യമൻ ജയിലിലെത്തി നിമിഷപ്രിയയെ അമ്മ നേരില്‍ കണ്ടു; 12 വര്‍ഷത്തിന് ശേഷമുള്ള ആദ്യ കൂടിക്കാഴ്ച; മോചനത്തിനുള്ള ചര്‍ച്ചകള്‍ തുടങ്ങിയേക്കും

സന (യമന്‍): യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് തടവില്‍ കഴിയുന്ന നിമിഷപ്രിയയെ നേരില്‍ കണ്ട് അമ്മ പ്രേമകുമാരി. 12 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അമ്മയും മകളും നേരില്‍ കാണുന്നത്. ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് മകളെ കാണാനുള്ള അനുമതി ലഭിച്ചത്. യമനിലെ വ്യവസായിയായ തമിഴ്‌നാട് സ്വദേശി സാമുവല്‍ ജറോമിനോടൊപ്പമാണ് പ്രേമകുമാരി യമനില്‍ എത്തിയത്.
യമനിലെ സമയമനുസരിച്ച് വൈകിട്ട് 6 വരെ മകളോടൊപ്പം തുടരാനാണ് അനുമതി ലഭിച്ചത്. ഇരുവരും ഒരുമിച്ച് ഉച്ചഭക്ഷണം കഴിച്ചു. സാമുവല്‍ ജെറോമിനും കൂടെയുണ്ടായിരുന്ന സഹായികള്‍ക്കും നിമിഷപ്രിയയെ കാണാന്‍ കഴിഞ്ഞില്ല. അതേസമയം നിമിഷപ്രിയയുടെ മോചനത്തിനായുള്ള ചര്‍ച്ചകള്‍ ഇന്ന് തന്നെ നടത്താനാണ് തീരുമാനം. യമനില്‍ സ്വാധീനമുള്ള വ്യക്തികളെ ചര്‍ച്ചയില്‍ ഇടപെടുത്താനും നീക്കമുണ്ട്.
2017ലാണ് യമൻ പൗരൻ തലാൽ അബ്ദുമഹ്ദിയെ കൊലപ്പെടുത്തിയ കുറ്റത്തിന് നിമിഷപ്രിയയെ വധശിക്ഷയ്ക്ക് വിധിക്കുന്നത്. നഴ്സായ നിമിഷപ്രിയ 2012ലാണ് യമനിൽ എത്തുന്നത്. ക്ലിനിക്കിൽ ജോലിക്കു കയറിയ നിമിഷപ്രിയ അബ്ദുമഹ്ദിയെ പരിചയപ്പെടുന്നു. തുടർന്ന് ഇരുവരും പങ്കാളിത്തത്തോടെ ക്ലിനിക്ക് തുടങ്ങാൻ തീരുമാനിച്ചു. വിവാഹിതയായ നിമിഷയെ തലാൽ ഭാര്യയാക്കാൻ ശ്രമിക്കുകയും ക്രൂരമായ പീഡനത്തിന് ഇരയാക്കുകയും പാസ്പോർട്ട് പിടിച്ചുവയ്ക്കുകയും ചെയ്തു. ഉപദ്രവം സഹിക്കാനാവാതെ തലാലിനെ അമിത ഡോസ് മരുന്ന് കുത്തിവെച്ച് ആത്മരക്ഷാർത്ഥം കൊല ചെയ്യേണ്ടി വന്നെന്നാണ് നിമിഷയുടെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞത്.
നിമിഷപ്രിയ കഴിയുന്ന ജയില്‍ ഹൂതി വിമതരുടെ നിയന്ത്രണത്തിലുള്ള സന എന്ന പ്രദേശത്താണ്. കൊല്ലപ്പെട്ടത് യമന്‍ പൗരനായതിനാല്‍ ഗോത്രതലവന്മാര്‍ തമ്മില്‍ സംസാരിച്ചാല്‍ മാത്രമേ അനുനയ നീക്കങ്ങളിലേക്കും ദയാധനം നല്കുന്നതിലേക്കും കടക്കുകയുള്ളൂ.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here