വ്യാജപീഡനം ആരോപിച്ച് അപമാനിച്ചു, ചെരുപ്പുമാല അണിയിച്ചു; 9 വർഷത്തിനു ശേഷം പ്രതികാരം, ഞെട്ടിച്ച് കൊലക്കേസ് പ്രതിയുടെ കുറ്റസമ്മതം
ചെരുപ്പുമാല അണിയിച്ച് അപമാനിച്ചയാളെ 9 വർഷത്തിനുശേഷം കൊലപ്പെടുത്തി യുവാവിന്റെ പ്രതികാരം. ഉത്തർപ്രദേശിലെ മൊറാദാബാദിലാണ് സംഭവം. ഘൻശ്യാം സൈനി എന്നയാളാണ് കൊല്ലപ്പെട്ടത്. തന്റെ അനന്തരവളെ പീഡിപ്പിച്ചെന്ന് ആരോപിച്ചാണ് ചെരുപ്പുമാല അണിയിച്ചതെന്ന് പ്രതി മൻവീർ പോലീസിനോട് പറഞ്ഞു.
ഘൻശ്യാമിന്റെ വീട്ടിൽ സമുദായ അംഗങ്ങളെ വിളിച്ചുവരുത്തുകയും അവർക്ക് മുന്നിൽവച്ച് തന്നെ അപമാനിച്ചതായും മൻവീർ ചോദ്യം ചെയ്യലിൽ പറഞ്ഞു. ”ചെരുപ്പ് കൊണ്ട് അടിച്ചശേഷം അസഭ്യം പറഞ്ഞു. ചെരുപ്പ് മാല അണിയിച്ചു. ആ സംഭവത്തിനുശേഷം എനിക്ക് വീടിനു പുറത്തേക്ക് പോകാൻ കഴിയുമായിരുന്നില്ല. എല്ലാവരും എന്നെ കളിയാക്കാൻ തുടങ്ങി. ഒടുവിൽ തന്റെ ഗ്രാമം വിട്ട് രാജസ്ഥാനിലേക്ക് പോയി. അവിടെ ട്രക്ക് ഡ്രൈവറായി ജോലി ചെയ്തു. പക്ഷേ, വീട്ടിൽ വരുമ്പോഴെല്ലാം ഗ്രാമവാസികൾ എന്നെ കളിയാക്കുമായിരുന്നു. എന്റെ ബന്ധുക്കൾ വരുമ്പോഴെല്ലാം ഘൻശ്യാം സൈനിയും നാട്ടുകാരും എന്നെ അപമാനിച്ച വിവരം പറയുമായിരുന്നു. അതുകാരണം വിവാഹം പോലും നടക്കാതെയായി,” മൻവീർ പോലീസിനോട് പറഞ്ഞു.
ഘൻശ്യാമിനോട് പകരം ചോദിക്കണമെന്ന് തീരുമാനിച്ചു. ഒരു ദിവസം വയലിന് സമീപം ഘൻശ്യാമിനെ തനിച്ച് കണ്ടതും കത്തി കൊണ്ട് ആക്രമിച്ചു. ആദ്യം ഘൻശ്യാമിന്റെ കഴുത്ത് മുറിച്ചു. അതിനുശേഷം മരിക്കുന്നതുവരെ പലതവണ കുത്തി. നിലവിളിക്കാനുള്ള ചെറിയൊരു അവസരം പോലും കൊടുത്തില്ലെന്നും മൻവീർ പറഞ്ഞു.
കൊലപാതകത്തിനുശേഷം ഗ്രാമം വിട്ടുപോയില്ല. 9 വർഷങ്ങൾക്കു മുൻപ് നടന്ന സംഭവത്തിന് ഇപ്പോൾ താൻ പ്രതികാരം വീട്ടുമെന്ന് ആരും കരുതില്ലെന്നും തന്നെ ആരും സംശയിക്കില്ലെന്നും ഉറപ്പിച്ചു. അതിനാൽതന്നെ സമീപ പ്രദേശത്ത് താമസിക്കുന്ന സുഹൃത്തിന്റെ വീട്ടിൽ താമസിച്ചു. എന്നാൽ, പോലീസ് തന്നെ തിരയുകയാണെന്ന് അറിഞ്ഞതോടെയാണ് രാജസ്ഥാനിലേക്ക് രക്ഷപ്പെടാൻ ശ്രമിച്ചതെന്നും പോലീസ് പിടികൂടിയതെന്നും മൻവീർ പറഞ്ഞു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here