ആദ്യം തിലകൻ്റെ അമ്മ പിന്നീട് ഭാര്യ; 20-ാം വയസിൽ സത്യൻ്റെ നായികയും അമ്മയും; പൊന്നമ്മയുടെ തുടക്കം ഷീലയുടെ അമ്മയായി
എല്ലാ അഭിനേതാക്കളുടെയും അമ്മ എന്ന് വിശേഷണമുള്ള മലയാളികളുടെ പ്രിയപ്പെട്ട അഭിനേത്രി കവിയൂർ പൊന്നമ്മ (79) ഇന്ന് വിടവാങ്ങി. ആറു പതിറ്റാണ്ടിലേറെ നീണ്ടു നിന്ന സിനിമാ ജീവിതത്തിന് കൂടിയാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ അന്ത്യമായത്. 1962ല്‍ ശ്രീരാമ പട്ടാഭിഷേകം എന്ന സിനിമയിലൂടെയാണ് സിനിമയിലെ അരങ്ങേറ്റം. രാമായണം അടിസ്ഥാനമാക്കി ഒരുക്കിയ ചിത്രത്തില്‍ രാവണന്റെ ഭാര്യയായ മണ്ഡോദരിയുടെ വേഷമാണ് കൈകാര്യം ചെയ്തത്.
ജെ. ശശികുമാർ സംവിധാനം ചെയ്ത ‘കുടുംബിനി’ (1964 ) എന്ന സിനിമയിലൂടെയാണ് അവർ ആദ്യമായി അമ്മവേഷം ചെയ്യുന്നത്. ഷീലയുടെ അമ്മയായിട്ടാണ് ചിത്രത്തിൽ അവരെത്തിയത്. 1965ൽ പുറത്തിറങ്ങിയ ‘തൊമ്മൻ്റെ മക്കൾ’ എന്ന ചിത്രത്തിൽ സത്യന്‍, മധു തുടങ്ങിയ നായക നടന്‍മാരുടെ അമ്മയായി വേഷമിട്ടു. ഇരുപതാം വയസിലായിരുന്നു ഇത്. 1965ൽ ‘ഓടയിൽ നിന്ന്’ എന്ന ചിത്രത്തിൽ സത്യന്റെ നായികാകഥാപാത്രമായി വേഷമിട്ടിരുന്നു. ആ വർഷം തന്നെ സത്യന്റെ അമ്മവേഷവും ചെയ്തു എന്നത് കവിയൂർ പൊന്നമ്മയെന്ന അഭിനേത്രിയെ അടയാളപ്പെടുത്തുന്നു.
പിന്നീട് മലയാള സിനിമയിൽ തിളങ്ങി നിന്ന മിക്ക നടൻമാരുടേയും അമ്മവേഷം കൈകാര്യം ചെയ്യാനായി. സിനിമയിൽ തലമുറ മാറ്റം ഉണ്ടായെങ്കിലും മലയാളത്തിൻ്റെ അമ്മയായി പൊന്നമ്മ അപ്പോഴും തുടർന്നു. മോഹൻലാലിൻ്റെ അമ്മയായി വേഷമിട്ട കഥാപാത്രങ്ങൾക്ക് വലിയ രീതിയിൽ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റാൻ കഴിഞ്ഞു. അച്ഛനായി തിലകനും അമ്മയായി പൊന്നമ്മയും മകനായി മോഹൻലാലും മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട കോമ്പിനേഷനായി മാറി. 1973 ൽ പെരിയാർ എന്ന ചിത്രത്തിൽ തിലകൻ്റെയും അമ്മയായും അഭിനയിച്ചിട്ടുണ്ട്. എന്നാൽ തിലകൻ പിൽക്കാലത്ത് കവിയൂർ പൊന്നമ്മയുടെ ഭർത്താവിൻ്റെ വേഷങ്ങളിൽ പ്രക്ഷേകപ്രീതി പിടിച്ചുപറ്റുകയായിരുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here