അജിത് കുമാര്‍ മുഖ്യമന്ത്രിയുടെ വിശ്വസ്തന്‍ തന്നെ; ആരോപണങ്ങളും അന്വേഷണവും ഒന്നും കണക്കിലെടുക്കാതെ ഡിജിപി റാങ്കിലേക്ക് സ്ഥാനക്കയറ്റം
ആര്‍എസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച, പൂരം അലങ്കോലമാക്കിയെന്ന ആരോപണം, അനധികൃത സ്വത്ത് സമ്പാദനത്തിന്റെ പേരിൽ വിജിലന്‍സ് അന്വേഷണം ഇതൊന്നും എഡിജിപി എം.ആര്‍.അജിത്കുമാറിനെ ഡിജിപി റാങ്കിലേക്ക് സ്ഥാനക്കയറ്റം നൽകുന്നതില്‍ നിന്ന് മാറ്റി നിര്‍ത്താനുള്ള കാരണങ്ങളല്ലെന്ന നിലപാടിലാണ് സംസ്ഥാന സര്‍ക്കാര്‍. അജിത് കുമാറിനെ ഡിജിപിയായി സ്ഥാനക്കയറ്റം നല്‍കാന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്റെ അധ്യക്ഷതയിലുള്ള സ്‌ക്രീനിങ് കമ്മിറ്റിയുടെ ശുപാര്‍ശയാണ് മന്ത്രിസഭാ യോഗം അംഗീകരിച്ചത്.
അന്വേഷണം നടക്കുന്നതുകൊണ്ടുമാത്രം സ്ഥാനക്കയറ്റം തടയാനാകില്ലെന്നാണ് സമതി നല്‍കിയിരിക്കുന്ന ശുപാര്‍ശ. സുപ്രീംകോടതി വിധികള്‍ ഉണ്ടെന്നും ശുപാര്‍ശയില്‍ പറയുന്നുണ്ട്. അത് സര്‍ക്കാര്‍ അതേപടി അംഗീകരിച്ചിരിക്കുകയാണ്. ചീഫ് സെക്രട്ടറിയും ഡിജിപിയും ആഭ്യന്തര സെക്രട്ടറിയും വിജിലന്‍സ് ഡയറക്ടറും അടങ്ങുന്ന സ്‌ക്രീനിങ് കമ്മിറ്റിയാണ് സ്ഥാനക്കയറ്റം ശുപാര്‍ശ ചെയ്തത്. ഇപ്പോഴത്തെ പൊലീസ് മേധാവി ഷേക്ക് ദര്‍വേഷ് സാഹിബ് 2025 ജൂലൈ 1ന് സര്‍വീസില്‍നിന്ന് വിരമിക്കുന്ന സാഹചര്യത്തിലാണ് അജിത്കുമാറിനെ ഡിജിപി റാങ്കിലേക്ക് സ്ഥാനക്കയറ്റം നല്‍കുന്നത്. സുരേഷ് രാജ് പുരോഹിതിനും ഡിജിപി റാങ്കിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചിട്ടുണ്ട്.
വിവാദങ്ങളുണ്ടായപ്പോള്‍ എംആര്‍ അജിത് കുമാറിനെ സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വീകരിച്ചിരുന്നത്. മുന്നണിയിലെ പ്രധാന കക്ഷിയായ സിപിഐ പലതവണ ആവശ്യപ്പെട്ടിട്ടും അജിത് കുമാറിനെതിരെ ഒരു നടപടിയും സ്വീകരിച്ചതുമില്ല. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പലവട്ടം നേരിട്ട് എകെജി സെന്ററില്‍ എത്തി ശക്തമായി സമ്മര്‍ദ്ദം ചെലുത്തിയപ്പോഴാണ് ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റി പേരിന് ഒരു നടപടി മുഖ്യമന്ത്രി സ്വീകരിച്ചത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here