ജനക്കൂട്ടത്തിൻ്റെ ആവശ്യപ്രകാരം സ്പോട്ടിൽ ഫൈനടച്ച് മാതൃകയായ എംവിഡി ഉദ്യോഗസ്ഥർ ഇവരാണ്… വൈറൽ വീഡിയോക്ക് പിന്നിൽ

സാധാരണഗതിയിൽ വൻ സീനായി മാറുമായിരുന്ന ഒരു സാഹചര്യം… നാട്ടുകാരും ഉദ്യോഗസ്ഥരും തമ്മിൽ സംഘർഷം, ഉദ്യോഗസ്ഥർ വിളിച്ച് പോലീസെങ്ങാനും എത്തിയാൽ ലാത്തിയടി വരെ നടക്കാം, ഒടുക്കം ഉദ്യോഗസ്ഥരുടെ കൃത്യനിർവഹണം തടസപ്പെടുത്തിയതിന് കണ്ടാലറിയാവുന്ന നാട്ടുകാർക്കെതിരെ ജാമ്യമില്ലാ വകുപ്പിൽ കേസ്, എന്നിങ്ങനെ പലതും സംഭവിക്കാമായിരുന്ന ഒരു സാഹചര്യത്തെ തികഞ്ഞ കയ്യടക്കത്തോടെ നേരിട്ട മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥരുടെ ഒരു വീഡിയോ ഇക്കഴിഞ്ഞ രണ്ടുനാൾ കൊണ്ട് കേരളത്തിലിനി കാണാനാരും ബാക്കിയുണ്ടാകില്ല.

കൊല്ലം എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറായ അനിൽ ജി.എസ്, എഎംവിഐമാരായ അനീഷ് എസ്.യു, രമേശ് ഉണ്ണിത്താൻ എന്നിവരാണ് ആ വൈറൽ വീഡിയോയിലെ താരങ്ങൾ. അവരെ പക്ഷെ അത്രത്തോളം പോസിറ്റീവായല്ല സോഷ്യൽ മീഡിയ പരിഗണിക്കുന്നത് എന്നതാണ് സത്യം. നാട്ടുകാരെ പിടിച്ചുനിർത്തി പിഴയടപ്പിക്കുന്ന ഉദ്യോഗസ്ഥ മൂരാച്ചികളെ ഒന്ന് കൈകാര്യം ചെയ്തു കണ്ടതിൻ്റെ ആവേശത്തിലാണ് പ്രതികരണങ്ങൾ ഏറെയും. ഒപ്പം അവരോട് വാദിച്ച ചെറുപ്പക്കാരന് നിറഞ്ഞ കൈയ്യടിയും പലരും നൽകുന്നുണ്ട്.

ഇതുപോലെ പോലീസുകാർക്കെതിരെയും നാട്ടുകാർ പലയിടത്തും പ്രതിഷേധം പ്രകടിപ്പിച്ചിട്ടുണ്ട്. അവിടെയെല്ലാം പോലീസുകാർ നാട്ടുകാർക്ക് തെല്ലും വഴങ്ങാതെ സ്ഥലത്ത് നിന്ന് പോകുകയും, പിന്നീട് നാട്ടുകാർ ജാമ്യമില്ലാത്ത വകുപ്പിൽ പ്രതികളാകുകയും ചെയ്യുന്ന സ്ഥിതിയാണ് ഉണ്ടായിട്ടുള്ളത്. മോട്ടോർ വാഹനവകുപ്പുകാരെ ഇതുപോലെ വഴിയിൽ തടഞ്ഞുനിർത്തിയതിനും കേസുകൾ ഉണ്ടായിട്ടുണ്ട്. ഇവിടെ അതൊന്നും ഉണ്ടാകാതെ പോയത് വാഹനത്തിൽ ഉണ്ടായിരുന്ന ഉദ്യോഗസ്ഥർ തെറ്റ് തിരിച്ചറിഞ്ഞപ്പോൾ, പക്വതയോടെ പെരുമാറിയത് കൊണ്ട് മാത്രമാണ്.

കൊല്ലം ഓയൂർ ജംഗ്ഷന് സമീപം വെള്ളിയാഴ്ച വൈകിട്ടോടെയാണ് ഈ രംഗങ്ങൾ അരങ്ങേറിയത്. വീഡിയോ ഷൂട്ടുചെയ്ത ചെറുപ്പക്കാരനെ മറ്റാരോ പിടികൂടിയതിൻ്റെ രോഷമാണ് പ്രകടിപ്പിച്ചതെന്നും, തങ്ങൾ പിഴയൊന്നും അടിച്ചിട്ടില്ലെന്നും എംവിഐ അനിൽ ജി.എസ്. മാധ്യമ സിൻഡിക്കറ്റിനോട് പറഞ്ഞു. പൊല്യൂഷൻ സർട്ടിഫിക്കറ്റില്ലാതെ ഒരു വാഹനം പിടിക്കപ്പെട്ടാൽ ഉടനടി ഫൈൻ അടക്കേണ്ടതില്ല; ഏഴു ദിവസം സമയം കിട്ടും. അതിനുള്ളിൽ സർട്ടിഫിക്കറ്റ് എടുത്തശേഷം ഉദ്യോഗസ്ഥനെ കാണിച്ചാൽ മതിയാകും.

ഈ ഏഴുദിവസം സാവകാശം ഇക്കാര്യത്തിൽ തങ്ങൾക്കും ലഭിക്കുമായിരുന്നു. അത് ആ ചെറുപ്പക്കാരനെ പറഞ്ഞു മനസിലാക്കാൻ ശ്രമിച്ചെങ്കിലും അതിനുള്ള മാനസികാവസ്ഥയിൽ ആയിരുന്നില്ല അയാളപ്പോൾ. കാര്യമറിയാനായി വന്നുകൂടുന്ന ആളുകളെ കൊണ്ട് അവിടെ ഗതാഗതതടസവും ഉണ്ടാകുമെന്ന സ്ഥിതിയായി. അതിനാലാണ് അവർക്ക് മുന്നിൽ വച്ചുതന്നെ സ്വയം ഫൈനടച്ച് തർക്കം പരിഹരിക്കാമെന്ന് കരുതിയത്; എംവിഐ അനിൽ ജി.എസ്. പറയുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top