കൊടുംകുറ്റവാളിയായ സുവിശേഷകൻ; പാസ്റ്ററെ പോലീസ് പൂട്ടിയത് അത്യാധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച്

ഫിലിപ്പൈൻസിൽ ദശലക്ഷക്കണക്കിന് ആളുകൾ പിന്തുടരുന്ന സുവിശേഷ പ്രസംഗകൻ അപ്പോളോ ക്വിബോലോയി അറസ്റ്റിലായി. 2000ലധികം പോലീസുകാരെ ഉപയോഗിച്ച് രണ്ടാഴ്ചയിലേറെ നടത്തുന്ന നീക്കങ്ങൾക്ക് ഒടുവിലാണ് പാസ്റ്റർ പിടിയിലായത്. എഫ്ബിഐ കൊടുംകുറ്റവാളി പട്ടികയിൽപെടുത്തിയിരിക്കുന്ന ക്വിബോലോയിക്കെതിരെ കുട്ടികളെയും സ്ത്രീകളെയും ലൈംഗിക ചൂഷണം ചെയ്തു, ലൈംഗിക ആവശ്യങ്ങള്‍ക്കായി കുട്ടികളെ കടത്തി എന്നീ കുറ്റങ്ങളാണ് നിലവിലുള്ളത്.

12 നും 25നും പ്രായമുള്ള പെൺകുട്ടികളെ തൻ്റെ പേഴ്സണൽ സ്റ്റാഫ്, സുവിശേഷകര്‍ എന്ന വ്യാജേനെ കടത്തിക്കൊണ്ട് വന്ന് ലൈംഗികമായി ചൂഷണം ചെയ്തുവെന്ന് അമേരിക്കൻ ജസ്റ്റിസ് ഡിപ്പാർട്ട്മെൻ്റ് 2021ൽ കണ്ടെത്തിയിരുന്നു. കോടതി ഉത്തരവ് പ്രകാരം ഫിലിപ്പൈൻസിലെ ദവാവോയിലെ അദ്ദേഹത്തിൻ്റെ സഭയായ കിംഗ്ഡം ഓഫ് ജീസസ് ക്രൈസ്റ്റിൻ്റെ (KOJC) ആസ്ഥാനത്തു നിന്നുമാണ് അറസ്റ്റ് ചെയ്തത്.

പാസ്റ്ററുടെ ആയിരക്കണക്കിന് അനുയായികൾ പോലീസിനെ 74 ഏക്കറോളം വരുന്ന പ്രാർത്ഥനാ കേന്ദ്രത്തിൻ്റെ ഗേറ്റിൽ തടഞ്ഞിരുന്നു. ഇതിനെ തുടന്ന് ഹെലികോപ്റ്ററുകളും അത്യാധുനിക സംവിധാനങ്ങളും ഉപയോഗിച്ച് നടത്തിയ തിരച്ചിലിലാണ് ക്വിബോലോയിയെ വലയിലാക്കിയത്. തെർമൽ ഇമേജിംഗും റഡാർ സാങ്കേതികവിദ്യയും ഉപയോഗിച്ച് നടത്തിയ തിരച്ചിലിൽ ഒരു ഭൂഗർഭ അറയ്ക്കുള്ളില്‍ സുവിശേഷകൻ ഒളിവിൽ താമസിക്കുന്നതായി പോലീസ് കണ്ടെത്തിയിരുന്നു. തുടർന്നാണ് നിർണായക നീക്കത്തിലൂടെ അറസ്റ്റ് ചെയ്തത്.

മുൻ ഫിലിപ്പൈൻസ് പ്രസിഡൻ്റ് റോഡ്രിഗോ ഡ്യൂട്ടേർട്ടിൻ്റെ ദീർഘകാല സുഹൃത്തായ അപ്പോളോ ക്വിബോലോയ് ‘പ്രപഞ്ചത്തിൻ്റെ ഉടമ’( owner of the universe), ‘ദൈവത്തിൻ്റെ നിയുക്ത പുത്രൻ’ (appointed son of god) എന്നാണ് സ്വയം പ്രഖ്യാപിച്ചിട്ടുള്ളത്. കറൻസി കള്ളക്കടത്ത്, വ്യാജ വിസ ഉപയോഗിച്ച് സഭാംഗങ്ങളെ അമേരിക്കയിൽ എത്തിച്ചു, ചാരിറ്റിയെന്ന പേരിൽ വൻ തുകകൾ തട്ടി ആഡംബര ജീവിതം നയിച്ചു എന്നിങ്ങനെ നിരവധി കുറ്റങ്ങൾ എഫ്ബിഐ പാസ്റ്റർക്ക് മേൽ ചുമത്തിയിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top