സ്റ്റേ ചെയ്തത് പത്ത് വര്‍ഷത്തെ തടവ്ശിക്ഷ; കുറ്റക്കാരനെന്ന് കണ്ടെത്തിയത് നിലനില്‍ക്കുന്നു; മുഹമ്മദ് ഫൈസല്‍ എംപിയ്ക്ക് അയോഗ്യത വന്നേക്കും
കൊച്ചി: വധശ്രമക്കേസില്‍ ഹൈക്കോടതിവിധി തിരിച്ചടിയായതോടെ ലക്ഷദ്വീപ് എംപി സ്ഥാനത്തുനിന്നും മുഹമ്മദ് ഫൈസല്‍ അയോഗ്യനാക്കപ്പെട്ടേക്കും. വധശ്രമക്കേസിൽ മുഹമ്മദ് ഫൈസലിന് പത്തുവർഷത്തെ ശിക്ഷ നടപ്പാക്കുന്നത് ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. എന്നാൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ ശിക്ഷാവിധിക്ക് സ്റ്റേ നല്‍കിയിട്ടില്ല. ഈ സാഹചര്യത്തിലാണ് എംപി സ്ഥാനത്തുനിന്ന് മുഹമ്മദ് ഫൈസൽ അയോഗ്യനാക്കപ്പെടുമെന്ന് നിയമവിദഗ്ധർ സൂചിപ്പിക്കുന്നത്.
മുഹമ്മദ് ഫൈസൽ അടക്കം നാലുപേരെയാണ് വധശ്രമക്കേസിൽ കവരത്തി കോടതി നേരത്തെ പത്തുവർഷം ശിക്ഷിച്ചത്. ലോക്സഭാംഗമായിരിക്കെ രണ്ടു വർഷത്തിനു മുകളിൽ ശിക്ഷിക്കപ്പെട്ടാൽ അയോഗ്യനാക്കപ്പെടുമെന്നാണ് ചട്ടം. കവരത്തി കോടതിയുടെ ഉത്തരവും ശിക്ഷ നടപ്പാക്കുന്നതും ഹൈക്കോടതി സിംഗിൾ ബെഞ്ചും മാസങ്ങൾക്ക് മുന്പ് സ്റ്റേ ചെയ്തിരുന്നു. മുഹമ്മദ് ഫൈസൽ അയോഗ്യനാക്കപ്പെടുകയും ഉപതെരഞ്ഞെടുപ്പ് വേണ്ടിവരികയും ചെയ്താൽ ഖജനാവിനുണ്ടാകുന്ന സാമ്പത്തിക നഷ്ടത്തെക്കുറിച്ചും സ്റ്റേ ഉത്തരവിൽ പറഞ്ഞിരുന്നു . ഇക്കാര്യം ശ്രദ്ധയിൽപ്പെട്ട സുപ്രീംകോടതി സ്റ്റേ ഉത്തരവ് പുനപരിശോധിക്കാൻ ഹൈക്കോടതിയോട് ആവശ്യപ്പെടുകയായിരുന്നു.
ഇതേത്തുടർന്നാണ് ജസ്റ്റിസ് നഗരേഷിന്‍റെ ബെഞ്ച് അപ്പീലിൽ വീണ്ടും വാദം കേട്ട് ഉത്തരവ് പുറപ്പെടുവിച്ചത്. പുതിയ ഉത്തരവനുസരിച്ച് പത്തുവർഷത്തെ ശിക്ഷ നടപ്പാക്കുന്നത് സ്റ്റേ ചെയ്തു. എന്നാൽ, കുറ്റക്കാരനെന്ന് കണ്ടെത്തിയ ഉത്തരവിന് സ്റ്റേ ഇല്ല.
പ്രതികൾ തൽക്കാലം ജയിലിൽ പോകേണ്ടെങ്കിലും കുറ്റക്കാരായി തുടരും. ഈ ഉത്തരവോടെയാണ് എം പി സ്ഥാനത്തു നിന്ന് മുഹമ്മദ് ഫൈസൽ അയോഗ്യനാക്കപ്പെട്ടെന്നാണ് നിയമവിദഗ്ധർ പറയുന്നത്. രണ്ടുവർഷത്തിനുമുകളിൽ ശിക്ഷ കിട്ടുന്ന കുറ്റം ചെയ്തെന്ന കീഴ് ക്കോടതി ഉത്തരവ് നിലനിൽക്കുന്നതിനാൽ അയോഗ്യത ബാധകമാണെന്നാണ് വിലയിരുത്തൽ. ഹൈക്കോടതി ഉത്തരവിന്‍റെ പൂർണ പകർപ്പ് പുറത്തുവന്നാലേ കാര്യങ്ങൾ കൂടുതൽ വ്യക്തമാകുകയുള്ളു. അയോഗ്യനാക്കപ്പെട്ടാൽ സുപ്രീം കോടതിയെ സമീപിക്കാനാണ് മുഹമ്മദ് ഫൈസലിന്‍റെ നീക്കം.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here