സജി മഞ്ഞക്കടമ്പിൽ യുഡിഎഫിനെ വഞ്ചിച്ചു; തിരഞ്ഞെടുപ്പ് സമയത്ത് അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിക്കുന്നു; പരാതിയൊന്നും പാർട്ടിയെ അറിയിച്ചിട്ടില്ല; മോൻസ് ജോസഫ്

കോട്ടയം: സജി മഞ്ഞക്കടമ്പിൽ ഉന്നയിച്ച ആരോപണങ്ങൾ അടിസ്ഥാനരഹിതമെന്ന് മോൻസ് ജോസഫ് എംഎൽഎ. സജി മഞ്ഞക്കടമ്പിലിനെ പൂർണമായും സഹകരിപ്പിച്ചും അംഗീകാരം നൽകികൊണ്ടുമാണ് പാർട്ടിയിൽ എല്ലാ പ്രവർത്തനങ്ങളും നടത്തിയിരുന്നത്. മുന്നണിയും, പാർട്ടിയും വിടാനുള്ള സജിയുടെ തീരുമാനം നിർഭാഗ്യകരമെന്നും മോൻസ് ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു.
യുഡിഎഫ് സ്ഥാനാർത്ഥിക്ക് ദോഷം വരുന്ന തീരുമാനം വഞ്ചനാപരമാണെന്ന് മോൻസ് ജോസഫ് ആരോപിച്ചു. “അദ്ദേഹം ഉന്നയിച്ച പരാതികളൊന്നും മുൻപ് പാർട്ടി ഫോറത്തിൽ പറഞ്ഞിട്ടില്ല. പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അത് പാർട്ടിയുടെയോ, മുന്നണിയുടെയോ ഫോറത്തിലാണ് ആദ്യം പറയേണ്ടത്. സജിയുടെ നീക്കത്തിനു പിന്നിൽ ആരോ ഉണ്ട്”; മോൻസ് ജോസഫ് പറഞ്ഞു.
യുഡിഎഫ് സ്ഥാനാർത്ഥിക്കെതിരായ അപരന്മാരുടെ പത്രിക തള്ളിയതില്‍ പലർക്കും തട്ടുകേടുണ്ടായെന്നും ഇതിനു പിന്നാലെയാണ് സജിയുടെ രാജിയെന്നും മോൻസ് ജോസഫ് ചൂണ്ടിക്കാട്ടി. ഇന്നാണ് കേരള കോണ്‍ഗ്രസ് (ജോസഫ്) ജില്ലാ പ്രസിഡന്റ് സ്ഥാനം സജി മഞ്ഞക്കടമ്പില്‍ രാജിവച്ചത്. ഒപ്പം യുഡിഎഫ് ചെയര്‍മാന്‍ സ്ഥാനവും രാജിവച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ തന്നെ സഹകരിപ്പിക്കുന്നില്ലെന്ന് ആരോപിച്ചായിരുന്നു രാജി.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here