കായംകുളത്ത് കാവി പുതയ്ക്കുന്ന ചെങ്കൊടിക്കാരുടെ എണ്ണം കൂടുന്നു; സിപിഎം നേതാക്കൾ കൂട്ടത്തോടെ ബിജെപിയിൽ ചേർന്നതിന് പിന്നാലെ നിർണായക വെളിപ്പെടുത്തൽ

കടുത്ത വിഭാഗിയത നിലനിൽക്കുന്ന ആലപ്പുഴ ജില്ലയിൽ സിപിഎമ്മിൽ നിന്നും കൂടുതൽ പേർ ബിജെപിയിലേക്ക്. കായംകുളത്താണ് കൂട്ടത്തോടെ സിപിഎം പ്രവർത്തകർ പാർട്ടി വിടുന്നത്. അറുപതിലേറെ സിപിഎം പ്രവര്‍ത്തകരും 27 കോണ്‍ഗ്രസ് പ്രവർത്തകരുമാണ് ബിജെപിയിൽ അംഗത്വമെടുത്തത്. സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും ഉപാധ്യക്ഷ ശോഭാസുരേന്ദ്രനും പാർട്ടിവിട്ട് എത്തിയവരെ സ്വീകരിച്ചു.

എന്നാല്‍ ബിജെപിയിൽ ചേർന്നവർ പാര്‍ട്ടി പ്രവര്‍ത്തകര്‍ അല്ലെന്നാണ് സിപിഎമ്മിൻ്റെ വിശദീകരണം. പാർട്ടി വിട്ട മുന്‍ ഏരിയ കമ്മറ്റി അംഗം ബിബിന്‍ സി ബാബുവിന്റെ നേതൃത്വത്തിലാണ് മണ്ഡലത്തിൽ ബിജെപിക്ക് വേണ്ടി ആളെ കൂട്ടുന്നത്. 49 ബ്രാഞ്ച് അംഗങ്ങള്‍ അടക്കം അറുപതോളം പേര്‍ സിപിഎം ബന്ധം ഉപേക്ഷിച്ച് ബിജെപിയിൽ ചേർന്നെന്നാണ് റിപ്പോർട്ടുകൾ. ആകെ 237 പേരാണ് നിലവിൽ ബിജെപിയില്‍ അംഗത്വമെടുത്തിരിക്കുന്നത്.

ഹെഡ് ലോഡ് യൂണിയന്‍ ജില്ലാ ജോയിന്റ് സെക്രട്ടറി സക്കീര്‍ ഹുസൈന്‍ ഉൾപ്പെടെ മൂന്ന് ലോക്കല്‍ കമ്മറ്റി അംഗങ്ങള്‍ അഞ്ച് ബ്രാഞ്ച് സെക്രട്ടറിമാര്‍ എന്നിവർ ബിജെപിയിൽ ചേർന്നിട്ടുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ പേർ സിപിഎമ്മിൽ നിന്നും ബിജെപിയിൽ എത്തുമെന്നാണ് സൂചനകൾ. ഇതിൽ മുൻ ജില്ലാ കമ്മറ്റി അംഗവും ഉൾപ്പെടുമെന്ന് ബിജെപി അവകാശപ്പെടുന്നു. എന്നാൽ ഇത് ആരാണെന്ന് വ്യക്തമാക്കാൻ പ്രാദേശിക നേതാക്കൾ തയ്യാറായിട്ടില്ല. എല്ലാം വരുന്ന വഴിക്ക് കാണാമെന്നും തദ്ദേശ തിരഞ്ഞെടുപ്പിൽ കായംകുളത്ത് വൻമുന്നേറ്റം നടത്തുമെന്നും ബിജെപി നേതാക്കൾ പറയുന്നു. സിപിഎം കുത്തക പഞ്ചായത്തായിരുന്ന ദേവികുളങ്ങരയിൽ ഉൾപ്പെടെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഒന്നാം സ്ഥാനത്ത് എത്തിയത് ചൂണ്ടിക്കാട്ടിയാണ് ഈ അവകാശവാദം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top