മോഹന്‍ലാല്‍-ബ്ലെസി കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു; മറ്റൊരു മാജിക് കാത്ത് പ്രേക്ഷകര്‍
ബ്ലെസിയും മോഹന്‍ലാലും ഒന്നിച്ചപ്പോഴെല്ലാം മലയാളത്തിന് ലഭിച്ചത് ഒരുപിടി നല്ല ചിത്രങ്ങളായിരുന്നു. ‘തന്മാത്ര’, ‘ഭ്രമരം’, ‘പ്രണയം’ എന്നീ സിനിമകള്‍ക്ക് ശേഷം ഇരുവരും വീണ്ടും കൈകോര്‍ക്കുന്നു എന്നതാണ് പുതിയ വാര്‍ത്ത. ‘പ്രണയം’ എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവ് സജീവ് നായരാണ് ഒരു അഭിമുഖത്തില്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. ബ്ലെസിയുടെ സ്വപ്‌ന ചിത്രമായ ‘ആടുജീവിതം’ തിയറ്ററുകളില്‍ എത്തിയ ശേഷമേ മോഹന്‍ലാല്‍ സിനിമയെക്കുറിച്ചുള്ള മറ്റുവിവരങ്ങള്‍ പുറത്തുവിടൂ.
2011ലാണ് ‘പ്രണയം’ തിയറ്ററുകളില്‍ എത്തിയത്. മാത്യൂ എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിച്ചത്. അനുപം ഖേറും ജയപ്രദയുമാണ് ചിത്രത്തിലെ മറ്റു വേഷങ്ങളില്‍ എത്തിയത്. 2009ല്‍ ആയിരുന്നു മോഹന്‍ലാല്‍, ഭൂമിക എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ബ്ലെസി ഒരുക്കിയ ‘ഭ്രമരം’ പ്രേക്ഷകരിലേക്കെത്തിയത്. 2005ല്‍ പുറത്തിറങ്ങിയ ‘തന്മാത്ര’ മോഹന്‍ലാലിന്റെ അഭിനയ ജീവിതത്തിലെ തന്നെ ഏറ്റവും മികച്ച കഥാപാത്രങ്ങളില്‍ ഒന്നാണ്. രമേശന്‍ നായര്‍ എന്ന അല്‍ഷിമേഴ്‌സ് രോഗിയായി മോഹന്‍ലാല്‍ പ്രേക്ഷകരെ വിസ്മയിപ്പിച്ചു. ‘തന്മാത്ര’ ദേശീയ പുരസ്‌കാരവും അഞ്ച് സംസ്ഥാന പുരസ്‌കാരങ്ങളും നേടി.
ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ‘മലൈക്കോട്ടൈ വാലിബന്‍’ ആണ് ഇനി മോഹന്‍ലാലിന്റേതായി പുറത്തിറങ്ങാനിരിക്കുന്ന ഏറ്റവും വലിയ ചിത്രം. വാലിബന്‍ ഈ മാസം തിയറ്ററുകളില്‍ എത്തും. പൃഥ്വിരാജിനെ നായകനാക്കി ബ്ലെസി സംവിധാനം ‘ആടുജീവിതം’ ഏപ്രില്‍ മാസത്തിലാണ് റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here