അമ്മയുടെ ക്യാൻസർ ചികിത്സക്കുള്ള പണം ഓൺലൈൻ റമ്മിയിൽ നഷ്ടമായി; 26കാരൻ ജീവനൊടുക്കി
ഓൺലൈൻ റമ്മി കളിച്ച് പണം നഷ്ടപ്പെട്ട യുവാവ് ആത്മഹത്യ ചെയ്തു. ഫുഡ് ഡെലിവറി ജീവനക്കാരനായ ചെന്നൈ സ്വദേശി ആകാശാണ് (26) മരിച്ചത്. അമ്മയുടെ ക്യാൻസർ ചികിത്സക്കായി കരുതിയിരുന്ന പണമെടുത്താണ് ഇയാൾ ഓൺലൈൻ ഗെയിം കളിച്ചത്.
കോവിഡ് മഹാമാരിയുടെ സമയത്താണ് ആകാശ് ഓൺലൈൻ റമ്മികളിച്ച് തുടങ്ങുന്നത്. കഴിഞ്ഞ ദിവസമാണ് ആകാശിൻ്റെ അമ്മ, കാൻസർ ചികിത്സയ്ക്കായി സ്വരൂപിച്ച 30,000 രൂപ നഷ്ടപ്പെട്ടതായി കണ്ടെത്തിയത്. അമ്മയും സഹോദരനും പണം എവിടെയെന്ന് തിരക്കിയപ്പോൾ ഓൺലൈൻ ഗെയിമുകൾ കളിക്കാൻ പണം ഉപയോഗിച്ചതായി യുവാവ് സമ്മതിക്കുകയായിരുന്നു.
പണം നഷ്ടമായെന്ന് മനസിലായ അമ്മയും സഹോദരനും ആകാശിനെ ശാസിച്ചിരുന്നു. തുടർന്ന് ഇന്നലെ വൈകിട്ട് മൊബൈൽ ഫോൺ എടുത്ത് കൊണ്ട് യുവാവ് വീട്ടിൽ നിന്നും ഇറങ്ങിപ്പോകുകയായിരുന്നു. വീട്ടുകാർ അടുത്ത സുഹൃത്തുക്കളുടെ വീടുകളിൽ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
ഇന്ന് രാവിലെ താമസസ്ഥലത്തെ ടെറസിലാണ് മൃതദേഹം കണ്ടെത്തിയത്. ചെന്നൈ കോട്ടുപുറം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഓൺലൈൻ വാതുവെപ്പ് ആപ്പുകൾക്കും ഓൺലൈൻ വായ്പ തട്ടിപ്പിനും ഇരകളായി കഴിഞ്ഞ നാല് വർഷത്തിനിടെ 48 പേരാണ് തമിഴ്‌നാട്ടിൽ ആത്മഹത്യ ചെയ്തിരിക്കുന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here