മോന്‍സന്‍ മാവുങ്കല്‍ തട്ടിപ്പിന് ഒത്താശ നല്‍കിയ ഐജി ലക്ഷ്മണിനെ തിരിച്ചെടുക്കാന്‍ ശുപാര്‍ശ; സര്‍ക്കാര്‍ തീരുമാനം നടപടി എടുത്ത് ഒരു വര്‍ഷം എത്തുമ്പോള്‍
മോന്‍സന്‍ മാവുങ്കലിന്റെ പുരാവസ്തു തട്ടിപ്പുകള്‍ക്ക് ഒത്താശ ചെയ്തതിന്റെ പേരില്‍ സസ്പെന്‍ഷനിലായ ഐ.ജി.ലക്ഷ്മണിനെ തിരിച്ചെടുക്കാന്‍ ശുപാര്‍ശ. ഈ കേസില്‍ നാലാം പ്രതിയായിരുന്നു ലക്ഷ്മണ്‍. കേസില്‍ അറസ്റ്റിലായതിനെ തുടര്‍ന്നാണ് ലക്ഷ്മണിനെ ആദ്യം സസ്പെന്‍ഡ് ചെയ്തത്. പിന്നീട് തിരിച്ചെടുത്തെങ്കിലും കേസില്‍ സാമ്പത്തിക നേട്ടമുണ്ടാക്കിയതായി തെളിഞ്ഞതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ വീണ്ടും സസ്പെന്‍ഡ് ചെയ്തിരുന്നു. ചീഫ് സെക്രട്ടറി അധ്യക്ഷനായ റിവ്യൂ കമ്മറ്റിയാണ് തിരിച്ചെടുക്കാന്‍ ശുപാര്‍ശ ചെയ്തത്. ഈ മാസം ഒന്നു വരെയായിരുന്നു സസ്പെന്‍ഷന്‍.
കഴിഞ്ഞ സെപ്തംബറിലാണ് ലക്ഷ്മണിനെ സര്‍ക്കാര്‍ സസ്പെന്‍ഡ് ചെയ്തത്. 360 ദിവസമായി സസ്പെന്‍ഷനില്‍ തുടരുന്നത് ചൂണ്ടിക്കാട്ടിയാണ് സസ്പെന്‍ഷന്‍ പിന്‍വലിക്കണം എന്ന് റിവ്യൂ കമ്മിറ്റി ശുപാര്‍ശ ചെയ്തത്. ഓഗസ്റ്റ് 29ന് ചേര്‍ന്ന യോഗമാണ് തിരിച്ചെടുക്കാന്‍ ശുപാര്‍ശ നല്‍കിയത്. മോന്‍സന്‍ മാവുങ്കലിന്റെ പങ്കാളിയായി ഐജി ലക്ഷ്മണ്‍ സാമ്പത്തിക നേട്ടമുണ്ടാക്കിയെന്നാണ് വകുപ്പുതല അന്വേഷണത്തില്‍ തെളിഞ്ഞത്. ഇതോടെയാണ് വീണ്ടും സസ്പെന്‍ഷന്‍ വന്നത്. പോലീസ് മേധാവിയുടെ റിപ്പോര്‍ട്ട് പ്രകാരമാണ് സസ്പെന്‍ഷന്‍ നല്‍കിയത്. എഡിജിപിയായുള്ള സ്ഥാനക്കയറ്റവും റദ്ദാക്കിയിരുന്നു.
ഈ കേസില്‍ തനിക്കെതിരെയുള്ള എഫ്ഐആര്‍ റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട് ലക്ഷ്മണ്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി വന്‍വിവാദമാണ് സൃഷ്ടിച്ചത്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഭരണഘടനാതീതമായ ബാഹ്യശക്തിയുണ്ടെന്ന ആരോപണമാണ് ഐജി ഉന്നയിച്ചത്. മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ നിലമ്പൂര്‍ എംഎല്‍എ പി.വി.അന്‍വര്‍ ഇപ്പോള്‍ ഉന്നയിച്ച ആരോപണത്തിന് സമാനമായിരുന്നു ലക്ഷ്മണ്‍ അന്ന് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയിലെ പരാമര്‍ശങ്ങള്‍. എന്നാല്‍ വിവാദമായതോടെ കുറ്റം അഭിഭാഷകന്റെ തലയില്‍ ഇട്ട് രക്ഷപ്പെടാന്‍ ഐജി നീക്കം നടത്തി. ഇതിനെ വിമര്‍ശിച്ച് ഹൈക്കോടതി 10000 രൂപ പിഴ ചുമത്തുകയും ചെയ്തിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിനെതിരെയുള്ള പരാമര്‍ശങ്ങള്‍ വന്നത് തന്‍റെ അറിവോടെയല്ലെന്ന് ചൂണ്ടിക്കാട്ടി അന്നത്തെ ചീഫ് സെക്രട്ടറി വി.വേണുവിനു ഐജി കത്തും നല്‍കിയിരുന്നു.
കേരളത്തിൽ വലിയ കോളിളക്കമുണ്ടാക്കിയതാണ് മോന്‍സന്‍ മാവുങ്കലിന്റെ പുരാവസ്തു തട്ടിപ്പ് കേസ്. കോടിക്കണക്കിന് രൂപ വിലമതിക്കുന്ന പുരാവസ്തുക്കള്‍ തന്റെ കൈവശമുണ്ടെന്ന് കാണിച്ച് ആറുപേരില്‍ നിന്നും 10 കോടി രൂപ തട്ടിയ കേസ് ആണിത്. ഈ കേസിലാണ് ഐജി ലക്ഷ്മണ്‍, മുൻ ഡിഐജി എസ് സുരേന്ദ്രൻ എന്നിവര്‍ ഉള്‍പ്പെടെ പ്രതികളായത്. സുരേന്ദ്രനും ലക്ഷ്മണും പണം തട്ടിയതിനു തെളിവില്ലെന്നാണ് ക്രൈംബ്രാഞ്ച് സംഘം കോടതിയില്‍ നല്കിയ കുറ്റപത്രത്തില്‍ പറഞ്ഞത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here