അമ്മയ്ക്ക് നാല്‍പ്പത് വര്‍ഷം കഠിന തടവ്; ശിക്ഷ ഏഴ് വയസുളള മകളെ പീഡിപ്പിക്കാന്‍ ഒത്താശ ചെയ്തതിന്

തിരുവനന്തപുരം: ഏഴ് വയസ്സുകാരിയായ മകളെ പീഡിപ്പിക്കാന്‍ കാമുകന് ഒത്താശ ചെയ്ത കേസില്‍ അമ്മയക്ക് നാല്‍പ്പത് വര്‍ഷവും ആറ് മാസവും കഠിന തടവ്. ഇരുപതിനായിരം രൂപ പിഴയും വിധിച്ചിട്ടുണ്ട്. തിരുവനന്തപുരം അതിവേഗ പോക്‌സോ കോടതി ജഡ്ജി ആര്‍.രേഖയാണ് ശിക്ഷ വച്ചത്. പിഴ അടച്ചില്ലെങ്കില്‍ ആറ് മാസം കൂടുതല്‍ തടവ് അനുഭവിക്കണം. ലീഗല്‍ സര്‍വീസസ് അതോറിട്ടി കുട്ടികള്‍ക്ക് നഷ്ട പരിഹാരം നല്‍കണമെന്നും കോടതി വിധിച്ചിട്ടുണ്ട്.

2018 മാര്‍ച്ച് മുതല്‍ 2019 സെപ്തംബര്‍ വരെയുള്ള കാലയളവിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. മനോരോഗിയായ ഭര്‍ത്താവിനെ ഉപേക്ഷിച്ച് കാമുകനൊപ്പം താമസിക്കുന്നതിനിടയിലാണ് മകളെ പീഡിപ്പിക്കാന്‍ അമ്മ ഒത്താശ ചെയ്തത്. കുട്ടി പല തവണ ക്രൂരമായ പീഡനത്തിന് ഇരയായി. സ്വകാര്യ ഭാഗങ്ങളില്‍ മുറിവേറ്റ കുട്ടി അമ്മയോട് വിവരം പറഞ്ഞെങ്കിലും അതൊന്നും കുഴപ്പമില്ലെന്നും മറ്റാരോടും പറയരുതെന്നുമായിരുന്നു മറുപടി. തുടര്‍ന്നും കുട്ടിയെ കാമുകന്റെ വീട്ടില്‍ കൊണ്ട് പോവുകയും അമ്മയുടെ സാന്നിധ്യത്തില്‍ പീഡനം ആവര്‍ത്തിക്കുകയായിരുന്നു.

കുട്ടിയുടെ പതിനൊന്ന് വയസുള്ള ചേച്ചിയേയും ഇയാള്‍ പീഡിപ്പിച്ചിരുന്നു. ഭീഷണിപ്പെടുത്തിയതിനാല്‍ കുട്ടികള്‍ വിവരം പുറത്ത് പറഞ്ഞില്ല. സഹോദരിമാര്‍ രക്ഷപെട്ട് അമ്മൂമ്മയുടെ വീട്ടില്‍ എത്തി വിവരം പറയുകയായിരുന്നു. ഇതിനിടെ ആദ്യ കാമുകനെ ഉപേക്ഷിച്ച് അമ്മ മറ്റൊരാളുമായി താമസമായിരുന്നു. ഇയാളും അമ്മയുടെ സഹായത്തോടെ ഏഴ് വയസുകാരിയെ പീഡിപ്പിച്ചു. അമ്മുമ്മ സംഭവം പുറത്തറിയിച്ച് കുട്ടികളെ ചില്‍ഡ്രന്‍സ് ഹോമിലേക്ക് മാറ്റുകയായിരുന്നു. അവിടെ നടന്ന കൗണ്‍സിലിംഗിലാണ് കുട്ടികള്‍ പീഡന വിവരങ്ങള്‍ പുറത്ത് പറഞ്ഞത്. വിചാരണയ്ക്കിടെ ഒന്നാം പ്രതി ആത്മഹത്യ ചെയതു. അതിനാല്‍ അമ്മയ്‌ക്കെതിരെ മാത്രമാണ് വിചാരണ നടന്നത്. കുട്ടികള്‍ ചില്‍ഡ്രന്‍സ് ഹോമിലാണ് നിലവില്‍ കഴിയുന്നത്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക്ക് പ്രോസിക്ക്യൂട്ടര്‍ ആര്‍.എസ്.വിജയ് മോഹന്‍, അഡ്വ.ആര്‍.വൈ.അഖിലേഷ് എന്നിവര്‍ ഹാജരായി. പള്ളിക്കല്‍ പോലീസ് ഇന്‍സ്‌പെക്ടര്‍മാരായിരുന്ന അനില്‍കുമാര്‍, ശ്രീജിത്ത് എന്നിവരാണ് കേസ് അന്വേഷിച്ചത്.ഇരുപത്തി രണ്ട് സാക്ഷികളും മുപ്പത്തിമൂന്ന് രേഖകളും ഹാജരാക്കി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top