എംപോക്‌സ് : എല്ലാ ജില്ലകളിലും കൂടുതല്‍ ഐസൊലേഷന്‍ സൗകര്യം; ലക്ഷണങ്ങള്‍ ഉള്ളവര്‍ ചികിത്സ തേടണമെന്ന് ആരോഗ്യവകുപ്പ്
സംസ്ഥാനത്ത് വീണ്ടും എംപോക്സ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജാഗ്രതാ നിര്‍ദേശം നല്‍കി ആരോഗ്യവകുപ്പ്. രണ്ട് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ കൂടുതല്‍ കേസുകള്‍ക്കുളള സാധ്യത മുന്നില്‍ കണ്ടാണ് ആരോഗ്യവകുപ്പ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സജ്ജമാക്കുന്നത്. എല്ലാ ജില്ലകളിലും കൂടുതല്‍ ഐസൊലേഷന്‍ സൗകര്യങ്ങളൊരുക്കാന്‍ ആരോഗ്യമന്ത്രി നിര്‍ദേശം നല്‍കി. ഇന്ന് രോഗം സ്ഥിരീകരിച്ച യുഎഇയില്‍ നിന്ന് എത്തിയ എറണാകുളം സ്വദേശിയുടെ സമ്പര്‍ക്കപ്പട്ടിക തയാറാക്കാനുള്ള ശ്രമത്തിലാണ് ആരോഗ്യവകുപ്പ്.
രോഗലക്ഷണങ്ങള്‍ പ്രകടമായതിന് ശേഷമാണ് പ്രധാനമായും രോഗം പകരുന്നത്. അതിനാല്‍ രോഗലക്ഷണങ്ങളുണ്ടായാല്‍ അത് മറ്റുള്ളവരിലേക്ക് പകരാതിരിക്കാന്‍ വളരെയേറെ ശ്രദ്ധിക്കണം. വിദേശ രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് എന്തെങ്കിലും രോഗലക്ഷണങ്ങള്‍ ഉണ്ടായാല്‍ ചികിത്സ തേടുകയും ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കുകയും വേണം. കൂടുതല്‍ കേസുകളുടെ സാധ്യത മുന്നില്‍ കണ്ട് എയര്‍പോര്‍ട്ടുകളിലുള്‍പ്പെടെ പ്രതിരോധം ശക്തമാക്കും. കോവിഡ് 19 , എച്ച്1 എന്‍1 ഇന്‍ഫ്ളുവന്‍സ എന്നിവയെപ്പോലെ പോലെ വായുവിലൂടെ പകരുന്ന ഒരു രോഗമല്ല എം പോക്സ്. രോഗം ബാധിച്ച വ്യക്തിയുമായി മുഖാമുഖം വരിക, നേരിട്ട് തൊലിപ്പുറത്ത് സ്പര്‍ശിക്കുക, ലൈംഗിക ബന്ധത്തിലേര്‍പ്പെടുക, ചുംബിക്കുക, രോഗി ഉപയോഗിച്ച കിടക്ക, വസ്ത്രം എന്നിവ ഉപയോഗിക്കുക തുടങ്ങിയവയിലൂടെ രോഗപ്പകര്‍ച്ചക്കുള്ള സാധ്യത വളരെയേറെയാണ്.പ്രായമായവര്‍, കുട്ടികള്‍, ഗര്‍ഭിണികള്‍ എന്നിവര്‍ പ്രത്യേകം ശ്രദ്ധിക്കണം.
പനി, തീവ്രമായ തലവേദന, കഴലവീക്കം, നടുവേദന, പേശി വേദന, ഊര്‍ജക്കുറവ് എന്നിവയാണ് എം പോക്‌സിന്റെ പ്രാരംഭ ലക്ഷണങ്ങള്‍. പനി തുടങ്ങി ഒരാഴ്ചയ്ക്കുള്ളില്‍ ദേഹത്ത് കുമിളകളും ചുവന്ന പാടുകളും പ്രത്യക്ഷപ്പെടാന്‍ തുടങ്ങുന്നു. മുഖത്തും, കൈകാലുകളിലുമാണ് കൂടുതല്‍ കുമിളകള്‍ കാണപ്പെടുന്നത്. ഇതിനുപുറമെ കൈപ്പത്തി, ജനനേന്ദ്രിയം എന്നീ ശരീരഭാഗങ്ങളിലും ഇവ കാണപ്പെടാം.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here