മാറ്റിപ്പിടിക്കാന്‍ മോഹന്‍ലാല്‍; അടുത്ത ചിത്രം തരുണ്‍ മൂര്‍ത്തിക്കൊപ്പം; എൽ360യുടെ വിശേഷങ്ങൾ പങ്കുവച്ച് സൂപ്പര്‍ സ്റ്റാര്‍

സിനിമാ ജീവിതത്തിലെ തന്റെ 360ാമത് ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവച്ച് സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാല്‍. എല്‍360 എന്നു താത്കാലികമായി വിളിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഓപ്പറേഷന്‍ ജാവ, സൗദി വെള്ളക്ക എന്നീ ചിത്രങ്ങളുടെ സംവിധായകനായ തരുണ്‍ മൂര്‍ത്തിയാണ്. കെ.ആര്‍ സുനില്‍ തിരക്കഥയൊരുക്കുന്ന ചിത്രം നിര്‍മിക്കുന്നത് എം. രഞ്ജിത്തും. നാലുപേരും ഒന്നിച്ചുള്ള ചിത്രമാണ് മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്.

രജപുത്ര വിഷ്വല്‍ മീഡിയയുടെ ബാനറില്‍ ഒരുങ്ങുന്ന സിനിമയുടെ ചിത്രീകരണം ഏപ്രിലില്‍ ആരംഭിക്കും. മലയാളത്തില്‍ പുതിയ ട്രെന്‍ഡ് സെറ്റര്‍ സിനിമകളുടെ ഭാഗമായ സംവിധായകനാണ് തരുണ്‍ മൂര്‍ത്തി. ഓപ്പറേഷന്‍ ജാവയും സൗദി വെള്ളക്കയും ഒരുപോലെ പ്രേക്ഷക-നിരൂപക പ്രശംസ പിടിച്ചു പറ്റിയ ചിത്രങ്ങളാണ്. തരുണ്‍ മൂര്‍ത്തിക്കൊപ്പം മോഹന്‍ലാല്‍ എത്തുന്ന ചിത്രം ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകരും കാത്തിരിക്കുന്നത്.

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത മലൈക്കോട്ടൈ വാലിബന്‍ ആണ് മോഹന്‍ലാലിന്റെതായി ഏറ്റവും ഒടുവില്‍ തിയറ്ററില്‍ എത്തിയ ചിത്രം. ബോക്‌സ് ഓഫീസില്‍ വലിയ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ വാലിബന് സാധിച്ചില്ലെങ്കിലും മോഹന്‍ലാലിന്റെ പ്രകടനം കയ്യടി നേടിയിരുന്നു. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാന്‍, ജോഷിയുമൊത്തുള്ള റമ്പാന്‍ എന്നിവയാണ് മോഹന്‍ലാലിന്റെതായി അണിയറയില്‍ ഒരുങ്ങുന്ന മറ്റു ചിത്രങ്ങള്‍. അതേസമയം അദ്ദേഹം തന്നെ സംവിധാനം ചെയ്യുന്ന ബറോസ് മെയ് മാസത്തില്‍ തിയറ്ററുകളില്‍ എത്തും എന്നാണ് റിപ്പോര്‍ട്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top