സഞ്ജു ടെക്കിയുടെ എട്ട് വീഡിയോകള്‍ യുട്യൂബ് നീക്കം ചെയ്തു; നടപടി മോട്ടോര്‍ വാഹനവകുപ്പ് നല്‍കിയ പരാതിയെ തുടര്‍ന്ന്
കാര്‍ നീന്തല്‍ക്കുളമാക്കി ഓടിച്ച യുട്യൂബര്‍ സഞ്ജു ടെക്കിക്ക് എട്ടിന്റെ പണി നല്‍കി മോട്ടോര്‍ വാഹനവകുപ്പ്. ആലപ്പുഴ എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒ നല്‍കിയ പരാതിയെ തുടര്‍ന്ന് സഞ്ജു ടെക്കിയുടെ എട്ട് വീഡിയോകള്‍ യൂട്യൂബ് നീക്കം ചെയ്തു. മോട്ടോര്‍വാഹന നിയമങ്ങള്‍ ലംഘിച്ചു എന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നല്‍കിയത്.
മോട്ടോര്‍ വാഹനവകുപ്പിനെ കണക്കിന് പരിഹസിച്ച് യുട്യൂബര്‍ വീഡിയോ പോസ്റ്റ് ചെയ്തതോടെ വകുപ്പ് സഞ്ജുവിന്റെ യൂട്യൂബ് വീഡിയോകള്‍ പരിശോധിച്ചിരുന്നു. ഈ പരിശോധനയിലാണ് നിയമലംഘനം കണ്ടെത്തിയത്.
കാര്‍ നീന്തല്‍ക്കുളമാക്കി യാത്ര നടത്തിയ കേസില്‍ സഞ്ജുവിന്റെ ലൈസന്‍സ് ആജീവനാന്തം റദ്ദ് ചെയ്തിട്ടുണ്ട്. നിയമലംഘനത്തിന് ഉപയോഗിച്ച വാഹനത്തിന്റെ രജിസ്ട്രേഷന്‍ ഒരുവര്‍ഷത്തേക്ക് റദ്ദാക്കിയിട്ടുണ്ട്. നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതോടെ സഞ്ജുവിനെതിരെ കര്‍ശന നടപടിക്ക് ഹൈക്കോടതി നേരിട്ട് നിര്‍ദേശം നല്‍കിയിരുന്നു.
നിയമലംഘനം നടത്തിയതിന്റെ പേരില്‍ സഞ്ജുവിനെതിരെ മോട്ടോര്‍ വാഹനവകുപ്പിന്റെ നടപടിവന്നപ്പോള്‍ പത്ത് ലക്ഷം രൂപ മുടക്കിയാല്‍ പോലും കിട്ടാത്ത റീച്ചാണ് തന്റെ ചാനലിന് ലഭിച്ചതെന്നായിരുന്നു സഞ്ജുവിന്റെ പരിഹാസം. ഈ വീഡിയോ ഹൈക്കോടതിയുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഇതോടെയാണ് യൂട്യൂബര്‍ക്കെതിരെ നടപടി അധികൃതര്‍ കടുപ്പിച്ചത്. എടപ്പാളിലുള്ള മോട്ടോര്‍ വാഹനവകുപ്പിന്റെ ക്ലാസിലും ആശുപത്രിയില്‍ സേവനത്തിനും സഞ്ജുവിനെ നിയോഗിച്ചിരുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here