മോഹൻലാൽ അറിയാതെ ഒരുസീനും എംപുരാനിൽ ഇല്ല!! വെളിപ്പെടുത്തി മല്ലിക; ‘അണിയറ കാര്യങ്ങളെല്ലാം അറിയാം, പൃഥ്വി ആരെയും ചതിച്ചിട്ടില്ല’

ബിജെപിയുമായും ആർഎസ്എസുമായും തികഞ്ഞ സാഹോദര്യത്തിൽ പോയ്ക്കൊണ്ടിരുന്ന മോഹൻലാലിന് ഇതെന്ത് പറ്റി എന്നാണ് എംപുരാൻ വിവാദമായത് മുതൽ എല്ലാവരും ഒരുപോലെ ചോദിക്കുന്നത്. മോദിയെയും സംഘപരിവാരത്തെയും പ്രതിക്കൂട്ടിൽ നിർത്തുന്ന ഗുജറാത്ത് കലാപങ്ങൾക്ക് സമാനമായ രംഗങ്ങൾ സിനിമയിൽ ചിത്രീകരിച്ച് വീണ്ടും അതെല്ലാം ചർച്ചകളിലേക്ക് കൊണ്ടുവന്നതിൽ കടുത്ത അമർഷം പ്രകടിപ്പിച്ച ആർഎസ്എസ് നേതൃത്വം പോലും ഈ നിമിഷം വരെയും ലാലിനോട് മൃദുസമീപനമാണ് സ്വീകരിക്കുന്നത്. മുഖപത്രമായ ഓർഗനൈസർ വിഷയം ഏറ്റെടുത്തപ്പോഴും സംവിധായകൻ പൃഥ്വിരാജിനെയാണ് വിമർശനമുനയിൽ നിർത്തിയത്.
സിനിമയുടെ ഉള്ളടക്കത്തെക്കുറിച്ച് ലാലിന് വലിയ ധാരണ ഉണ്ടായിരുന്നില്ലെന്നും പൃഥ്വിരാജും, തിരക്കഥയൊരുക്കിയ മുരളി ഗോപിയും ലാലിനെ ഇരുട്ടിൽ നിർത്തിയതാണ് എന്നുമുള്ള നിഗമനങ്ങളിലേക്ക് പലരും എത്തിയത് അങ്ങനെയാണ്. അടുപ്പവും വിശ്വാസവും മുതലെടുത്ത് സ്ക്രിപ്റ്റ് പോലും വായിക്കാൻ നൽകാതെ അദ്ദേഹത്തെ പറ്റിച്ചതാണെന്ന് സിനിമയിലും പലരും വിശ്വസിക്കുന്നുണ്ട്. രണ്ടേമുക്കാൽ മണിക്കൂറുള്ള സിനിമയിൽ ലാലിൻ്റെ സ്ക്രീൻസ്പേസ് ആകെ ഒരു മണിക്കൂറിൽ താഴെ മാത്രമാണ് എന്നത് കണക്കിലെടുക്കുമ്പോൾ, അത്രമാത്രമേ അദ്ദേഹം അറിഞ്ഞിരിക്കാൻ ഇടയുള്ളൂ എന്ന വാദത്തിൽ കഴമ്പുണ്ടെന്ന് സാമാന്യയുക്തിക്കും കരുതാം.
എന്നാൽ ഈ ധാരണയെല്ലാം തിരുത്തികൊണ്ടാണ് പൃഥ്രിരാജിൻ്റെ അമ്മ മല്ലിക സുകുമാരൻ്റെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ വസ്തുത വെളിപ്പെടുത്തുന്നത്. മോഹൻലാൽ അറിയാത്തത് ഒന്നും എംപുരാനിൽ ഇല്ല. പൃഥ്വിയും മുരളിയും ലാലും അടക്കം എല്ലാവരും ഒന്നിച്ചിരുന്ന് സ്ക്രിപ്റ്റ് വായിച്ചിട്ടുണ്ട്. തിരുത്തൽ വേണ്ടിവന്നാൽ എപ്പോഴും മുരളി സന്നദ്ധനായിരുന്നു. ഓരോ സീനും ലാലിനെ കാണിച്ചിട്ടുണ്ട്. പിന്നെങ്ങനെ പൃഥ്രിരാജ് മാത്രം ഉത്തരവാദിയാകും? മല്ലിക ചോദിക്കുന്നു. സിനിമക്ക് പ്രശ്നമുണ്ടെങ്കിൽ എല്ലാവർക്കും ഉത്തരവാദിത്തമുണ്ട്. അണിയറയിൽ നടന്നത് എന്താണെന്ന് അറിയാവുന്ന തനിക്ക് പൃഥ്വിരാജിനെ ഒറ്റപ്പെടുത്തി ആക്രമിക്കുന്നതിൽ വേദനയുണ്ടെന്നും മല്ലിക തുറന്നടിക്കുന്നു.
