‘വാലിബന്‍’ വാഴുമോ വീഴുമോ? ആദ്യദിനം പ്രേക്ഷക പ്രതികരണം ഇങ്ങനെ

പ്രഖ്യാപന സമയം മുതല്‍ സിനിമാപ്രേമികള്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമാണ് മോഹന്‍ലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കിയ ‘മലൈക്കോട്ടൈ വാലിബന്‍’. കാത്തിരുപ്പുകള്‍ക്ക് വിരാമം കുറിച്ച് വാലിബന്‍ ഇന്ന് അവതരിച്ചു. എന്നാല്‍ പുലര്‍ച്ചെയുള്ള ഫാന്‍സ് ഷോകള്‍ കഴിഞ്ഞപ്പോള്‍ മുതല്‍ ചിത്രത്തെക്കുറിച്ച് സമ്മിശ്രപ്രതികരണമാണ് പുറത്തുവരുന്നത്.

ലിജോ ജോസ്-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങിയ ‘മലൈക്കോട്ടൈ വാലിബന്‍’ ഒരു വിഷ്വല്‍ ട്രീറ്റ് ആണെന്ന കാര്യത്തില്‍ ആര്‍ക്കും എതിരഭിപ്രായമില്ല. മധു നീലകണ്ഠന്റെ ഫ്രെയിമുകളുടെ മാജിക് അനുഭവിച്ചറിയാന്‍ തിയറ്ററില്‍ തന്നെ ചിത്രം കാണണം എന്നാണ് കണ്ടിറങ്ങിയവര്‍ പറയുന്നത്. മോഹന്‍ലാലിന്റെ പ്രകടനമാണ് മറ്റൊരു പ്ലസ് ഫാക്ടറായി ചൂണ്ടിക്കാട്ടുന്നത്. പ്രശാന്ത് പിള്ളയുടെ സംഗീതവും പ്രേക്ഷകരെ തൃപ്തിപ്പെടുത്തി എന്നാണ് റിപ്പോര്‍ട്ട്.

അതേസമയം ചിത്രത്തിന്റെ ലാഗ് ആണ് പൊതുവില്‍ ഉയരുന്ന വിമര്‍ശനം. ഇതിനിടെ ലിജോ ജോസ് പെല്ലിശ്ശേരിയുടെ പഴയ ഫെയ്‌സ്ബുക്ക് പോസ്റ്റും ആളുകള്‍ കുത്തിപ്പൊക്കുന്നുണ്ട്. ‘സോറി ഗയ്‌സ്, നോ പ്ലാന്‍സ് ടു ചേഞ്ച്, നോ പ്ലാന്‍സ് ടു ഇംപ്രസ്’ എന്ന 2015ലെ പോസ്റ്റിന്റെ സ്‌ക്രീന്‍ഷോട്ട് പങ്കുവച്ചാണ് പല വിമര്‍ശനങ്ങളും പരിഹാസങ്ങളും ഉയരുന്നത്.

എറണാകുളം കവിത തിയറ്ററില്‍ വാലിബന്റെ ആദ്യ ഷോ കാണാന്‍ പ്രേക്ഷകര്‍ക്കൊപ്പം ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരും ഉണ്ടായിരുന്നു. സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി, നിര്‍മാതാവ് ഷിബു ബേബി ജോണ്‍, തിരക്കഥാകൃത്ത് പി എസ് റഫീഖ്, നടി സുചിത്ര നായര്‍ എന്നിവരാണ് കവിത തിയറ്ററില്‍ എത്തിയത്.

Logo
X
Top