അംഗത്വമെടുത്ത് മോഹന്‍ലാല്‍; ഫെഫ്ക ഡയറക്ടേഴ്സ് യൂണിയനില്‍ ഔദ്യോഗികമായി ചേര്‍ന്ന് സൂപ്പര്‍താരം

കൊച്ചി : ഫെഫ്ക ഡയറക്ടേഴ്സ് യൂണിയനില്‍ അംഗത്വമെടുത്ത് സൂപ്പര്‍താരം മോഹന്‍ലാല്‍. ഇന്ന് നടന്ന ഫെഫ്ക തൊഴിലാളി സംഗമത്തിലാണ് മോഹന്‍ലാലിന് ഔദ്യോഗികമായി അംഗത്വം അനുവദിച്ചത്. ഫെഫ്ക ജനറല്‍ സെക്രട്ടറി ബി.ഉണ്ണികൃഷ്ണനും സംവിധായകന്‍ സിബി മലയിലും ചേര്‍ന്ന് വേദിയില്‍ അംഗത്വവും ഐഡി കാര്‍ഡും കൈമാറി. ഊഷ്മളമായ സ്വീകരണത്തിനും സ്വാഗതത്തിനും ഫെഫ്കയ്ക്ക് ഹൃദയം നിറഞ്ഞ നന്ദി. ഈ അവിശ്വസനീയമായ കുടുംബത്തിന്റെ ഭാഗമാകാന്‍ സാധിച്ചത് ബഹുമതിയായി കാണുന്നുവെന്ന് മോഹന്‍ലാല്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
മോഹല്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ് എന്ന ചിത്രം മെയ് മാസത്തില്‍ റിലീസിന് തയാറെടുക്കുകയാണ്. പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ത്രിഡി ചിത്രത്തില്‍ വമ്പന്‍ താരനിരയാണ് അണിനിരക്കുന്നത്. മോഹന്‍ലാല്‍ തന്നെയാണ് ചിത്രത്തിലെ നായകന്‍. അമേരിക്കന്‍ റിയാലിറ്റി ഷോ ആയ ദ വേള്‍ഡ് ബെസ്റ്റില്‍ പങ്കെടുത്ത് വിജയിച്ച ലിഡിയന്‍ നാദസ്വരമാണ് ചിത്രത്തിനായി സംഗീതസംവിധാനം നിര്‍വഹിക്കുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here