ധോണിക്ക് നിയന്ത്രണം നഷ്ടപ്പെട്ടു; വാട്ടർ ബോട്ടിൽ ചവിട്ടി തെറിപ്പിച്ചു; വെളിപ്പെടുത്തി മുൻ സിