പത്തനംതിട്ടയിൽ കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ച ബിജുവിന്റെ കുടുംബത്തിന് ധനസഹായത്തിന്റെ രണ്ടാം ഗഡു കൈമാറി; സംസ്കാരം ഇന്ന് ഉച്ചക്ക്

പത്തനംതിട്ട: കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ച തുലാപ്പള്ളിയിൽ ബിജുവിന്റെ കുടുംബത്തിന് സര്‍ക്കാര്‍ പ്രഖ്യാപിച്ച അടിയന്തര ധനസഹായത്തിന്റെ രണ്ടാം ഗഡു കൈമാറി. ഇന്നലെ രാത്രിയോടെയാണ് അഞ്ച് ലക്ഷം രൂപയുടെ ചെക്ക് റാന്നി തഹസില്‍ദാര്‍ ഇ.എം. റെജി ബിജുവിന്റെ ഭാര്യക്ക് നൽകിയത്. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ബിജുവിന്റെ ഭാര്യ ഡെയ്സിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവിടെയെത്തിയാണ് ധനസഹായം കൈമാറിയത്.

ഇക്കഴിഞ്ഞ തിങ്കളാഴ്ച പുലര്‍ച്ചെയാണ് ബിജു കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. കൃഷി നശിപ്പിക്കുന്ന ശബ്ദം കേട്ട് വീട്ടുമുറ്റത്തേക്ക് ഇറങ്ങിയതായിരുന്നു ബിജു. ഇതിനിടെയാണ് കാട്ടാന ആക്രമണമുണ്ടായത്. ബിജുവിന്റെ മൃതദേഹം വീട്ടില്‍ നിന്നും 50 മീറ്റര്‍ അകലെയാണ് കണ്ടെത്തിയത്. 10 ലക്ഷം രൂപ അടിയന്തര സഹായം നൽകാനാണ് സർക്കാർ നിർദ്ദേശിച്ചത്. ഇതിൽ അഞ്ചു ലക്ഷം തിങ്കളാഴ്ച തന്നെ നൽകിയിരുന്നു. ബിജുവിന്റെ സംസ്കാരം ഇന്ന് ഉച്ചക്ക് തുലാപ്പള്ളി മാര്‍ത്തോമ്മാ പള്ളി സെമിത്തേരിയില്‍ നടക്കും.

ബിജുവിന്റെ മരണത്തെ തുടർന്ന് വൻ പ്രതിഷേധമാണ് പ്രദേശത്ത് നടന്നത്. മുൻപും പലതവണ ഇവിടെ കാട്ടാന ആക്രമണം ഉണ്ടായിരുന്നെന്നും വിവരം അറിയിച്ചിട്ടും വനം വകുപ്പ് യാതൊരു നടപടിയും കൈക്കൊണ്ടില്ലെന്നുമാണ് പ്രതിഷേധക്കാരുടെ ആരോപണം. ബിജുവിന്റെ മകന് താല്‍ക്കാലിക ജോലി വനം വകുപ്പില്‍ നല്‍കും. പിന്നീട് ഒഴിവ് വരുന്ന മുറയ്ക്ക് സ്ഥിര നിയമനത്തിന് പരിഗണിക്കുമെന്നും വനം വകുപ്പ് ഉറപ്പ് നല്‍കിയിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top