്‍ സഹകരണത്തോടെ

മാലദ്വീപില്‍ യുപിഐ ഇടപാടുകള്‍ തുടങ്ങാന്‍ മാലദ്വീപ് പ്രസിഡൻ്റ് മുഹമ്മദ് മുയിസു തീരുമാനിച്ചു. ഇന്ത്യന്‍ സഹകരണത്തോടെയാണ് മാലദീപ് നീക്കം. ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്ട്രക്ചറിൻ്റെ (ഡിപിഐ) വികസനത്തിൽസഹകരിച്ച് പ്രവര്‍ത്തിക്കാമെന്ന് ഇന്ത്യ അറിയിച്ചിരുന്നു. മുയിസു ഈയിടെ ഇന്ത്യ സന്ദര്‍ശിച്ചിരുന്നു. ദ്വീപ് സമ്പദ്‌വ്യവസ്ഥയ്ക്ക് കാര്യമായ നേട്ടങ്ങൾ ഈ യുപിഐ ഇടപാട് കാരണം ഉണ്ടാകുമെന്നാണ് പ്രതീക്ഷ.

യുപിഐയുമായി ബന്ധപ്പെട്ട് മാലദ്വീപ്‌ ധനമന്ത്രി വിശദമായ റിപ്പോര്‍ട്ട് മന്ത്രിസഭയുടെ പരിഗണനയ്ക്ക് നല്‍കിയിരുന്നു. ഇത് ചര്‍ച്ച ചെയ്ത ശേഷമാണ് തീരുമാനം. യുപിഐ അവതരിപ്പിക്കുന്നതിനായി ഒരു കൺസോർഷ്യം രൂപീകരിക്കാനും തീരുമാനിച്ചു, രാജ്യത്ത് പ്രവർത്തിക്കുന്ന ബാങ്കുകൾ, ടെലികോം കമ്പനികൾ, സർക്കാർ ഉടമസ്ഥതയിലുള്ള കമ്പനികൾ, മറ്റ് കമ്പനികൾ എന്നിവയെ ഈ കണ്‍സോര്‍ഷ്യത്തില്‍ ഉൾപ്പെടുത്തും.

യുപിഐ മേൽനോട്ടത്തിന് ധനമന്ത്രാലയം, ആഭ്യന്തര സുരക്ഷാ സാങ്കേതിക മന്ത്രാലയം, മാലിദ്വീപ് മോണിറ്ററി അതോറിറ്റി എന്നിവ ഉൾപ്പെടുന്ന ഒരു ടീമിനെ രൂപീകരിക്കാനും അദ്ദേഹം തീരുമാനിച്ചിട്ടുണ്ട്. ഇന്ത്യ-മാലദ്വീപ് സഹകരണത്തിന്റെ ഭാഗമായി ഇന്ത്യ റുപേ കാര്‍ഡുകള്‍ മാലയില്‍ അവതരിപ്പിച്ചിരുന്നു. ഡിജിറ്റല്‍ പെയ്മെന്റ് നീക്കം ശക്തമാക്കാന്‍ വേണ്ടിയായിരുന്നു ഈ നീക്കം.

ഇന്ത്യ-മാലദ്വീപ് ബന്ധത്തില്‍ അടുത്തകാലത്ത് വിള്ളല്‍ വീണിരുന്നു. 2023-ല്‍ ‘ഇന്ത്യ ഔട്ട്’ കാമ്പയിൻ നടത്തിയാണ് മുയിസു അധികാരത്തില്‍ വന്നത്. ചൈനയോടുള്ള മുയിസുവിന്റെ അതിരുകവിഞ്ഞ ചായ്‌വ് വലിയ ചര്‍ച്ചകള്‍ക്കാണ് വഴിവെച്ചത്. മാലിക്ക് തിരിച്ചടി നല്‍കാന്‍ ലക്ഷദ്വീപിലെത്തി ടൂറിസം പ്രോത്സാഹിപ്പിക്കാന്‍ മോദി ശ്രമം നടത്തിയിരുന്നു.

മോദിയുടെ ലക്ഷദ്വീപ്‌ സന്ദര്‍ശനത്തിനെ പരിഹസിച്ച് മാലി മന്ത്രിമാര്‍ രംഗത്തുവന്നതും വിവാദമായിരുന്നു. ഇതോടെയാണ് ഇന്ത്യ-മാലി ബന്ധം ഉലഞ്ഞത്. ഈ മന്ത്രിമാരെ പിന്നീട് മുയിസു മന്ത്രിസഭയില്‍ നിന്നും നീക്കിയിരുന്നു. മാലദ്വീപിലെ ഇന്ത്യന്‍ സേനയെ പുറത്താക്കിയതും മുയിസുവായിരുന്നു. എന്നാല്‍ കഴിഞ്ഞ കുറച്ചുമാസങ്ങളായി ഇന്ത്യയുമായി നഷ്ടപ്പെട്ട ബന്ധം തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങളാണ് മാലദ്വീപ് സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top