പൃഥ്വി മൗനം തുടരുമ്പോൾ ഖേദം പറഞ്ഞ് മോഹൻലാൽ!! ‘ഉത്തരവാദിത്തം ഏറ്റെടുക്കുന്നു; വേദന ഉണ്ടാക്കിയതെല്ലാം നീക്കും…’

കടന്നാക്രമണങ്ങളിൽ പ്രഥ്വിരാജ് മൗനം തുടരുമ്പോൾ, ഉത്തരവാദിത്തം ഏറ്റെടുത്തും ഖേദം അറിയിച്ചും മോഹൻലാൽ രംഗത്തിറങ്ങി. തന്നെ സ്നേഹിക്കുന്നവരിൽ കുറെപ്പേർക്ക് സിനിമയുടെ പ്രമേയം മനോവിഷമം ഉണ്ടാക്കിയെന്ന് അറിഞ്ഞു. തൻ്റെ പ്രിയപ്പെട്ടവർക്ക് ഉണ്ടായ വിഷമത്തിൽ തനിക്കും എംപുരാൻ ടീമിനും ഖേദമുണ്ട്. അങ്ങനെ ഉണ്ടായതിൽ തനിക്കും സിനിമക്ക് പിന്നിൽ പ്രവർത്തിച്ചവർക്കും ഉത്തരവാദിത്തം ഉണ്ടെന്നും, അത് ഏറ്റെടുത്ത് അത്തരം വിഷയങ്ങൾ സിനിമയിൽ നിന്ന് നീക്കം ചെയ്യാൻ തീരുമാനിച്ചു എന്നുമാണ് ലാൽ അറിയിക്കുന്നത്.
ഇക്കഴിഞ്ഞ വ്യാഴാഴ്ച പുലർച്ചെ എംപുരാൻ റിലീസായതിന് പിന്നാലെ തുടങ്ങിയ ആക്രമണങ്ങൾ എല്ലാ പരിധിയും കടന്ന് സിനിമ റീഎഡിറ്റ് ചെയ്യുന്നതിൽ വരെയെത്തിയിട്ടും ബന്ധപ്പെട്ടവരെല്ലാം മൗനത്തിലായിരുന്നു. ഇതാദ്യമായാണ് ഒരു പ്രതികരണം ഉണ്ടാകുന്നത്. സിനിമയുടെ സംവിധായകനെന്ന നിലയിൽ ഉത്തരവാദിത്തം ഏറ്റെടുത്ത് സാഹചര്യം വിശദീകരിക്കേണ്ട പ്രഥ്വിരാജ് ഇപ്പോഴും അതിന് തയ്യാറായിട്ടില്ല എന്നത് ശ്രദ്ധേയമാണ്. അത് കണക്കിലെടുത്താണ് പ്രതിഷേധങ്ങളെ തണുപ്പിക്കാൻ മോഹൻലാലിൻ്റെ ശ്രമം.
വിവാദമുണ്ടാക്കിയ ഭാഗങ്ങൾ എഡിറ്റുചെയ്ത ശേഷമുളള എമ്പുരാന്‍റെ പുതിയ പതിപ്പ് വ്യാഴാഴ്ച തിയറ്ററുകളിൽ എത്തുമെന്നാണ് കരുതുന്നത്. ആദ്യ മുപ്പത് മിനിറ്റിൽ കാണിക്കുന്ന ഗുജറാത്ത് കലാപത്തിന് സമാനമായ രംഗങ്ങൾ വെട്ടിച്ചുരുക്കും. കേന്ദ്ര സർക്കാരിന് എതിരെ നിൽക്കുന്നവരെ ദേശീയ അന്വേഷണ ഏജൻസി കേസിൽ കുടുക്കുമെന്ന് കാണിക്കുന്ന ഭാഗങ്ങളിൽ മാറ്റംവരുത്തും. ബാബ ബജ്രംഗി എന്ന പ്രധാന വില്ലന്റെ പേര് മാറ്റണമെന്ന ആവശ്യം ഉണ്ടെങ്കിലും സിനിമയിൽ ആദ്യവസാനം ആവർത്തിക്കുന്ന ഈ പേര് മാറ്റുന്നത് പ്രായോഗികമാകുമോ എന്നുറപ്പില്ല.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here