മാസപ്പടിയിൽ ആരോപണം കടുപ്പിച്ച് കുഴൽനാടൻ; വീണ വിജയൻ മറ്റ് കമ്പനികളിൽ നിന്നും മാസപ്പടി വാങ്ങി
മുഖ്യമന്ത്രിയുടെ മകൾ വീണ വിജയൻ മറ്റ് കമ്പനികളിൽ നിന്നും മാസപ്പടി വാങ്ങിയിട്ടുണ്ടെന്ന് മാത്യു കുഴൽനാടൻ. മാത്രമല്ല ഒരു കോടി 72 ലക്ഷം രൂപയെക്കാൾ കൂടുതൽ പണം മാസപ്പടിയായി സിഎംആർഎല്ലിൽ നിന്ന് വീണ കൈപറ്റിയിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
എക്സലോജിക് ഒരു കടലാസ് കമ്പനി മാത്രമാണ്. അതുകൊണ്ട് തന്നെ ചെയ്യാത്ത സേവനങ്ങൾക്കുള്ള പ്രതിഫലമാണ് വീണ വിജയൻ സിഎംആർഎൽ കമ്പനിയിൽ നിന്ന് കൈപ്പറ്റിയത്. കമ്പനിയിൽ നടന്ന ക്രമക്കേടിന്റെ പേരിലുള്ള അന്വേഷണത്തിലാണ് ഇത് പുറത്തുവന്നത്. ഇത്പോലെ നിരവധി കമ്പനികൾ വേറെയും ഉണ്ട്. അങ്ങനെയല്ലെന്ന് പറയാൻ സിപിഎമ്മിന് കഴിയുമോയെന്ന് കുഴൽനാടൻ വെല്ലുവിളിച്ചു.
വീണ നികുതി അടച്ചോ എന്നതല്ല കേരളത്തിന് അറിയേണ്ടത്. എത്ര കമ്പനികളിൽ നിന്ന് എത്ര കോടി രൂപ വാങ്ങിയെന്നാണ്. ആസൂത്രിത കൊള്ളയും സ്ഥാപനവൽകൃത അഴിമതിയുമാണ് കേരളത്തിൽ നടക്കുന്നതെന്ന് കുഴൽനാടൻ പറഞ്ഞു.
മാസപ്പടി അല്ലെന്ന് തെളിയിക്കുന്ന രേഖകൾ ഇത്രയും ദിവസം പുറത്തുവിടാൻ സിപിഎമ്മിന് കഴിഞ്ഞിട്ടില്ല. അതെന്ത് കൊണ്ടെന്ന് മാത്യു കുഴൽനാടൻ ചോദിച്ചു. കമ്പനിയുടെയും വീണ വിജയന്റെയും ജി എസ് ടി അക്കൗണ്ടുകൾ ഇന്ന് ക്ലോസ് ചെയ്തു. അത് എന്തിനാണെന്ന് പറയണം. മുഖ്യമന്ത്രിയും കുടുംബവും നടത്തുന്ന കൊള്ളയാണ് ഇതിലൂടെയെല്ലാം പുറത്തു വരുന്നത്. മുഖ്യമന്ത്രി ഇതിനുത്തരം തരാൻ ബാധ്യസ്ഥനാണെന്നും കുഴൽനാടൻ പറഞ്ഞു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here