എംപോക്‌സിനുള്ള വാക്‌സിന്‍ പരീക്ഷണത്തില്‍ സിറം ഇന്‍സ്റ്റിറ്റ്യൂട്ട്; അന്തിമഘട്ടത്തിലെന്ന് കമ്പനി
കോവിഡ് വാക്‌സിന്‍ നിര്‍മ്മിച്ച പുണെയിലെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ എംപോക്‌സിനുള്ള വാക്‌സിനും ഒരുങ്ങുന്നു. വാക്സിന്റെ പരീക്ഷണങ്ങള്‍ അവസാനഘട്ടത്തിലാണെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് സിഇഒ. അദാര്‍ പുനെവാല വെളിപ്പെടുത്തി. ലോകത്ത് തന്നെ അപൂര്‍വ്വമായാണ് എംപോക്‌സിനുള്ള വാക്‌സിന്‍ നിര്‍മ്മാണം നടക്കുന്നത്. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ വ്യാപകമായി പടരുന്ന എംപോക്‌സ് മറ്റ് രാജ്യങ്ങളിലും റിപ്പോർട്ട് ചെയ്യുന്നണ്ട്. ഈ രോഗത്തിനുള്ള വാക്‌സിന്റെ ലഭ്യതകുറവ് വലിയ വെല്ലുവിളിയാണ്. സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പരീക്ഷണങ്ങള്‍ വിജയിച്ചാല്‍ അത് വലിയ നേട്ടമാകും. അമേരിക്ക, ഡെന്‍മാര്‍ക്ക്, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളിലാണ് നിലവില്‍ വാക്‌സിന്‍ നിര്‍മ്മാണം നടക്കുന്നത്.
എംപോക്‌സ് വ്യാപനത്തെ തുടര്‍ന്ന് ലോകാരോഗ്യ സംഘടന ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യയില്‍ ഇതുവരെ എംപോക്സ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെങ്കിലും വിമാനത്താവളത്തിലും അതിര്‍ത്തികളിലും കൃത്യമായ പരിശോധനവേണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം നിര്‍ദേശിച്ചിട്ടുണ്ട്. ഡല്‍ഹിയില്‍ സഫ്ദര്‍ജങ് ആശുപത്രി, റാംമനോഹര്‍ ലോഹ്യ ആശുപത്രി, ലേഡി ഹാര്‍ഡിംഗെ ആശുപത്രി എന്നിവിടങ്ങളില്‍ എംപോക്സ് പിടിപെട്ടവരെ ചികിത്സിക്കാന്‍ പ്രത്യേക ക്വാറന്റീന്‍ കേന്ദ്രങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.
എംപോക്സ് വ്യാപനത്തിന്റെ ഭാഗമായി സംസ്ഥാനത്തും ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്. രോഗം റിപ്പോര്‍ട്ട് ചെയ്ത രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് എന്തെങ്കിലും രോഗലക്ഷണങ്ങള്‍ ഉണ്ടായാല്‍ എയര്‍പോര്‍ട്ടില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്. കേന്ദ്ര മാര്‍ഗനിര്‍ദേശങ്ങളനുസരിച്ച് സംസ്ഥാനത്തെ എല്ലാ എയര്‍പോര്‍ട്ടുകളിലും സര്‍വൈലന്‍സ് ടീമിനെ നിയോഗിച്ചിട്ടുണ്ട്. രാജ്യത്ത് ആദ്യമായി എംപോക്സ് സ്ഥിരീകരിച്ചത് കേരളത്തിലായിരുന്നു. 2022ല്‍ എംപോക്‌സ് സ്ഥിരീകരിച്ച സമയത്ത് സംസ്ഥാനം സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് പ്രോസീജിയര്‍ (എസ്ഒപി)പുറത്തിറക്കിയിരുന്നു. അതനുസരിച്ചുള്ള ഐസൊലേഷന്‍, സാമ്പിള്‍ കളക്ഷന്‍, ചികിത്സ എന്നിവയെല്ലാം ആരോഗ്യവകുപ്പ് ഉറപ്പ് വരുത്തിയിട്ടുണ്ട്. എംപോക്‌സ് രോഗലക്ഷണങ്ങളുമായി ആരെങ്കിലും എത്തുന്നുണ്ടെങ്കില്‍ എല്ലാ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളും എസ്ഒപി കൃത്യമായി പാലിക്കണമെന്നാണ് ആരോഗ്യവകുപ്പിന്റെ നിര്‍ദേശം.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here