ബംഗാള്‍ ഗവര്‍ണര്‍ക്കെതിരെ ലൈംഗിക ആരോപണം; ആനന്ദബോസിനെതിരെ പരാതി നല്‍കിയത് ജീവനക്കാരി; രാഷ്ട്രീയ നീക്കമാണെന്ന് രാജ്ഭവന്‍

കൊൽക്കത്ത: ബംഗാൾ ഗവർണറും മലയാളിയുമായ സി.വി.ആനന്ദ ബോസിനെതിരെ ലൈംഗിക ആരോപണം. കൊൽക്കൊത്ത രാജ്ഭവനിലെ താൽക്കാലിക ജീവനക്കാരിൽ ഒരാളാണ് പരാതി ഉന്നയിച്ചത്. ഹേർ സ്ട്രീറ്റ് പോലീസ് സ്റ്റേഷനിൽ ഇവർ പരാതി നൽകുകയും ചെയ്തതോടെ വിഷയം സങ്കീർണമാകുകയാണ്.

ജീവനക്കാരിയുടെ പരാതി സെൻട്രൽ ഡിവിഷൻ ഡെപ്യൂട്ടി കമ്മീഷണർ ഇന്ദിര മുഖർജി സ്ഥിരീകരിച്ചിട്ടുണ്ട്. ഗവര്‍ണര്‍ക്ക്‌ എതിരെയാണ് പരാതി. നിയമോപദേശം തേടുകയാണ് എന്നാണ് പോലീസിന്റെ പ്രതികരണം. ആർട്ടിക്കിൾ 361 പ്രകാരം ഗവർണർക്ക് ഭരണഘടനാപരമായ സംരക്ഷണമുണ്ട്. രാഷ്ട്രപതിക്കോ ഗവർണർക്കോ എതിരെ കേസ് എടുക്കാനോ കോടതികളില്‍ ക്രിമിനല്‍ നടപടികള്‍ ആരംഭിക്കാനോ കഴിയില്ല. ഇതാണ് പോലീസിനെ കുഴയ്ക്കുന്നത്.

തൃണമൂൽ കോൺഗ്രസ് എംപിമാരുടെയൂം മറ്റു ചിലരുടെയും സോഷ്യൽ മീഡിയ പോസ്റ്റുകളിലൂടെ ആണ് വിഷയം പുറത്ത് അറിഞ്ഞത്. രാജ്ഭവനിൽ ഗവർണറെ കാണാനെത്തിയ ജീവനക്കാരിയോട് അവിടെ വച്ച് ഗവർണർ അപമര്യാദയായി എന്നാണ് ആരോപണം. പരാതി കിട്ടിയിട്ടും പോലീസ് കേസെടുക്കുന്നില്ല എന്നും ആരോപണം ഉണ്ട്.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ ബംഗാളില്‍ എത്തുന്ന സമയത്ത് തന്നെയാണ് ആരോപണം ഉയര്‍ന്നത്. അദ്ദേഹം തങ്ങുന്നതും രാജ്ഭവനിലാണ്.

തൃണമൂൽ എംപി സാകേത് ഗോഖലെ, എംപിയും മാധ്യമ പ്രവർത്തകയുമായ സാഗരിക ഘോഷ് തുടങ്ങിയവരാണ് എക്സ് പ്ലാറ്റ്ഫോമിൽ വിഷയം ചൂണ്ടിക്കാണിച്ച് പോസ്റ്റ് ഇട്ടത്.

അതേസമയം ആരോപണം നിഷേധിച്ചും, നടക്കുന്നത് രാഷ്ട്രീയ നീക്കമാണെന്ന് വിശദീകരിച്ചും ബംഗാൾ രാജ്ഭവൻ വൈകിട്ടോടെ വാർത്താക്കുറിപ്പ് ഇറക്കി. സത്യം ജയിക്കട്ടെ എന്നാണ് ഇതിൽ ഗവർണർ പറഞ്ഞിരിക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top