സ്കൂളിൽ പോകാൻ പറഞ്ഞ അമ്മയെ കൊലപ്പെടുത്തി മകൻ; ദുരൂഹതയുണർത്തി നോട്ടുകെട്ടുകൾ
അമ്മ അപകടത്തിൽ മരിച്ചുവെന്ന് പിതാവിനെയും പോലീസിനെയും തെറ്റിദ്ധരിപ്പിച്ച മകൻ കൊലപാതക കേസിൽ അറസ്റ്റിൽ. ചെന്നൈയിലെ ഭാഭ ആറ്റോമിക് റിസർച്ച് സെൻ്ററിലെ അസിസ്റ്റൻ്റ് സയൻ്റിസ്റ്റായ രാം മിലൻ്റെ ഭാര്യ ആരതി വർമയാണ് മരിച്ചത്. ഉത്തർപ്രദേശിലെ ഗോരഖ്പൂരിലാണ് സംഭവം. സ്കൂൾ വിദ്യാർത്ഥിയായ ഇവരുടെ മകനെ പോലീസ് അറസ്റ്റു ചെയ്തു.
സ്കൂളിൽ പോകുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ തർക്കത്തിനിടയിലാണ് ആരതി കൊല്ലപ്പെട്ടത്. വിദ്യാർത്ഥിയുടെ പക്കൽ ഉണ്ടായിരുന്ന പണത്തെച്ചൊല്ലി ഇരുവരും തമ്മിൽ വഴക്ക് ഉണ്ടായി. പ്രകോപിതനായ കുട്ടി അമ്മയെ തള്ളി തറയിലിട്ട് തലയിൽ മാരകമായ പരുക്കേൽപ്പിക്കുകയായിരുന്നു. ആരതി മരിച്ചെന്ന് ഉറപ്പിച്ച മകൻ വീട് പൂട്ടി കടന്നു കളയുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കുട്ടിയുടെ മുറിയിൽ നിന്നും 100,200,500 രൂപയുടെ നോട്ടുകെട്ടുകളും കണ്ടെത്തിയതായി അവർ കൂട്ടിച്ചേർത്തു.
നാല് ദിവസങ്ങൾക്ക് ശേഷം ഗോരഖ്പൂരിലെ ഒരു ശിവക്ഷേത്രത്തിൻ്റെ പരിസരത്ത് വച്ചാണ് പിന്നീട് വിദ്യാർത്ഥിയെ പോലീസ് കണ്ടെത്തിയത്. അമ്മ അബദ്ധത്തില്‍ തറയിൽ വീണ് മരിച്ചു. ഇതുകണ്ട് പരിഭ്രാന്തിയിലായ താൻ വീട് പൂട്ടി നാല് ദിവസം ലക്ഷ്യമില്ലാതെ അലഞ്ഞു തിരിഞ്ഞ് നടക്കുകയായിരുന്നു എന്നാണ് ആദ്യം പിതാവിനേടും പോലീസിനോടും പറഞ്ഞത്. എന്നാൽ പോസ്റ്റുമോർട്ടം റിപ്പോർട്ടും കുട്ടിയുടെ മൊഴിയും തമ്മിൽ ഒത്തുപോകാതെ വന്നതോടെ വീണ്ടും ചോദ്യം ചെയ്യുകയായിരുന്നു.
വീട്ടിലെ രണ്ട് വ്യത്യസ്ത സ്ഥലങ്ങളിൽ നിന്ന് രക്തക്കറ കണ്ടെത്തിയപ്പോൾ തന്നെ സംശയമുണ്ടായിരുന്നതായി പോലീസ് പറയുന്നു. ഈ തെളിവ് മൃതദേഹം വലിച്ചിഴച്ചതാണെന്ന് സൂചിപ്പിക്കുന്നതാണ്. മറ്റാരെങ്കിലും കൊലപാതകം നടത്തിയ ശേഷമാണോ കുട്ടി മൃതദേഹം കണ്ടത് എന്ന സംശയമുണ്ടായിരുന്നു. പുറത്തുനിന്നുള്ളവരാരും വീട്ടിൽ കയറിയിട്ടില്ലെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്നും വ്യക്തമായതായി പോലീസ് പറഞ്ഞു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here