വനിതാ ഡോക്ടർക്കെതിരെ ലൈംഗികാതിക്രമം; ഡോ. മനോജിനെതിരെ കൂടുതൽ പരാതികൾ, ഇയാൾ സ്ഥിരം വേട്ടക്കാരനെന്നു പെൺകുട്ടികൾ

കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിൽ വനിതാ ഡോക്ടർക്കെതിരെ ലൈംഗികാതിക്രമം നടത്തിയ ഡോ. മനോജിനെതിരെ നിരവധി പെൺകുട്ടികൾ ആരോപണങ്ങളുമായി രംഗത്ത്. ജനറൽ ആശുപത്രിയിൽ ജോലി ചെയ്തിരുന്ന കാലത്ത് ഇയാളിൽ നിന്ന് ഒരുപാട് പെൺകുട്ടികൾക്ക് ദുരനുഭവങ്ങളുണ്ടായ വിവരങ്ങൾ തന്നെ അറിയിച്ചതായും പരാതിക്കാരി സമൂഹ മാധ്യമങ്ങളിൽ വെളിപ്പെടുത്തി.

ഇൻ്റേൺഷിപ്പ് കാലത്ത് ഡോ. മനോജ് പെൺകുട്ടികളോട് അതിക്രമം കാണിക്കുന്നത് പതിവായിരുന്നുവെന്നാണ് പെൺകുട്ടികളുടെ സന്ദേശങ്ങളിലെ വെളിപ്പെടുത്തൽ. ഇയാളുടെ മുറിയിലേക്ക് ചെല്ലാൻ പെൺകുട്ടികൾ ഭയപ്പെട്ടിരുന്നുവെന്നാണ് സന്ദേശങ്ങളിൽ നിന്ന് വ്യക്തമാകുന്നത്. പല ഡിപ്പാർട്ടുമെന്റുകളുടെയും ചുമതല വഹിച്ചിരുന്ന ഡോ. മനോജിനെതിരെ പരാതിപ്പെടാൻ ഭയമായിരുന്നുവെന്നാണ് പെൺകുട്ടികൾ പറയുന്നത്.

2019 ൽ ഹൗസ് സർജൻസി ചെയ്യുന്ന കാലത്ത് ഡോ. മനോജ് തന്നെ കടന്നുപിടിക്കുകയും ബലമായി മുഖത്ത് ചുംബിക്കുകയും ചെയ്തതായി ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വനിതാ ഡോക്ടർ ആരോപണം ഉന്നയിച്ചത്. അന്ന് ഡോ. മനോജ് എറണാകുളം ജനറൽ ആശുപത്രിയിലെ ജനറൽ മെഡിസിൻ വിഭാഗം മേധാവിയായിരുന്നു. ആശുപത്രിക്കു പുറത്ത് ഡോ. മനോജ് സ്വകാര്യ പ്രാക്ടീസ് ചെയ്യുന്ന മുറിയിൽ രാത്രി ഏഴിനായിരുന്നു സംഭവമെന്നും ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞിരുന്നു. ഇയാൾക്കെതിരേ ആരോഗ്യ വിഭാഗം വിജിലൻസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

സമാനമായ രീതിയിൽ ഇയാളിൽനിന്നു അതിക്രമം നേരിടേണ്ടിവന്ന പെൺകുട്ടികൾ തന്നെ വിവരമറിയിക്കണമെന്ന് പരാതിക്കാരി ഫേസ്ബുക്കിൽ കുറിച്ചിട്ടുണ്ട്. മീ ടൂ കേരള വർക്ക് പ്ലേസ് ഹരാസ്മെന്റ് എന്ന ഹാഷ് ടാഗിലാണ് വനിതാ ഡോക്ടർ കുറിച്ചിരിക്കുന്നത്. ആറിലധികം പെൺകുട്ടികളാണ് ഇയാളിൽ നിന്ന് തങ്ങൾ നേരിടേണ്ടിവന്ന ദുരനുഭവങ്ങൾ വിവരിച്ചിരിക്കുന്നത്. കൊച്ചി സെൻട്രൽ പോലീസ് ഐപിസി 354 വകുപ്പുപ്രകാരം കേസെടുത്തിട്ടുണ്ട്. ഇ-മെയിലിലൂടെ നൽകിയ മൊഴിയിൽ പരാതിക്കാരി ഉറച്ചുനിൽക്കുന്നതായി എസ്എച്ച്ഒ അനീഷ് ജോയ് പറഞ്ഞു.





whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top