വയനാട്ടിൽ 10,000ത്തിലധികം കർഷകർക്ക് ജപ്തി ഭീഷണി; കാർഷിക വികസന ബാങ്കിൽ നിന്ന് മാത്രം 2000 പേർക്ക് നോട്ടീസ്; കടാശ്വാസ കമ്മീഷൻ ശുപാർശകൾ കടലാസിൽ

ആര്‍. രാഹുല്‍

സുൽത്താൻ ബത്തേരി: വയനാട് ജില്ലയില്‍ പതിനായിരത്തിലധികം കർഷകർ ജപ്തി ഭീഷണിയിൽ. ബാങ്കുകളുടെ വേട്ടയാടൽ രൂക്ഷമാകുമ്പോഴും സർക്കാർ ചെറുവിരൽ അനക്കുന്നില്ലെന്ന പരാതിയുമായി കർഷകർ. സുൽത്താൻ ബത്തേരി കാർഷിക ഗ്രാമവികസന ബാങ്കിൽ നിന്നു മാത്രം രണ്ടായിരത്തോളം കർഷകർക്കാണ് ജപ്തി നോട്ടീസ് ലഭിച്ചത്. സർഫാസി നിയമമനുസരിച്ച് മുള്ളൻകൊല്ലിയിലെ തിരിച്ചടവ് മുടങ്ങിയ കർഷകരുടെ ഭൂമി പിടിച്ചെടുക്കാനുള്ള തീരുമാനത്തിലാണ് ബാങ്ക്. ഒക്ടോബർ 31 ന് സുൽത്താൻ ബത്തേരിയിലെ ഓഫീസിൽ ലേല നടപടികൾ ഉണ്ടാകുമെന്നാണ് ബാങ്ക് അയച്ച നോട്ടീസിലുള്ളത് .

ഇക്കഴിഞ്ഞ ആഗസ്റ്റ് 24ന് കർഷകരുടെ വസ്തുക്കൾ ലേലം ചെയ്യാൻ ബാങ്ക് ശ്രമിച്ചെങ്കിലും തഹസിൽദാറുടെ അനുമതി ലഭിക്കാത്തതിനാൽ മാറ്റി വെക്കുയായിരുന്നു. വിവിധ കർഷക സംഘടനകളുടേയും രാഷ്ട്രീയ പാർട്ടികളുടെയും പ്രതിഷേധമുണ്ടാകുമെന്ന് വില്ലേജ് ഓഫീസർ റിപ്പോർട്ട് നൽകിയതിനെ തുടർന്നാണ് ലേലം ഒഴിവാക്കിയത്. ഈ ലേല നടപടികളാണ് ഈ മാസം വീണ്ടും നടത്താൻ നീക്കം നടത്തുന്നത്. എന്നാൽ കർഷക വിരുദ്ധമായി നടത്തുന്ന ലേല നടപടികൾ തടയാണ് കോൺഗ്രസ് തീരുമാനം. അന്നേ ദിവസം പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും. ഞങ്ങളുടെ പ്രാഥമിക അന്വേഷണത്തില്‍ 12,000ത്തിലധികം പേര്‍ക്ക് ജപ്തി നോട്ടിസ് ലഭിച്ചതായാണ് അറിവെന്നും ജില്ലയിലെ മുതിർന്ന കോൺഗ്രസ് നേതാവ് അഡ്വ. പി.ഡി. സജി മാധ്യമ സിൻഡിക്കറ്റിനോട് പറഞ്ഞു.

കാർഷിക ഗ്രാമവികസന ബാങ്കിൻ്റെ ജപ്തി നടപടികൾ മുടങ്ങിയതോടെ ഓൺലൈൻ വഴി ലേലം നടത്താനാണ് കേരള ഗ്രാമീൺ ബാങ്കിൻ്റെ നീക്കം എന്നും കർഷകർ ആരോപിക്കുന്നു. ലോൺ വിവരങ്ങളും മറ്റ് വിവരങ്ങളും മുൻകൂട്ടി ഓൺലൈനിൽ പബ്ലിഷ് ചെയ്ത ശേഷമാണ് ഓൺലൈൻ ലേലം നടത്തുന്നതെന്ന് കർഷകർ പറയുന്നു. ലേല തീയതി മുൻകൂട്ടി ഓൺലൈനിൽ നൽകുന്ന ദിവസം തന്നെ ബാങ്ക് നോട്ടീസ് ബോർഡിലും ദിനപത്രത്തിലും ഓൺലൈൻ വഴി ലേലം നടക്കും എന്ന വിവരം പ്രസിദ്ധീകരിക്കും. ഇത്തരത്തിൽ നടപടി ക്രമങ്ങളും ലേലവും എല്ലാം ഓൺ ലൈൻ വഴിയാകുമ്പോൾ ആർക്കും തടയാൻ കഴിയില്ലെന്നും കർഷകർ ചൂണ്ടിക്കാട്ടുന്നു.

