വീണ്ടും അമ്മായിയമ്മ vs മരുമകള്‍; നിഷ്ക്രിയമായി പോലീസ്

തൃശൂര്‍: പഴയന്നൂര്‍ കല്ലേപ്പാടത്ത് വയോധികയെ മരുമകള്‍ ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. പരിക്കേറ്റ എണ്‍പത്തിമൂന്നുകാരി ഏലിയാമ്മ ആശുപത്രിയില്‍ ചികിത്സയിലാണ്. കൊല്ലം തേവലക്കരയില്‍ അമ്മായിയമ്മയെ ക്രൂരമായി മര്‍ദ്ദിക്കുന്ന മരുമകളുടെ വീഡിയോ പുറത്തുവന്നതിന് പിന്നാലെയാണ് സമാനമായ സംഭവം റിപ്പോര്‍ട്ട്‌ ചെയ്തിരിക്കുന്നത്. അധ്യാപികയായ മരുമകള്‍ സിനി മാത്യു അഞ്ചു വര്‍ഷമായി എലിയാമ്മയെ ഉപ്രദ്രവിക്കുകയാണെന്നും മുന്‍പും പലതവണ പരാതിപ്പെട്ടിട്ടും പോലീസ് നടപടി എടുത്തില്ലെന്നും എലിയാമ്മയുടെ മകള്‍ മേരി മാത്യു മാധ്യമ സിന്‍ഡിക്കറ്റിനോട്‌ പറഞ്ഞു.

ഇക്കഴിഞ്ഞ 12നാണ് എലിയാമ്മയുടെ മകന്‍ മാത്യു സക്കറിയയുടെ ഭാര്യ സിനി മാത്യു അടുപ്പില്‍ തീ ഊതുന്ന കുഴല്‍ കൊണ്ട് തോളിലും തലയിലും അടിച്ചതെന്നാണ് പരാതി. അടുത്ത ദിവസം അമ്മയെ കാണാന്‍ വന്ന ഏലിയാമ്മയുടെ പെണ്‍മക്കളാണ് ആശുപത്രിയില്‍ എത്തിച്ചത്. മകന്‍ മാത്യു വര്‍ഷങ്ങളായി വിദേശത്ത് ജോലി ചെയ്യുകയാണ്. എലിയാമ്മയുടെ പേരിലുള്ള 62 സെന്റ് സ്ഥലവും താമസിക്കുന്ന വീടും സിനിയുടെയും മാത്യുവിന്റെയും മൂന്ന് പെണ്‍കുട്ടികളുടെ പേരില്‍ എഴുതി നല്‍കണമെന്ന് പറഞ്ഞാണ് ഉപദ്രവമെന്നാണ് ആരോപണം. ‘അമ്മയ്ക്ക് സിനി ആഹാരം നല്‍കാത്തത് കൊണ്ട് കടയില്‍ നിന്ന് ഭക്ഷണം വാങ്ങി നല്‍കാന്‍ മാത്യു ആളെ ഏര്‍പ്പാടാക്കിയിട്ടുണ്ട്. എന്നാല്‍ ഭക്ഷണം കൊണ്ടുവരുന്ന വ്യക്തിയെ ഇക്കഴിഞ്ഞ ദിവസം സിനി ഭീഷണിപ്പെടുത്തിയത് കൊണ്ട് അതും മുടങ്ങി. അയല്‍പക്കത്തുള്ള ബന്ധുവാണ് വെള്ളവും മറ്റും നല്‍കുന്നത്. മാത്യുവിനെതിരെയും സിനി കള്ളക്കേസ് നല്‍കിയിട്ടുണ്ടെന്ന്’ മേരി പറഞ്ഞു.

