ജാമ്യത്തിൽ ഇറങ്ങിയ പിപി ദിവ്യ പഴയതിലും കരുത്തയോ? പിന്തുണച്ച് സിപിഎം ജില്ലാ സെക്രട്ടറിയും

സിപിഎം നേതാവും കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റും ആയിരുന്ന പിപി ദിവ്യയുടെ ആരോപണങ്ങൾക്ക് പിന്നാലെ ജീവനൊടുക്കിയ എഡിഎം നവീന്‍ ബാബുവിൻ്റെ കുടുംബം സിപിഎം പാർട്ടി അനുഭാവികളാണ്. അതുകൊണ്ട് തന്നെ സിപിഎം സംസ്ഥാന സെക്രട്ടറി അടക്കം നേതാക്കൾ അവരെ സന്ദർശിക്കുകയും പാർട്ടി അവർക്കൊപ്പം ആണെന്ന് ഉറപ്പ് നൽകുകയും ചെയ്തിരുന്നു. മരണം ഉണ്ടായ സമയം മുതൽ സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി അടക്കം എല്ലാ ഘടകങ്ങളും അവർക്കൊപ്പം ശക്തമായി നിലയുറപ്പിച്ച് പിപി ദിവ്യയെ തള്ളിപ്പറയുകയും ചെയ്തു. ഈ സമർദത്തിനൊടുവിൽ ആണ് ദിവ്യയെ ഔദ്യോഗിക സ്ഥാനത്ത് നിന്നടക്കം പാർട്ടിക്ക് നീക്കേണ്ടി വന്നത്.
എന്നാൽ ജാമ്യത്തിൽ ഇറങ്ങിയ ദിവ്യയുടെ സമ്മർദത്തിന് സിപിഎം വഴങ്ങേണ്ടിവരുമെന്ന ധാരണ ബലപ്പെടുത്തുന്നതാണ് ജില്ലാ സെക്രട്ടറി എംവി ജയരാജൻ്റെ പ്രസ്താവന. എഡിഎം കൈക്കൂലി വാങ്ങിയെന്ന് വിശ്വസിക്കുവരുണ്ട്. അങ്ങനെയല്ലെന്നു പറയുന്നവരും ഉണ്ട്. അത് കൃത്യമായി കണ്ടെത്താനാണ് സർക്കാർ അന്വേഷണം നടത്തുന്നത് എന്നാണ് ജയരാജൻ പറഞ്ഞത്. ജാമ്യാപേക്ഷയുടെ വാദത്തിൽ ദിവ്യ ഉന്നയിക്കുകയും സാഹചര്യങ്ങൾ പരിശോധിച്ച് കോടതി തള്ളുകയും ചെയ്ത വാദം ആണിത്. സർക്കാർ നടത്തിയ അന്വേഷണത്തിലും എഡിഎമ്മിനെതിരായ അഴിമതി ആരോപണം തള്ളിയത് ആണ്. സാഹചര്യം ഇങ്ങനെ ആയിരിക്കെയാണ് പാർട്ടിയുടെ ഉന്നത നേതാവ് തന്നെ ഇത് വീണ്ടും ഉയർത്തുന്നത്. ഇത് ദിവ്യക്ക് വേണ്ടിയാണെന്ന് വ്യക്തമാണ്.
