മോഹന്‍ലാല്‍-ശ്രീകുമാര്‍ കോംബോ വീണ്ടും; സിനിമയെ വെല്ലുന്ന പരസ്യം റിലീസ് ഉടൻ
കൊച്ചി: ‘ഒടിയന്‍’ സിനിമക്ക് ശേഷം മോഹന്‍ലാലും-വി.എ.ശ്രീകുമാറും ഒന്നിക്കുന്നു എന്ന വാർത്ത സോഷ്യൽ മീഡിയയിൽ ചർച്ചയായിക്കഴിഞ്ഞതാണ്. എന്നാൽ ഇത്തവണ സിനിമയല്ല, പരസ്യചിത്രത്തിന് വേണ്ടിയാണ് ഈ കൂട്ടുകെട്ട് കൈകോർക്കുന്നത് എന്ന കാര്യം ശ്രീകുമാറിൻ്റെ പേജുകളിലൂടെയാണ് പുറത്തുവന്നത്. കഴിഞ്ഞദിവസം പരസ്യത്തിന്റെ ടീസറും പുറത്തുവിട്ടിരുന്നു. രണ്ടുദിവസം കൊണ്ട് ഇന്‍സ്റ്റഗ്രാമിലും ഫെയ്‌സ്ബുക്കിലുമായി രണ്ടു മില്യണ്‍ ആളുകളാണ് ടീസർ കണ്ടത്. ലോകപ്രശസ്തമായ ‘നാര്‍ക്കോസ്’ സീരിസിലേതിനു തുല്യമായ ഭാവ, വേഷപ്പകര്‍ച്ചയിലാണ് മോഹന്‍ലാല്‍ പരസ്യത്തിൽ പ്രത്യക്ഷപ്പെടുന്നത്. ഏതു ബ്രാന്‍ഡിനു വേണ്ടിയുള്ള പരസ്യചിത്രമാണെന്ന് വെളിപ്പെടുത്തിയിട്ടില്ല.
മോഹന്‍ലാലിനൊപ്പം നിരവധി പരസ്യചിത്രങ്ങള്‍ മുന്‍പും വി.എ.ശ്രീകുമാര്‍ ഒരുക്കിയിട്ടുണ്ട്. മണപ്പുറം ഗോള്‍ഡ് ലോണിനു വേണ്ടി മോഹന്‍ലാല്‍ ഇരട്ട വേഷത്തില്‍ അഭിനയിച്ച ”വീട്ടില്‍ സ്വര്‍ണ്ണം വെച്ചിട്ടെന്തിന് നാട്ടില്‍ തേടി നടപ്പൂ” വി.എ ശ്രീകുമാര്‍- മോഹന്‍ലാല്‍ കൂട്ടുകെട്ടിലെ സൂപ്പര്‍ഹിറ്റ് പരസ്യമായിരുന്നു. ഇരുവരും ഒന്നിച്ച പരസ്യ ചിത്രങ്ങള്‍ മോഹന്‍ലാല്‍ സിനിമകള്‍ പോലെ തന്നെ ആരാധകര്‍ക്ക് ഏറ്റെടുത്തതാണ്. മോഹന്‍ലാലിന്റെ അഭിനയ ജീവിതത്തിന്റെ ഇരുപത്തിഅഞ്ചാം വാര്‍ഷികം ആഘോഷിച്ച, ”നിങ്ങളില്ലാതെ എനിക്കെന്ത് ആഘോഷം” എന്ന പരസ്യവാചകവും ആഘോഷവും വി.എ ശ്രീകുമാറിന്റെ സൃഷ്ടിയായിരുന്നു.
മൈജിയെ പ്രശസ്തിയിലേക്ക് ഉയര്‍ത്തിയ ക്യാംപയിനുകള്‍ക്കായി ഇരുവരും ഒന്നിച്ചതും, പുതിയ ഗെറ്റപ്പില്‍ മോഹന്‍ലാല്‍ മൈജി ഉദ്ഘാടനത്തില്‍ ആദ്യമായി പ്രത്യക്ഷപ്പെട്ടതും ആരാധകര്‍ ആഘോഷമാക്കിയ മറ്റൊരു സംഭവമായിരുന്നു. കൊച്ചി മാരത്തണില്‍ ആദ്യവര്‍ഷം മില്‍ഖാ സിങ്ങും രണ്ടാം വര്‍ഷം ഹര്‍ഭജന്‍ സിങ്ങുമൊത്ത് മോഹന്‍ലാല്‍ പങ്കെടുത്ത പ്രചാരണങ്ങളും ഏറെ ശ്രദ്ധേയമായിരുന്നു. ‘മോഹന്‍ലാല്‍സ് ടേസ്റ്റ് ബഡ്‌സി’നു വേണ്ടിയുള്ള പരസ്യങ്ങളും ശ്രീകുമാറിന്റെ സംവിധാനത്തില്‍ അദ്ദേഹത്തിന്റെ പുഷ് 360 പരസ്യ ഏജന്‍സിയാണ് പുറത്തിറക്കിയത്. മുപ്പത് വര്‍ഷം നീളുന്ന പുഷിന്റെയും ശ്രീകുമാറിന്റെയും യാത്രയില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച പരസ്യചിത്രങ്ങള്‍ നാഴികക്കല്ലുകളാണ്.
മോഹന്‍ലാല്‍ ചിത്രമായ മലൈക്കോട്ടൈ വാലിബന് ഛായാഗ്രഹണം നിർവഹിച്ച മധു നീലകണ്ഠനാണ് പുതിയ പരസ്യത്തിന് വേണ്ടിയും ക്യാമറ ചെയ്തത്. മോഹന്‍ലാല്‍ സംവിധാനം ചെയ്യുന്ന ബറോസിന്റെ ആര്‍ട്ട് ഡയറക്ടര്‍ സന്തോഷ് രാമനാണ് ഈ പരസ്യചിത്രത്തിന്റെയും ആര്‍ട്ട് വിഭാഗം കൈകാര്യം ചെയ്തത് എന്നതാണ് മറ്റൊരു പ്രത്യേകത. ജനുവരി 20ന് ശനിയാഴ്ച മോഹന്‍ലാല്‍ നേരിട്ട് പരസ്യചിത്രം റിലീസ് ചെയ്തേക്കും. ചിത്രീകരിച്ച രണ്ടു പരസ്യ ചിത്രങ്ങളില്‍ ആദ്യത്തേതാണ് ഇപ്പോള്‍ റിലീസ് ചെയ്യുന്നത്. രണ്ടാമത്തേത് പിന്നാലെ പുറത്തുവിടും. ഒരു ബിസ്‌ക്കറ്റ് ബ്രാന്‍ഡിനു വേണ്ടിയുള്ള പരസ്യങ്ങളാണ് ഇവയെന്നാണ് സൂചനകൾ.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here