ഏലിയാമ്മയുടെ ഭര്‍ത്താവ് അഞ്ചു കൊല്ലം മുന്‍പ് മരിച്ചു. അതിന് ശേഷമാണ് സിനിയുടെ ഉപദ്രവം തുടങ്ങിയതെന്നാണ് ആരോപണം. “ഇക്കഴിഞ്ഞ ജൂലൈയില്‍ വടക്കാഞ്ചേരി കോടതിയില്‍ പരാതി നല്‍കിയിരുന്നു. ഇതിനെത്തുടര്‍ന്ന് കോടതി ഇന്‍ജംഗ്ഷന്‍ ഓര്‍ഡര്‍ നല്‍കി. പരാതി അന്വേഷിച്ച് റിപ്പോര്‍ട്ട്‌ നല്‍കാന്‍ പോലീസിനോട് കോടതി നിര്‍ദേശിച്ചെങ്കിലും ഇതുവരെ ഒരു നടപടിയും ഉണ്ടായില്ല. നേരത്തെ പോലീസ് മൊഴി എടുത്തിരുന്നു എന്നാല്‍ റിപ്പോര്‍ട്ട്‌ നല്‍കിയില്ല. അതിക്രമം നടന്നെന്ന് ആരെങ്കിലും സാക്ഷി പറയണം അല്ലെങ്കില്‍ അമ്മ, നടന്ന സംഭവം വിവരിക്കണമെന്നാണ് പോലീസിന്റെ നിലപാട്. അവശനിലയിലുള്ള അമ്മ എങ്ങനെ വിവരിക്കും. എന്നാലും മരുമകള്‍ തല്ലിയിട്ടാണ് വയ്യാതായതെന്ന് അമ്മ പറഞ്ഞിരുന്നു. പോലീസ് കൃത്യമായി നടപടി എടുക്കുന്നില്ല”; മേരി പറഞ്ഞു. ഇപ്പോഴത്തെ പരാതി വന്നതോടെ നേരത്തെ കൊടുത്തിരുന്ന പരാതിയിലെ കേസിന്റെ നടപടി പോലീസ് അവസാനിപ്പിച്ചെന്ന് ആരോപണമുണ്ട്. സിനിക്കെതിരെ ഏലിയാമ്മ കളക്ടര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്. സിനിക്കെതിരെ ഐപിസി 341, 324 എന്നീ വകുപ്പുകളിലാണ് പഴയന്നൂര്‍ പോലീസ് കേസ് എടുത്തിരിക്കുന്നത്.

എന്നാല്‍ ഭര്‍ത്താവിന്റെ അമ്മയെ ഉപദ്രവിച്ചിട്ടില്ലെന്നും തന്നെയും മക്കളെയും വീട്ടില്‍ നിന്ന് ഇറക്കിവിടാന്‍ വ്യാജ പരാതി കൊടുത്തതാണെന്നും സിനി മാത്യു മാധ്യമ സിന്‍ഡിക്കറ്റിനോട്‌ പറഞ്ഞു. “ഭര്‍ത്താവ് എന്നെയും മക്കളെയും സംരക്ഷിക്കുന്നില്ലെന്ന് കാണിച്ച് ജൂലൈയില്‍ കോടതിയില്‍ പരാതി നല്‍കിയിരുന്നു. ഭര്‍ത്താവ് വിദേശത്ത് നിന്ന് അവധിക്ക് എത്തുമ്പോള്‍ നിരന്തരമായി മദ്യപിക്കുകയും എന്നെ ഉപദ്രവിക്കുകയും മക്കളെ പഠിക്കാന്‍ സമ്മതിക്കാതിരിക്കുകയും ചെയ്തിരുന്നു. ഞാനും പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പെണ്‍കുട്ടികളും ഗാര്‍ഹിക പീഡനം അനുഭവിച്ചാണ് ഭര്‍ത്താവിന്റെ വീട്ടില്‍ താമസിക്കുന്നത്. ഭര്‍ത്താവിന്റെയും അമ്മായിയമ്മയുടെയും ബന്ധുക്കളുടെയും ഉപദ്രവം സഹിക്കാന്‍ വയ്യാതെയാണ് പരാതി കൊടുത്തത്. ഇതിനുശേഷമാണ് എനിക്കെതിരെ ഭര്‍ത്താവും അമ്മായിയമ്മയും സഹോദരിമാരും ചേര്‍ന്ന് പരാതി നല്‍കിയത്. അരക്ഷിതാവസ്ഥയില്‍ കഴിയുന്ന എനിക്കും മക്കള്‍ക്കും കോടതി ഉത്തരവ് പ്രകാരം മാസം 10000 രൂപ ചിലവിന് നല്‍കുന്നുണ്ട്. ഇതിന്റെ വൈരാഗ്യത്തിലാണ് നിലവിലെ കള്ളപ്പരാതികള്‍. അമ്മായിയമ്മയെ ഞാന്‍ ഉപദ്രവിച്ചിട്ടില്ല. കൊല്ലത്ത് മരുമകള്‍ അമ്മായിയമ്മയെ മര്‍ദ്ദിച്ച സംഭവം മാധ്യമങ്ങള്‍ ഏറ്റെടുത്തത് കൊണ്ടാണ് ഇപ്പോള്‍ വീണ്ടും എനിക്കെതിരെ പരാതിയുമായി അവര്‍ വരുന്നത്”- സിനി പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top