മോഹന്‍ലാലിന് തെറ്റിദ്ധാരണയെന്ന് ദേവസ്വം ബോര്‍ഡ്; മമ്മൂട്ടിക്കായി നടത്തിയ വഴിപാട് വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല

ശബരിമല ക്ഷേത്രത്തില്‍ മമ്മൂട്ടിക്കായി നടത്തിയ വഴിപാട് വിവരങ്ങള്‍ ദേവസ്വം ഉദ്യോഗസ്ഥര്‍ പരസ്യമാക്കിയെന്ന മോഹന്‍ലാലിന്റെ ആരോപണം തള്ളി ദേവസ്വം ബോര്‍ഡ്. ഒരു അഭിമുഖത്തിലാണ് മോഹന്‍ലാല്‍ ഈ ആരോപണം ഉന്നയിച്ചത്. ഉദ്യോഗസ്ഥരുടെ ഈ പ്രവര്‍ത്തിയില്‍ കടുത്ത നീരസം പ്രകടിപ്പിക്കുകയും ചെയ്തു. ഇതിലാണ് ഇപ്പോള്‍ ബോര്‍ഡ് വിശദീകരണം നടത്തിയിരിക്കുന്നത്.

തെറ്റിദ്ധാരണ മൂലമാണ് മോഹന്‍ലാല്‍ ഇത്തരം ഒരു പ്രസ്താവന നടത്തുന്നത്. വഴിപാട് രസീതിന്റെ ഭക്തന് നല്‍കിയ ഭാഗമാണ് മാധ്യമങ്ങള്‍ വഴി പ്രചരിച്ചത്. ഒരു വഴിപാട് നടത്തുമ്പോള്‍ അതിന്റെ രസീതിന്റെ കൗണ്ടര്‍ ഫോയില്‍ മാത്രമാണ് ദേവസ്വം സൂക്ഷിക്കുക. രസീതിന്റെ ബാക്കി ഭാഗം വഴിപാട് നടത്തുന്ന ആള്‍ക്ക് കൈമാറും. ഇതേ രീതിയില്‍ മോഹന്‍ലാല്‍ ചുമതലപ്പെടുത്തി ദേവസ്വം കൗണ്ടറില്‍ എത്തി പണം ഒടുക്കിയ ആള്‍ക്ക് രസീതിന്റെ ഭാഗം കൈമാറിയിട്ടുണ്ട്. ഇതാണ് വ്യാപകമായി പ്രചരിച്ചത്.

ഇക്കാര്യത്തില്‍ ദേവസ്വം ഉദ്യോഗസ്ഥരുടെ ഭാഗത്ത് യാതൊരു വീഴ്ചയും ഇല്ല. ഈ വസ്തുതകള്‍ ബോധ്യപ്പെട്ട് മോഹന്‍ലാല്‍ പ്രസ്താവന തിരുത്തണമെന്നും ബോര്‍ഡ് ആവശ്യപ്പെട്ടിട്ടുണ്ട്. മമ്മൂട്ടി രോഗബാധിതനായി ആശുപത്രിയിലാണെന്ന വാര്‍ത്തകള്‍ക്കിടെയാണ് മോഹന്‍ലാല്‍ ശബരിമലയില്‍ ദര്‍ശനം നടത്തിയത്. ഇതിനിടെ മുഹമ്മദ് കുട്ടി, വിശാഖം നക്ഷത്രം എന്ന പേരില്‍ വഴിപാടും നടത്തിയിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top