മൊകേരി ശ്രീധരൻ വധക്കേസില്‍ മുഴുവൻ പ്രതികളെയും വെറുതെ വിട്ടു

കോഴിക്കോട്: മൊകേരി ശ്രീധരൻ വധക്കേസില്‍ മുഴുവൻ പ്രതികളെയും കോഴിക്കോട് മാറാട് അഡിഷണൽ സെഷൻസ് കോടതി ജഡ്ജ് എസ്. ആർ. ശ്യാം ലാൽ വെറുതെ വിട്ടു. ശ്രീധരന്റെ വീട്ടിലെ ജോലിക്കാരൻ ആയിരുന്ന പശ്ചിമ ബംഗാൾ സ്വദേശി പരിമൾ ഹൽദാർ (52 ), ശ്രീധരന്റെ ഭാര്യ മൊകേരി വട്ടക്കണ്ടി മീത്തൽ ഗിരിജ (43), ഭാര്യ മാതാവ് കുണ്ടുത്തോട് വലിയ പറമ്പത്ത് ദേവി (67) എന്നിവരെയാണ് കോടതി കുറ്റകാരല്ലെന്ന് കണ്ട് വെറുതെ വിട്ടത്.

ഒന്നാം പ്രതിക്ക് വേണ്ടി അഡ്വക്കേറ്റ് എം. മുഹമ്മദ്‌ ഫിർദൗസും രണ്ടും മൂന്നും പ്രതികൾക്ക് വേണ്ടി അഡ്വക്കേറ്റ് എം. കെ. കൃഷ്ണമോഹനനും ഹാജരായി. 2017 ജൂലൈ 8നാണ് ശ്രീധരൻ മരണപ്പെടുന്നത്. ഹൃദയാഘാതം എന്ന മട്ടിൽ കണ്ട് ബന്ധുക്കൾ മറവ് ചെയ്തിരുന്നു. മരണത്തിൽ ദുരൂഹത ആരോപിച്ച് നാട്ടുകാർ പ്രക്ഷോഭ രംഗത്തേക്ക് ഇറങ്ങിയതോടുകൂടിയാണ് കുറ്റ്യാടി പോലീസ് കേസ് രജിസ്റ്റർ ചെയ്യുന്നതും മറവ് ചെയ്ത ജഡം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം ചെയ്യുന്നതും. റിപ്പോർട്ടിൽ ശ്രീധരനെ വിഷം നൽകി കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് വ്യക്തമായതോടെ 2017 ഓഗസ്റ്റ് മൂന്നിന് മൂന്നു പ്രതികളെയും പോലീസ് അറസ്റ്റ് ചെയ്തു.

കേസിൽ പ്രോസിക്യൂഷൻ ഭാഗം തെളിവിലേക്ക് 38 സാക്ഷികളെ കോടതി വിസ്തരിച്ചു. വധശിക്ഷയോ ജീവപര്യന്തം തടവോ ലഭിക്കാവുന്ന ഐപിസി 302 പ്രകാരമുള്ള കുറ്റമാണ് പ്രതികൾക്ക് എതിരെ പ്രോസിക്യൂഷൻ ആരോപിച്ചിരുന്നത്. മൂന്നു പ്രതികളുടെയും കുറ്റസമ്മത മൊഴി പോലീസ് കോടതിയിൽ ഹാജരാക്കിയിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top