കർഷകരുടെ 500 കോടി രൂപയുടെ കടങ്ങൾ എഴുതിത്തള്ളാൻ സംസ്ഥാന കടാശ്വാസ കമ്മീഷൻ നിർദ്ദേശം നൽകിയിട്ടും നടപടിയെടുക്കാതെ സർക്കാർ ഒളിച്ചുകളിക്കുകയാണ് .2022 മുതലുള്ള കമ്മീഷൻ്റെ നിർദ്ദേശങ്ങളൊന്നും തന്നെ പാലിക്കപ്പെട്ടിട്ടില്ലെന്ന് പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത കമ്മീഷൻ അംഗം മാധ്യമ സിൻഡിക്കറ്റിനോട് പറഞ്ഞു. കർഷകരുടെ ആവശ്യങ്ങൾ ന്യായവും സത്യസന്ധവുമാണ്. ബാങ്കുകൾക്ക് സർക്കാർ പണം നൽകാത്തതു കൊണ്ട് അവരുടെ വസ്തുവിൻ്റെ രേഖകൾ മടക്കിക്കൊടുക്കുന്നില്ല. കടാശ്വാസ കമ്മീഷനിൽ വേണ്ടത്ര ജീവനക്കാരില്ലാത്തതു കൊണ്ട് തന്നെ കമ്മീഷൻ സ്വീകരിച്ച നടപടികളെക്കുറിച്ച് കൃഷിക്കാരെ യഥാസമയം അറിയിക്കാനും കഴിയുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.

ഒരു കർഷകൻ്റെ പരമാവധി രണ്ട് ലക്ഷം രൂപയുടെ വായ്പയാണ് എഴുതിത്തള്ളാനാവുന്നത്. ഒരു തവണ ആശ്വാസ ധനം കൊടുത്ത കർഷകന് ഇനി കൊടുക്കേണ്ട എന്നാണ് സർക്കാർ നിലപാട് -ഇത് കർഷക ദ്രോഹമാണെന്ന് കമ്മീഷനംഗം പറഞ്ഞു. കർഷകർ ധാരാളമുള്ള കാസർകോട്, കണ്ണൂർ , വയനാട് എന്നീ ജില്ലകളിൽ കമ്മീഷൻ സിറ്റിംഗ് നടത്തിയിട്ട് രണ്ട് വർഷത്തോളമായി. ഓൺലൈൻ വഴി നടത്തുന്നതിനാൽ കർഷകർക്ക് അവരുടെ പരാതികൾ കൃത്യമായി അവതരി പ്പിക്കാനും കഴിയുന്നില്ലെന്ന്‍ അദ്ദേഹം പറഞ്ഞു.

2014ലെ പ്രളയവും, മറ്റ് കാലാവസ്ഥ വ്യതിയാനങ്ങളും, കൃഷി നാശവും വിലത്തകർച്ചയും, കോവിഡ്, നിപ്പ പോലുള്ള രോഗങ്ങൾ സ്യഷ്ടിച്ച പ്രതിസന്ധിയുമാണ് കർഷകരെ പ്രതികൂലമായി ബാധിച്ചതും വൻ സാമ്പത്തിക പ്രതിസന്ധികൾക്ക് ഇടയാക്കിയതും. കർഷകർ നേരിടുന്ന പ്രതിസന്ധിക്ക് സർക്കാർ ഇടപെട്ട് ഒരു പരിഹാരം കാണണമെന്നാണ് ഉയരുന്ന പ്രധാന ആവശ്യം. വായ്പ തിരിച്ചടയ്ക്കാൻ കൂടുതൽ സമയം വേണം, പലിശയും പിഴ പലിശയു ഒഴിവാക്കിത്തരണം എന്നിങ്ങനെയുള്ള ആവശ്യങ്ങളാണ് കർഷകർ മുന്നോട്ട് വെക്കുന്നത്. അതിനായി കടാശ്വാസ പദ്ധതികൾ സർക്കാർ പ്രഖ്യാപിക്കണമെന്നും കർഷകർ ആവശ്യപ്പെടുന്നു.

