പെർമിറ്റ് ഫീസ് പിൻവലിക്കൽ വൈകിപ്പോയ തിരുത്തൽ; ജനങ്ങളെ കൊള്ളയടിച്ചെന്ന പ്രതിപക്ഷ പ്രചരണം തിരിച്ചടിയായി

ഒടുവില്‍ സര്‍ക്കാരും സി.പി.എമ്മും തിരുത്തല്‍ പാതയിലെത്തി. വര്‍ധിപ്പിച്ച കെട്ടിടനിര്‍മ്മാണ പെര്‍മിറ്റ് ഫീസ് പിന്‍വലിച്ചു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇടതു മുന്നണിക്കുണ്ടായ കനത്ത തിരിച്ചടിയാണ് മുഖംമിനുക്കല്‍ അനിവാര്യമാണെന്ന തിരിച്ചറിവില്‍ പാര്‍ട്ടിയെയും സര്‍ക്കാരിനെയും എത്തിച്ചത്. പാര്‍ട്ടി പ്രഖ്യാപിച്ച തിരുത്തല്‍ പ്രക്രിയയുടെ ഭാഗമാണ് ഫീസ് പിന്‍വലിക്കാനുള്ള തീരുമാനം.

കഴിഞ്ഞ വര്‍ഷം ഒറ്റയടിക്ക് 20 ഇരട്ടി വരെയായിരുന്നു നിര്‍മ്മാണ പെര്‍മിറ്റ് ഫീസ് വര്‍ധിപ്പിച്ചത്. പ്രതിപക്ഷത്തിന്റെ കടുത്ത എതിര്‍പ്പും സമരവും എല്ലാം അവഗണിച്ചു മുന്നോട്ടുപോയ സര്‍ക്കാരിന് ഈ വര്‍ധനയിലൂടെ ഉദ്ദേശിച്ച വരുമാനം നേടിയെടുക്കാന്‍ കഴിഞ്ഞെന്നും തോന്നുന്നില്ല. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഒരു വര്‍ഷമായി ഏതാണ്ട് നിലച്ച മട്ടായിരുന്നു. സാമ്പത്തിക ഞെരുക്കത്തില്‍ നിന്നു കരകയറാന്‍ പരമാവധി വിഭവ സമാഹരണം എന്ന ലക്ഷ്യത്തിലായിരുന്നു പെര്‍മിറ്റ് ഫീസ് വര്‍ധന. ഇതിലൂടെ 177.90 കോടി രൂപ തദ്ദേശ സ്ഥാപനങ്ങള്‍ക്കു കഴിഞ്ഞ വര്‍ഷം ലഭിെച്ചന്നും ഈ തുക പ്രാദേശിക വികസനത്തിനു പൂര്‍ണമായും വിനിയോഗിച്ചെന്നും സര്‍ക്കാര്‍ വിശദീകരിക്കുന്നു.

പ്രതിപക്ഷ സമ്മര്‍ദം മൂലം ഫീസ് കുറച്ചാല്‍ സര്‍ക്കാരിനും മുന്നണിക്കും ക്ഷീണമാകുമെന്നും വര്‍ധിപ്പിച്ച ഫീസില്‍ ഒരു രൂപ പോലും കുറയ്ക്കില്ലെന്നും ആയിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞത്. അതേസമയം, ഫീസ് വര്‍ധനയിലൂടെ ജനങ്ങളെ കൊള്ളയടിക്കുകയാണെന്ന പ്രതിപക്ഷത്തിന്റെ പ്രചാരണം കുറിക്കുകൊള്ളുകയും ചെയ്തു.

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തോല്‍വിക്കു ഫീസ് വര്‍ധന പ്രധാന ഘടകമായി എന്നാണ് ഇപ്പോള്‍ സി.പി.എമ്മും ഘടക കക്ഷികളും വിലയിരുത്തുന്നത്. നിരക്ക് കുറയ്ക്കണമെന്നു കഴിഞ്ഞ ദിവസം ചേര്‍ന്ന സി.പി.എം. സംസ്ഥാന സമിതി ആവശ്യപ്പെട്ടത് ഈ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു. അധികമായി വാങ്ങിയ തുക തിരിച്ചുനല്‍കുമെന്നും തദ്ദേശവകുപ്പ് മന്ത്രി എം.ബി. രാജേഷ് വ്യക്തമാക്കിയിട്ടുണ്ട്.

‘സര്‍ക്കാര്‍ ജനങ്ങളെ കൊള്ളയടിക്കുകയാണ്’ എന്ന പ്രതിപക്ഷ പ്രചാരണത്തില്‍ ജനങ്ങള്‍ വീണുപോകുന്നു എന്ന തോന്നല്‍ ഒരു വര്‍ഷം മുമ്പ് ഇടതുപക്ഷത്ത് ഉണ്ടായിരുന്നെങ്കില്‍ ഇത്ര വലിയ തിരിച്ചടി നേരിടേണ്ടി വരില്ലായിരുന്നു. എന്നാല്‍, ഇപ്പോള്‍ നടപ്പാക്കുന്ന തിരുത്തല്‍ നടപടികള്‍ വരാനിരിക്കുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലാണ് ഇടതുമുന്നണി. ഒപ്പം, സി.പി.എമ്മില്‍നിന്ന് മലവെള്ളപ്പാച്ചില്‍ പോലെ ബി.ജെ.പിയിലേക്ക് വോട്ട് ഒഴുകിപ്പോയി എന്ന യാഥാര്‍ഥ്യം പാര്‍ട്ടി തിരിച്ചറിയുകയും വേണം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top