‘ഹൃദ്യം’ പദ്ധതിയിലൂടെ 7000ലധികം കുഞ്ഞുങ്ങള്‍ക്ക് ഹൃദയ ശസ്ത്രക്രിയ; പരിചരണം ഉറപ്പാക്കാന്‍ അങ്കണവാടികളിലും സ്‌കൂളുകളിലും സ്‌ക്രീനിംഗ്

തിരുവനന്തപുരം: ജന്മനായുള്ള ഹൃദ്രോഗം ചികിത്സിക്കാനുള്ള ആരോഗ്യ വകുപ്പിന്റെ ഹൃദ്യം പദ്ധതിയിലൂടെ 7,272 കുഞ്ഞുങ്ങള്‍ക്ക് ഹൃദയ ശസ്ത്രക്രിയ നടത്തി. ഹൃദ്യം പദ്ധതിയിലൂടെ ചികിത്സയ്ക്കായി ആകെ 21,060 കുട്ടികളാണ് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 13,352 പേര്‍ ഒരു വയസിന് താഴെയുള്ളവരാണ്. കുഞ്ഞുങ്ങള്‍ക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

ഹൃദയ ശസ്ത്രക്രിയാ സംവിധാനം ശക്തിപ്പെടുത്തുന്നതിന് കൂടുതല്‍ ആശുപത്രികളില്‍ ഹൃദ്യം പദ്ധതി വ്യാപിപ്പിക്കാനുള്ള നടപടികള്‍ ആരംഭിച്ചു. ചികിത്സ തേടിയ കുഞ്ഞുങ്ങള്‍ക്ക് തുടര്‍ ചികിത്സ ഉറപ്പാക്കാനും തുടര്‍ നടപടികള്‍ ഏകീകരിക്കുന്നതിനുമായി ഹൃദ്യം വെബ്സൈറ്റ് വിപുലീകരിച്ചു. അടിയന്തര സ്വഭാവമുള്ള കേസുകളില്‍ 24 മണിക്കൂറിനകം വിദഗ്ധ ചികിത്സയും പദ്ധതിയിലൂടെ ഉറപ്പാക്കുന്നുണ്ട്.

നവജാത ശിശുക്കള്‍ മുതല്‍ 18 വയസ് വരെയുള്ള കുട്ടികള്‍ക്കാണ് ഈ പദ്ധതിയിലൂടെ സേവനം ലഭ്യമാക്കുന്നത്. സര്‍ക്കാര്‍ ആശുപത്രികളില്‍ ജനിക്കുന്ന മുഴുവന്‍ കുഞ്ഞുങ്ങള്‍ക്കും ഹൃദ്രോഗ പരിശോധന ഉറപ്പാക്കുന്നുണ്ട്. എല്ലാ കുട്ടികള്‍ക്കും പരിചരണം ഉറപ്പാക്കാന്‍ വീടുകളിലെത്തിയും അങ്കണവാടികളിലും സ്‌കൂളുകളിലും സ്‌ക്രീനിങ്ങും നടത്തുന്നുണ്ട്. ഹൃദ്രോഗ ലക്ഷണങ്ങള്‍ കണ്ടെത്തിയാല്‍ എക്കോ ഉള്‍പ്പെടെയുള്ള വിദഗ്ധ പരിശോധന നടത്തും. ഗര്‍ഭസ്ഥ ശിശുവിന് ഹൃദ്രോഗം കണ്ടെത്തിയാല്‍ പ്രസവം മുതലുള്ള തുടര്‍ ചികിത്സ ഉറപ്പാക്കുന്നുണ്ട്. സര്‍ക്കാര്‍ ആശുപത്രികളിളും, എംപാനല്‍ ചെയ്ത സ്വകാര്യ ആശുപത്രിയിലുമാണ് ശസ്ത്രക്രിയ ലഭ്യമാക്കുന്നത്.

നിലവില്‍ ഒന്‍പത് സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിലാണ് എംപാനല്‍ ചെയ്തിട്ടുള്ളത്. കോഴിക്കോട് മെഡിക്കല്‍ കോളേജ്, എറണാകുളം ജനറല്‍ ആശുപത്രി ഉള്‍പ്പെടെ കൂടുതല്‍ ആശുപത്രികളില്‍ കുഞ്ഞുങ്ങളുടെ ഹൃദയ ശസ്ത്രക്രിയ നടത്താനുള്ള സംവിധാനം വിപുലീകരിക്കും.

ഹൃദ്യത്തിലൂടെ ഹൃദ്രോഗ ചികിത്സ ലഭിച്ച കുഞ്ഞുങ്ങളുടെ ശാരീരികവും മാനസികവും ബൗദ്ധികവുമായ വളര്‍ച്ചയും വികാസവും ഉറപ്പാക്കുന്ന തുടര്‍പിന്തുണാ പദ്ധതിയും നിലവിലുണ്ട്. സാധാരണ കുഞ്ഞുങ്ങളെ അപേക്ഷിച്ച് ഇത്തരം കുട്ടികള്‍ക്ക് കൂടുതല്‍ പരിചരണം ആവശ്യമാണ്. ഈ കുഞ്ഞുങ്ങളെ പരിശോധന നടത്തി അതില്‍ പ്രശ്‌നമുണ്ടെന്ന് കണ്ടെത്തിയവര്‍ക്ക് ഡിസ്ട്രിക്റ്റ് ഏര്‍ളി ഇന്റര്‍വെന്‍ഷന്‍ സെന്ററുകള്‍ (District Early Intervention Centres) വഴി തുടര്‍ചികിത്സ ഉറപ്പാക്കുന്നുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top