ഇരുപത്തിമൂന്നോളം കാർഷിക ഉൽപനങ്ങൾ സംഭരിക്കുമെന്ന് ഉറപ്പ് കൊടുത്താണ് എൽഡിഎഫ് സർക്കാർ അധികാരത്തിലേറിയത്. എന്നാൽ രണ്ട് വിളകൾ മാത്രമാണ് സർക്കാർ സംഭരിക്കുന്നതെന്നും സംയുക്ത കിസാൻ മോർച്ച ദക്ഷിണേന്ത്യൻ കോ ഓർഡിനേറ്റർ പി.ടി. ജോൺ മാധ്യമ സിൻഡിക്കറ്റിനോട് പറഞ്ഞു. നെല്ല് സർക്കാർ സംഭരിക്കുന്നുണ്ടെങ്കിലും കൃഷിക്കാർക്ക് അതിൻ്റെ പണം ലഭിക്കുന്നില്ല. മറ്റൊരു വിഭവമായ തേങ്ങയാവട്ടെ പൂർണമായും സംഭരിക്കാൻ സർക്കാർ തയ്യാറാവുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പ്രകൃതി ദുരന്തങ്ങളും, മഹാമാരികളും, ഒപ്പം വന്യമൃഗങ്ങളുടെ ശല്യവും കാരണം ഒന്നും ഉൽപാദിപ്പിക്കാൻ കഴിയാതെ കർഷകർ നട്ടം തിരിയുമ്പോഴാണ് ബാങ്കുകള്‍ ഇരുട്ടടിയുമായി രംഗത്തെത്തിയിരിക്കുന്നതെന്ന് കർഷക കോൺഗ്രസ് ജില്ലാ പ്രസിഡന്റ് വി.എന്‍. ശശീന്ദ്രൻ മാധ്യമ സിൻഡിക്കറ്റിനോട് പറഞ്ഞു. ഇന്ന് കൃഷി ലാഭകരമായ ഒരു ഏർപ്പാടല്ലാതെ മാറി. കർഷകർ കൃഷി ചെയ്തിട്ട് വിളവെടുക്കാൻ കഴിയുന്നില്ലെങ്കിൽ അവരുടെ അധ്വാനം പാഴായി പോകുകയാണ് ചെയ്യുന്നത്. കൃഷി ലാഭകരമല്ലാത്തത് കൊണ്ട് കർഷകർ അത് ചെയ്യാത്ത സ്ഥിതിയിലേക്ക് എത്തി. നിലവിലെ ദയനീയമായ സ്ഥിതിയിൽ പോലും ഇത് അഡ്രസ് ചെയ്യപ്പെടാതെ പോകുകയാണെന്നും ശശീന്ദ്രൻ മാധ്യമ സിൻഡിക്കറ്റിനോട് പറഞ്ഞു.

സംസ്ഥാനത്തെ സഹകരണ ബാങ്കുകൾ നേരിടുന്ന തകർച്ചയും കർഷകർ നേരിടുന്ന പ്രതിസന്ധിക്ക് കാരണമായിട്ടുണ്ടെന്നും കർഷകർ ചൂണ്ടിക്കാട്ടുന്നു. മുമ്പ് പ്രാഥമിക – ജില്ലാ സഹകരണ ബാങ്കുകൾ നബാർഡിൻ്റെയും സർക്കാരിൻ്റെയും സബ്സിഡിയോടെ കാർഷിക വായ്പകൾ നൽകി കൃഷിയെ പ്രോത്സാഹിപ്പിക്കാനുള്ള സംവിധാനമായി നിലകൊണ്ടിരുന്നു. എൽഡിഎഫ് സർക്കാർ കേരള ബാങ്ക് എന്ന സംവിധാനമാക്കി മാറ്റിയതോടെ കാർഷിക ആവശ്യങ്ങൾക്ക് ലോൺ നൽകുന്നത് നിർത്തിയെന്നും കർഷകർ പറയുന്നു. കൊമേഴ്സ്യൽ ലോൺ, ഇൻഡസ്ട്രിയൽ ലോൺ, റിയൽ എസ്റ്റേറ്റ് ആവശ്യങ്ങൾക്ക് ലോൺ, കെട്ടിടത്തിനും ഫാക്ടറികൾക്കുമായി ലോൺ നൽകുന്നത് ചുരുക്കിയതും സബ്സിഡിയില്ലാതെ കാർഷിക ആവശ്യങ്ങൾക്ക് ഉയർന്ന പലിശക്ക് വായ്പ എടുക്കേണ്ടി വന്നതായും കർഷകർ ചൂണ്ടിക്കാട്ടി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top