മോന്‍സന്‍ മാവുങ്കല്‍ തട്ടിപ്പുകേസില്‍ കെ.സുധാകരന്‍ രണ്ടാം പ്രതി; ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു; തട്ടിപ്പിന് കൂട്ടുനിന്നെന്ന് കണ്ടെത്തല്‍

കൊച്ചി: മോൻസൻ മാവുങ്കൽ തട്ടിപ്പു കേസിൽ കെപിസിസി പ്രസിഡന്റ് കെ.സുധാകരനെ പ്രതി ചേര്‍ത്തു. രണ്ടാം പ്രതിയാക്കിയാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചത്. വഞ്ചന, ഗൂഢാലോചന കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. മോന്‍സന്‍ വ്യാജ ഡോക്ടറാണെന്ന് അറിയാമായിരുന്നിട്ടും സുധാകരൻ ഇത് മറച്ചുവയ്ക്കാൻ ശ്രമിച്ചു, വ്യാജ പുരാവസ്തുക്കള്‍ യഥാര്‍ത്ഥത്തിലുള്ളതാണെന്ന നിലയില്‍ തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണത്തിന് കൂട്ടുനിന്നു എന്നിങ്ങനെയുള്ള കുറ്റങ്ങളാണ് ചുമത്തപ്പെട്ടിട്ടുള്ളത്.എറണാകുളം എസിജെഎം കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചിട്ടുള്ളത്. നേരത്തെ കേസിൽ സുധാകരനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു.

യൂത്ത് കോൺഗ്രസ് നേതാവും സുധാകരന്റെ ഉറ്റ അനുയായിയുമായ എബിന്‍ എബ്രഹാമാണ് കേസിലെ മൂന്നാം പ്രതി. പരാതിക്കാര്‍ മോന്‍സണ്‍ മാവുങ്കലിന് 25 ലക്ഷം രൂപ നല്‍കിയെന്നും അതില്‍ 10 ലക്ഷം സുധാകരന് കൈമാറിയെന്നുമാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. സുധാകരന്റെ സാന്നിധ്യത്തിലാണ് 25 ലക്ഷം കൈമാറിയതെന്നും പരാതിക്കാർ മൊഴി നല്‍കിയിരുന്നു. കേസില്‍ തനിക്ക് പങ്കൊന്നുമില്ലെന്നായിരുന്നു സുധാകരന്റെ വാദം. എന്നാല്‍, ഇത് തള്ളിയാണ് അന്വേഷണവുമായി ക്രൈംബ്രാഞ്ച് മുന്നോട്ടുപോയത്. മോൻസൻ കേസുമായി ബന്ധപ്പെട്ട തട്ടിപ്പു കേസിൽ കഴിഞ്ഞ വർഷം ജൂണിൽ സുധാകരനെ ചോദ്യം ചെയ്ത ശേഷം അറസ്റ്റു ചെയ്തിരുന്നു. അറസ്റ്റ് വേണ്ടി വന്നാൽ ജാമ്യം അനുവദിക്കണമെന്ന കോടതി നിര്‍ദേശത്തെ തുടർന്ന് ജാമ്യത്തില്‍ വിടുകയും ചെയ്തിരുന്നു.

സുധാകരനെതിരെ കുറ്റപത്രം സമര്‍പ്പിച്ചതിന് പിന്നാലെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രംഗത്തെത്തി. പൊലീസ് പ്രതിപക്ഷത്തെ വേട്ടയാടിക്കൊണ്ടിരിക്കുകയാണ്. സുധാകരനെ അറസ്റ്റ് ചെയ്യാനുള്ള നീക്കമാണെന്നും നിയമപരമായി നേരിടുമെന്നും വി.ഡി.സതീശൻ പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top