സൈന്യത്തിനൊപ്പം മോഹൻലാൽ മുണ്ടക്കൈയിൽ; സൈനിക യൂണിഫോമില്‍ ദുരന്തഭൂമി സന്ദർശിക്കുന്നു

ഉരുൾപൊട്ടൽ നാശം വിതച്ച വയനാട് മുണ്ടക്കൈയിൽ എത്തി നടൻ മോഹൻലാൽ. ടെറിറ്റോറിയൽ ആർമിയിലെ ലെഫ്റ്റനന്‍റ് കേണൽ കൂടിയായ മോഹൻലാൽ സൈനിക യൂണിഫോമിലാണ് സ്ഥലം സന്ദർശിക്കുന്നത്. സൈന്യത്തിനൊപ്പം ദുരന്തബാധിതരെ സന്ദർശിച്ച അദ്ദേഹം ദുരന്തഭൂമിയായ മുണ്ടക്കൈയിലേക്ക് തിരിച്ചു.
പ്രദേശങ്ങൾ സന്ദർശിച്ച ശേഷം മോഹൻലാൽ മാധ്യമങ്ങളെ കാണും. മേപ്പാടിയിലെ ആര്‍മി ബേസ് ക്യാമ്പിലെത്തിയ ശേഷമായിരുന്നു താരം ദുരന്തബാധിതരെ കണ്ടത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മോഹൻലാല്‍ 25 ലക്ഷം രൂപ സംഭാവന നൽകിയിരുന്നു. ദുരന്തത്തിന് ശേഷം ഓഗസ്റ്റ് ഒന്നിന് വൈകാരികമായ കുറിപ്പും അദ്ദേഹം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു.

“വയനാട് ദുരന്തബാധിതർക്ക് ആശ്വാസം പകരാൻ നിസ്വാർത്ഥരായ സന്നദ്ധപ്രവർത്തകർ, പോലീസുകാർ, ഫയർ ആൻഡ് റെസ്ക്യൂ, എൻഡിആർഎഫ്, സൈനികർ, സർക്കാർ ഉദ്യോഗസ്ഥർ തുടങ്ങി അക്ഷീണം പ്രയത്നിക്കുന്ന ഓരോ വ്യക്തിയുടെയും ധൈര്യത്തെ ഞാൻ സല്യൂട്ട് ചെയ്യുന്നു.
ദുരിതാശ്വാസ ദൗത്യത്തിൽ മുൻനിരയിൽ നിന്ന എന്റെ 122 ഇൻഫൻട്രി ബറ്റാലിയൻ ടിഎ മദ്രാസിന്റെ പ്രയത്നങ്ങൾക്ക് ഞാൻ നന്ദിയറിയിക്കുന്നു.
നമ്മൾ മുമ്പും വെല്ലുവിളികളെ അഭിമുഖീകരിക്കുകയും കൂടുതൽ ശക്തരാകുകയും ചെയ്തിട്ടുണ്ട്. ഈ ദുഷ്കരമായ സമയത്ത് ഒറ്റക്കെട്ടായി നിൽക്കാനും നമ്മുടെ ഒരുമയുടെ കരുത്ത് കാട്ടാനും ഞാൻ അഭ്യർത്ഥിക്കുന്നു. ജയ്ഹിന്ദ്” – എന്നായിരുന്നു മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here