ഒരാഴ്ചക്കിടെ രണ്ട് സ്ഥാനലബ്ധികൾ, ചങ്ങനാശേരി അതിരൂപതക്ക് ഇരട്ടിമധുരം; ചെറുപ്പക്കാരായ കർദിനാൾ കൂവക്കാടും മാർ തറയിലും ദീർഘകാലം സഭയെ നയിക്കും
രാജ്യത്തെ ഏറ്റവും പഴക്കമുള്ള കത്തോലിക്കാ അതിരൂപതകളിൽ ഒന്നാണ് ചങ്ങനാശ്ശേരി. അത്യപൂർവമായ അംഗീകാരത്തിൻ്റെ നിറവിലാണ് രൂപത. മാർപാപ്പ നേരിട്ട് കർദിനാൾ ആയി നിയമിച്ച മോൺസിഞ്ഞോർ ജോർജ് കൂവക്കാടിനെ മെത്രാനായി വാഴിച്ചത് ഇക്കഴിഞ്ഞ വെള്ളിയാഴ്ച ആയിരുന്നു. തൊട്ടടുത്ത വ്യാഴം എത്തിയപ്പോൾ സഹായമെത്രാൻ ആയിരുന്ന മാർ തോമസ് തറയിൽ അതിരൂപതാ അധ്യക്ഷനുമാകുന്നു. രണ്ടുപേരെ സംബന്ധിച്ചുമുള്ള പൊതുഘടകം ഇവരുടെ പ്രായമാണ്. സഭാധ്യക്ഷ പദവികളിലേക്ക് എത്തുന്നവരുടെ ശരാശരി പ്രായവുമായി താരതമ്യം ചെയ്താൽ ഇരുവരും നന്നേ ചെറുപ്പമാണെന്ന് കാണാം.
സമകാലീനരായ രണ്ട് ചെറുപ്പക്കാർ സഭയുടെ നേതൃത്വത്തിലേക്ക് കടന്ന് വരുന്നത് വലിയൊരു മാറ്റത്തിൻ്റെ സൂചനയാണ്. 52കാരനായ മാർ തോമസ് തറയിലും 51 വയസുകാരനായ കർദിനാൾ ജോർജ് കൂവക്കാടും ആയിരിക്കും സഭയുടെ ഭാവിനേതൃത്വം നിയന്ത്രിക്കുന്നത് എന്നതിൽ തർക്കമില്ല.
മാർപാപ്പയുടെ യാത്രകളുടെ മേൽനോട്ടം വഹിക്കുന്ന ചങ്ങനാശ്ശേരിക്കാരനായ മോൺ. ജോർജ് ജേക്കബ് കൂവക്കാടിന്റേത് അസാധാരണമായൊരു ജീവിതയാത്രയാണ്. അദ്ദേഹത്തിൻ്റെ ജീവിതത്തിലെ മിക്ക സ്ഥാന ലബ്ധികളിലും ഇത്തരം അസാധാരണത്വം കാണാൻ കഴിയും. കേരളത്തിലെ കത്തോലിക്ക സഭയിൽ നിന്നാദ്യമായാണ് ഒരു വൈദികൻ കർദ്ദിനാൾ സ്ഥാനത്തേക്ക് ഉയർത്തപ്പെടുന്നത്. 1999ൽ വളരെ യാദൃഛികമായിട്ടാണ് കൂവക്കാടിനെ ആർച്ച് ബിഷപ്പ് മാർ ജോസഫ് പൗവത്തിൽ റോമിലേക്ക് അയക്കുന്നത്.
വത്തിക്കാനിലെ നയതന്ത്രവിഭാഗത്തില്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന മോൺ. ജോർജ് കൂവക്കാട് 2021 മുതല്‍ ഫ്രാന്‍സിസ് മാർപാപ്പയുടെ വിദേശ അപ്പസ്തോലിക യാത്രകളുടെ മുഖ്യസംഘാടകനാണ്. 1973 ഓഗസ്റ്റ് 11ന് ചങ്ങനാശേരി അതിരൂപതയിലെ മാമ്മൂട് ലൂര്‍ദ് മാതാ ഇടവകയിൽ കൂവക്കാട് ജേക്കബ് വര്‍ഗീസ് – ത്രേസ്യാമ്മ ദമ്പതികളുടെ മകനായാണ് ജനനം. നിലവിൽ കേരളത്തിൽ നിന്നുള്ള പ്രായം കുറഞ്ഞ കർദിനാളാണ് 51കാരനായ മോൺ. കൂവക്കാട്.
