‘കണ്ണൂര്‍ സ്‌ക്വാഡി’നെ തകർത്ത് ‘നേര്’ കുതിക്കുന്നു; അടുത്തലക്ഷ്യം ‘ഭീഷ്മപർവം’ കളക്ഷന്‍ റെക്കോർഡ്

മമ്മൂട്ടി ചിത്രം ‘കണ്ണൂര്‍ സ്‌ക്വാഡി’ന്റെ ബോക്‌സ് ഓഫീസ് കളക്ഷൻ റെക്കോർഡ് തകര്‍ത്ത് മോഹന്‍ലാല്‍ ചിത്രം ‘നേര്’. മലയാളത്തിൽ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ആദ്യ 10 സിനിമകളുടെ പട്ടികയില്‍ ‘നേര്’ ഇടംപിടിച്ചു. മോഹന്‍ലാലിന്റെ തന്നെ ‘പുലിമുരുകന്‍’, ‘ലൂസിഫര്‍’ എന്നിവയാണ് ഇതിനു മുന്‍പ് ഏറ്റവും പണം വാരിയ ചിത്രങ്ങള്‍.
തിയറ്ററുകളില്‍ ‘നേര്’ നാലാം വാരത്തിലേക്ക് കടക്കുമ്പോള്‍ 38 കോടിയിലധികം രൂപയാണ് ബോക്‌സ് ഓഫീസീല്‍ നിന്നും വാരിയത്. ഡിസംബര്‍ 21ന് പ്രദര്‍ശനത്തിനെത്തിയ ‘നേര്’ ഒരാഴ്ചകൊണ്ടു തന്നെ 22.37 കോടി രൂപ കേരളത്തില്‍ നിന്നു മാത്രം നേടിയിരുന്നു. ഒരാഴ്ച കാലയളവിൽ ‘കണ്ണൂര്‍ സ്‌ക്വാഡി’ന് നേടാനായത് 21.9 കോടിയായിരുന്നു. അതേസമയം റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്ത ‘കണ്ണൂര്‍ സ്‌ക്വാഡ്’ ആഗോളതലത്തില്‍ 100 കോടി കളക്ഷന്‍ നേടി എന്നാണ് റിപ്പോര്‍ട്ട്.
ജീത്തു ജോസഫ് സംവിധാനം ചെയ്ത കോര്‍ട്ട്‌റൂം ഡ്രാമയായ ‘നേരി’ന്റെ ആദ്യദിന കളക്ഷന്‍ മൂന്നുകോടി രൂപയാണ്. പ്രഭാസിന്റെ ‘സലാര്‍’, ഷാരൂഖ് ഖാന്‍ നായകനായ ‘ഡങ്കി’ എന്നീ ചിത്രങ്ങളും ഇതോടൊപ്പം പ്രദര്‍ശനത്തിന് എത്തിയിരുന്നു.
ഒരു ഇടവേളയ്ക്ക് ശേഷം തന്റെ കരിയര്‍ പുനരാരംഭിക്കുന്ന മുതിര്‍ന്ന അഭിഭാഷകനായ അഡ്വ വിജയമോഹനന്‍ എന്ന കഥാപാത്രമായി മികച്ച പ്രകടനമാണ് മോഹന്‍ലാല്‍ കാഴ്ചവച്ചത്. എന്നാല്‍ ചിത്രത്തിലെ അന്ധയായ സാറ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച അനശ്വര രാജനാണ് പ്രകടനത്തിലൂടെ പ്രേക്ഷകരെ അമ്പരപ്പിച്ചത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here