സിനിമയിലും ജീവിതത്തിലും എന്റെ ബിഗ്ബ്രദർ, സിദ്ദിഖിൻ്റെ വിയോഗം വിശ്വസിക്കാനാകുന്നില്ല: മോഹൻലാൽ

അന്തരിച്ച സംവിധായകൻ സിദ്ദിഖിനെ അനുസ്മരിച്ച് നടൻ മോഹൻലാൽ. സിനിമയിലും ജീവിതത്തിലും സിദ്ദിഖ് തനിക്കൊരു ബിഗ്ബ്രദർ ആയിരുന്നുവെന്ന് മോഹൻലാൽ പറഞ്ഞു. ആരോടും ശത്രുത കാണിക്കാതെ, ആഡംബരങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറി ഒരു സാധാരണ മനുഷ്യനായി സിദ്ദിഖ് ജീവിച്ചുവെന്ന് നടൻ സോഷ്യൽ മീഡിയയിൽ കുറിച്ചു. സിദ്ദിഖിൻ്റെ വിയോഗം വിശ്വസിക്കാൻ കഴിയുന്നില്ലെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു.

‘എൻ്റെ പ്രിയപ്പെട്ട സിദ്ദിഖിൻ്റെ വിയോഗം വിശ്വസിക്കാൻ കഴിയുന്നില്ല. കഥകളെ സ്വാഭാവിക നർമ്മത്തിലൂടെയും സാധാരണക്കാരൻ്റെ ജീവിത സമസ്യകളിലൂടെയും ആവിഷ്കരിച്ച്, ലോകമെമ്പാടുമുള്ള മലയാളികൾക്ക് പ്രിയപ്പെട്ടവനായി തീർന്ന സിദ്ദിഖ്, അകാലത്തിൽ നമ്മെ വിട്ടുപിരിഞ്ഞതിലുള്ള വിഷമം പറഞ്ഞറിയിക്കാൻ വയ്യ. വിഷയങ്ങളിലെ വൈവിദ്ധ്യവും സംവിധാനത്തിലെ ആകർഷണീയതയും കാരണം സിദ്ദിഖിൻ്റെ ഓരോ സിനിമയ്ക്കും വേണ്ടി പ്രേക്ഷകലക്ഷങ്ങൾ കാത്തിരുന്നു.

സിദ്ദിഖ് നമ്മളെ ഒരുപാട് ചിരിപ്പിച്ചു, കണ്ണ് നനയിപ്പിച്ചു, പ്രതീക്ഷകൾ നഷ്ടപ്പെടുത്തരുതെന്ന് ഓർമ്മിപ്പിച്ചു, ഉയരങ്ങളിൽ എത്തിപ്പെടാൻ സ്വന്തം ജീവിതത്തിലൂടെ മാതൃക കാണിച്ചു. വാക്കുകളിലും പെരുമാറ്റത്തിലും സൗമ്യത പുലർത്തി, ആരോടും ശത്രുത കാണിക്കാതെ, ആഡംബരങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറി ഒരു സാധാരണ മനുഷ്യനായി സിദ്ദിഖ് ജീവിച്ചു. അദ്ദേഹം അസിസ്റ്റൻ്റ് ഡയറക്ടറായി പ്രവർത്തിച്ച ആദ്യചിത്രം നോക്കെത്താ ദൂരത്ത് കണ്ണുംനട്ട് മുതൽ അവസാനചിത്രമായ ബിഗ്ബ്രദറിൽ വരെ അഭിനയിക്കാൻ എനിക്ക് ഭാഗ്യം ലഭിച്ചു. സിനിമയിലും ജീവിതത്തിലും അക്ഷരാർഥത്തിൽ എനിക്ക് ഒരു ബിഗ്ബ്രദർ തന്നെയായിരുന്നു സിദ്ദിഖ്. വേദനയോടെ ആദരാഞ്ജലികൾ’, മോഹൻലാൽ ഫെയ്സ്ബുക്കിൽ കുറിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top