Also Read: സംഘികൾക്ക് കീഴടങ്ങിയെന്ന് പൃഥ്വിരാജിനെതിരെ ആക്ഷേപം; മോഹൻലാലിൻ്റെ ഖേദം ഏറ്റുപിടിച്ച് സംവിധായകൻ
മല്ലിക സുകുമാരൻ്റെ വാക്കുകൾ ഇങ്ങനെ: “മാസങ്ങള്‍ക്ക് മുന്‍പ് ഒരു ദിവസം ഞാന്‍ മകനെ വിളിക്കുമ്പോള്‍ അവന്‍ ഗുജറാത്തില്‍ ഷൂട്ടിങ്ങില്‍ ആയിരുന്നു..’ഞാന്‍ തിരക്കില്‍ ആണ് അമ്മേ… ലാലേട്ടന്‍ വന്നിട്ടുണ്ട്. ഇതുവരെ എടുത്ത ഓരോ രംഗവും ലാലേട്ടനെ കാണിച്ചു കൊടുക്കണം. ആന്റണിയുമായി ചര്‍ച്ച ചെയ്യണം’ എന്നാണ് അവന്‍ പറഞ്ഞത്. ഇവര്‍ രണ്ടുപേരും അറിയാത്ത ഒരു ഷോട്ട് പോലും എമ്പുരാന്‍ എന്ന സിനിമയില്‍ ഇല്ലെന്ന് ഞാന്‍ വ്യക്തമാക്കാന്‍ ആഗ്രഹിക്കുന്നു. മോഹന്‍ലാലിന് അറിയാത്ത ഒരു കാര്യവും ഈ സിനിമയില്‍ ഇല്ല. തങ്ങള്‍ ഇതൊന്നും അറിഞ്ഞിട്ടില്ലെന്ന് അവര്‍ രണ്ടു പേരും പറയുകയും ഇല്ല.”
സംവിധായകൻ്റെ അമ്മ എന്ന നിലയിൽ മാത്രമല്ല, സിനിമയിൽ ഇത്രയേറെ ബന്ധങ്ങളുള്ള മല്ലിക സുകുമാരൻ ഇങ്ങനെ വെട്ടിത്തുറന്ന് പറയുമ്പോൾ അവഗണിക്കുക എളുപ്പമല്ല. ഇതോടെ മോഹൻലാൽ കൂടുതൽ പ്രതിസന്ധിയിലാകുകയാണ്. ഒന്നും തെളിച്ചുപറയാതെ ഒരു ഖേദപ്രകടനം നടത്തി ഇന്ന് ഫെയ്സ്ബുക്കിൽ പോസ്റ്റിട്ട ലാൽ കൂടുതൽ വിശദീകരിക്കുമോ എന്ന് കണ്ടറിയണം. ഈ പ്രതികരണം പൃഥ്വിരാജിനെയും പ്രതിരോധത്തിലാക്കുമെന്ന് പ്രത്യക്ഷത്തിൽ തോന്നാമെങ്കിലും, ആരോടും ആലോചിക്കാതെ മല്ലിക സ്വന്തം നിലയ്ക്ക് ഇങ്ങനെ വിഷയത്തിൽ ഇടപെടുമെന്ന് ആരും കരുതുന്നില്ല. വിവാദഭാഗങ്ങൾ ഒഴിവാക്കാൻ ധാരണയായത് കൊണ്ടുമാത്രം എംപുരാൻ ഉണ്ടാക്കിയ ചൂടും പുകയും അടങ്ങില്ലെന്ന് ഉറപ്പായിരിക്കുകയാണ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here