വനിതാ ഡോക്ടർമ്മാർക്കെതിരെ ലൈംഗികാതിക്രമം; ഡോ. മനോജിനെതിരെ വീണ്ടും പരാതി

കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിൽ വനിതാ ഡോക്ടർമ്മാർക്കെതിരെ ലൈംഗിക അതിക്രമം നടത്തിയ ഡോ. മനോജിനെതിരെ വീണ്ടും കേസ്. 2018 ൽ ആശുപത്രിയിൽ ജോലി ചെയ്തിരുന്ന മറ്റൊരു വനിത ഡോക്ടറാണ് ഇ-മെയിൽ വഴി പരാതി നൽകിയിരിക്കുന്നത്. ജനറൽ ആശുപത്രിയിൽ ജോലി ചെയ്തിരുന്ന കാലത്ത് ഇയാൾ അപമര്യാദയായി പെരുമാറിയെന്നും ലൈംഗികമായി ഉപദ്രവിച്ചുവെന്നുമാണ് അമേരിക്കയിലെ ഡോക്ടറുടെ മൊഴി.

അതേസമയം, പരാതിയിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തതിനു പിന്നാലെ കേസുമായി മുന്നോട്ടുപോകാൻ താൽപര്യമില്ലെന്നു പരാതിക്കാരി അറിയിച്ചു. 2019 ൽ ഹൗസ് സർജൻസി ചെയ്യുന്ന കാലത്ത് ഡോ. മനോജ് തന്നെ കടന്നുപിടിക്കുകയും ബലമായി മുഖത്ത് ചുംബിക്കുകയും ചെയ്തതായി ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ദുബായിലെ വനിതാ ഡോക്ടർ ആരോപണം ഉന്നയിച്ചത്. അന്ന് ഡോ. മനോജ് എറണാകുളം ജനറൽ ആശുപത്രിയിലെ ജനറൽ മെഡിസിൻ വിഭാഗം മേധാവിയായിരുന്നു. ആശുപത്രിക്കു പുറത്ത് ഡോ. മനോജ് സ്വകാര്യ പ്രാക്ടീസ് ചെയ്യുന്ന മുറിയിൽ രാത്രി ഏഴിനായിരുന്നു സംഭവമെന്നും ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞിരുന്നു.

മീ ടൂ കേരള വർക്ക് പ്ലേസ് ഹരാസ്മെന്റ് എന്ന ഹാഷ് ടാഗിലാണ് വനിതാ ഡോക്ടർ തനിക്കു നേരിടേണ്ടി വന്ന ദുരനുഭവം വെളിപ്പെടുത്തിയത്. ഇയാളിൽനിന്നു അതിക്രമം നേരിടേണ്ടിവന്ന പെൺകുട്ടികൾ തന്നെ വിവരമറിയിക്കണമെന്നു പരാതിക്കാരി ഫേസ്ബുക്കിലൂടെ ആവശ്യപ്പെട്ടിരുന്നു. തുടർന്ന് ആറിലധികം പെൺകുട്ടികളാണ് ഡോ. മനോജിനെതിരെ ലൈംഗീക ആരോപണവുമായി രംഗത്തെത്തിയത്.

നിലവിൽ ഡോ. മനോജിനെതിരെ രണ്ട് കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. നേരത്തെയെടുത്ത കേസിൽ ദുബായിലെ ഡോക്ടറുടെ മൊഴി പരിശോധിച്ച പോലീസ് മനോജിന്റെ സ്റ്റേറ്റ്മെന്റ് എടുത്തിരുന്നു. ഇയാൾക്കെതിരെ ഐപിസി 354 വകുപ്പുപ്രകാരം കേസെടുത്തിട്ടുണ്ട്. സംഭവത്തിൽ ആരോഗ്യ വിഭാഗം വിജിലൻസ് അന്വേഷണം തുടരുകയാണ്. മനോജിന്റെ ജാമ്യ അപേക്ഷ എറണാകുളം സെഷൻസ് കോടതി നാളെ പരിഗണിക്കും. അതുവരെ ഇയാളെ അറസ്റ്റ് ചെയ്യരുതെന്നു കോടതി നിർദേശിച്ചിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top