പാർട്ടി പെരിങ്ങോം ഏരിയ സമ്മേളനത്തിലാണ് ജയരാജൻ ഈ വാദം ഉയർത്തിയത്. എഡിഎമ്മിനെതിരെ ദിവ്യ ഉന്നയിച്ച കൈക്കൂലി വിവാദത്തിൽ രണ്ടുപക്ഷമുണ്ട് എന്ന നിലപാട് കൊണ്ടുവരുന്നതിലൂടെ, ദിവ്യയുടെ വാദവും പരിഗണിക്കേണ്ടതാണ് എന്ന് തന്നെയാണ് പാർട്ടിയുടെ ജില്ലയിലെ ചുമതലക്കാരൻ പറഞ്ഞുവയ്ക്കുന്നത്. സർക്കാരിനെയും പാർട്ടിയെയും ഇത്രകണ്ട് പ്രതിരോധത്തിൽ ആക്കിയ വിഷയത്തിൽ സമ്മേളന പ്രതിനിധികളിൽ നിന്ന് ഉയരാനിടയുള്ള വിമർശനത്തിന് തടയിടുക തന്നെയാണ് ഉദ്ദേശ്യം. പൊതുസമൂഹത്തിൽ എഡിഎമ്മിന് അനുകൂലമായി നിലനിൽക്കുന്ന വികാരം മനസ്സിലാക്കി ദിവ്യയെ കൈവിട്ടുവെന്ന പ്രതീതി ഉണ്ടാക്കി അറസ്റ്റ് വരെ എത്തിച്ചുവെങ്കിലും, അങ്ങനെയങ്ങ് തള്ളാൻ കഴിയില്ല എന്ന് തന്നെയാണ് ഈ നിലപാട് പ്രഖ്യാപനത്തിൽ നിന്ന് വ്യക്തമാകുന്നത്.
ജാമ്യം നൽകിയാൽ പ്രതി അന്വേഷണത്തെ സ്വാധീനിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ കോടതിയിൽ നിലപാട് സ്വീകരിക്കുന്നതിൻ്റെ കാരണവും ഇത് തന്നെയാണ്. ഇത്തരം പ്രസ്താവനകളുടെയും പ്രതികരണങ്ങളിലൂടെയും പൊതുസമൂഹം മാത്രമല്ല, അന്വേഷണ ഉദ്യോഗസ്ഥർ പോലും സ്വാധീനിക്കപ്പെടാം എന്നത് വസ്തുതയാണ്. ദിവ്യ ജാമ്യത്തിൽ പുറത്തിറങ്ങിയ ശേഷമാണ് ഇത് ഉണ്ടാകുന്നത് എന്നത് യാദൃശ്ചികമല്ല. പ്രത്യേകിച്ച് പോലീസ് അന്വേഷണം കാര്യമായിട്ടൊന്നും മുന്നോട്ട് പോയിട്ടില്ലാത്ത സാഹചര്യത്തിൽ. എഡിഎമ്മിൻ്റെ മരണം അന്വേഷിക്കാൻ പ്രത്യേക പോലീസ് സംഘത്തിന് നിയോഗിച്ചെങ്കിലും ബന്ധപ്പെട്ട പലരുടെയും മൊഴികൾ പോലും ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല. ഇതിനെതിരെ ഹൈക്കോടതിയെ സമീപിക്കാൻ നവീൻ ബാബുവിൻ്റെ കുടുംബം തയാറെടുക്കുന്നുണ്ട്.
ഡിവൈഎഫ്ഐ അടക്കം സംഘടനകൾ തുടക്കം മുതൽ ഇതുവരെയും ദിവ്യയെ പിന്തുണച്ച് തന്നെയാണ് നിലപാട് എടുത്തിരിക്കുന്നത്. എഡിഎമ്മിനെതിരായ ദിവ്യയുടെ വിമർശനം സോദ്ദേശപരം ആണെന്ന് ആയിരുന്നു എഡിഎമ്മിൻ്റെ മരണത്തിന് പിന്നാലെ വിവാദം രൂക്ഷമാകുമ്പോൾ സിപിഎം നിലപാട് എടുത്തത്. പിന്നീട് എഡിഎമ്മിനെയും കുടുംബത്തെയും നേരിട്ട് അറിയുന്ന പാർട്ടി പത്തനംതിട്ട ജില്ലാഘടകം ദിവ്യയെ തള്ളിപ്പറഞ്ഞതോടെ ആണ് പരസ്യപിന്തുണ അറിയിച്ചുള്ള പ്രതികരണങ്ങൾ നിലച്ചത്. അങ്ങനെ പിൻവലിഞ്ഞവരാണ് വലിയ വിവാദം ഒന്നടങ്ങിയപ്പോൾ വീണ്ടും പിന്തുണയുമായി രംഗത്ത് വരുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here