വത്തിക്കാനിലെ വിദ്യാഭ്യാസം പൂർത്തിയാക്കി മടങ്ങിയെത്തിയ അദ്ദേഹത്തെ 2004 ല്‍ ചങ്ങനാശേരി അതിരൂപത വൈദികനായി നിയമിച്ചു. തുടര്‍ന്ന് ഉന്നത വിദ്യാഭ്യാസത്തിനായി വീണ്ടും വത്തിക്കാനിലെത്തി. പഠനം പൂര്‍ത്തിയാക്കിയ ശേഷം വത്തിക്കാനിൽ നയതന്ത്ര സേവനത്തിനായി തിരഞ്ഞെടുക്കപ്പെട്ടു. തുടര്‍ന്ന് വിവിധ രാജ്യങ്ങളിലെ വത്തിക്കാന്‍ പ്രതിനിധികേന്ദ്രങ്ങളില്‍ പ്രവർത്തിച്ചു.
സാധാരണ ഗതിയിൽ മെത്രാന്മാരെയാണ് കർദിനാളായി വാഴിക്കുന്നത്. എന്നാൽ ഫ്രാൻസിസ് മാർപ്പാപ്പ വൈദികനായ കൂവക്കാടിനെ സഭയുടെ രാജകുമാരൻ എന്ന് വിളിക്കുന്ന കർദ്ദിനാൾ പദവിയിലേക്ക് നേരിട്ട് നിയമിക്കുകയായിരുന്നു. ഇത് അത്യപൂർവമായ നടപടിയാണ്. ഇന്ത്യയിൽ നിന്നാദ്യമായാണ് വൈദികൻ മാത്രമായ ഒരാൾ നേരിട്ട് കർദിനാൾ പദവിയിലെത്തുന്നത്. ഡിസംബര്‍ എട്ടാം തീയതിയാണ് മോൺ. കൂവക്കാട് അടക്കം 21 കര്‍ദിനാൾമാരുടെ സ്ഥാനാരോഹണ ചടങ്ങുകള്‍ വത്തിക്കാനിൽ നടക്കുന്നത്.
ഈ മാസം 24ന് വത്തിക്കാനിൽ നിന്നെത്തിയ അദ്ദേഹത്തിന് ചങ്ങനാശ്ശേരി അതിരൂപത ഗംഭീരമായ സ്വീകരണം നൽകി. പിറ്റേന്ന് അദ്ദേഹത്തെ ആർച്ചുബിഷപ്പായി പ്രഖ്യാപിക്കുകയും ചെയ്തു. അടുത്ത മാസം 24ന് സ്ഥാനാരോഹണ ചടങ്ങുകൾ നടക്കാനിരിക്കുകയാണ്. അതിനിടയിലാണ് മുൻനിശ്ചയിച്ചത് എങ്കിലും മാർ തറയിലിൻ്റെ സ്ഥാനാരോഹണം നടക്കുന്നത്. ചങ്ങനാശേരിയിലെ കത്തോലിക്കാ വിശ്വാസികൾക്ക് തുടരെ ആഹ്ളാദത്തിൻ്റേതാണ് ഈ ദിനങ്ങൾ.
സീറോ മലബാര്‍ സഭക്ക് കീഴിലെ ചങ്ങനാശ്ശേരി അതിരൂപതയുടെ അഞ്ചാമത് മെത്രാപ്പോലീത്തയാണ് മാര്‍ തോമസ് തറയില്‍. 45ാം വയസിലാണ് മാര്‍ തോമസ് തറയില്‍ സഹായ മെത്രാനായത്. ഏഴ് വര്‍ഷം കൊണ്ട് അതിരൂപതയുടെ മെത്രാപ്പോലീത്തയായി നിയമനം ലഭിക്കുന്നത് അപൂര്‍വതയാണ്. കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം എന്നീ അഞ്ച് ജില്ലകളിലായി വ്യാപിച്ചു കിടക്കുന്നതാണ് ചങ്ങനാശ്ശേരി അതിരൂപത. സീറോ മലബാര്‍ സഭയുടെ പുരാതനമായ അതിരൂപതകളിലൊന്നുമാണ്.
ചങ്ങനാശ്ശേരി തറയില്‍ പരേതനായ ജോസഫിന്റേയും മറിയാമ്മയുടേയും ഏഴു മക്കളില്‍ ഏറ്റവും ഇളയതാണ് ടോമി എന്നറിയപ്പെടുന്ന തോമസ് തറയില്‍. സേക്രട്ട് ഹാര്‍ട്ട് ഹൈസ്‌കൂള്‍, എസ്ബി കോളജ് എന്നിവിടങ്ങളിലെ വിദ്യാഭ്യാസത്തിന് ശേഷം വടവാതൂര്‍ സെമിനാരിയില്‍ നിന്ന് വൈദിക പഠനം പൂര്‍ത്തിയാക്കി. 2000ല്‍ വൈദികനായി നിയമിക്കപ്പെട്ടു. റോമിലെ പൊന്തിഫിക്കല്‍ ഗ്രിഗോറിയന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മന:ശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടി. മലയാളത്തിനു പുറമേ ഇംഗ്ലീഷ്, ഇറ്റാലിയന്‍, ജര്‍മന്‍, സ്പാനിഷ് ഭാഷകളിലും പ്രാവീണ്യമുണ്ട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here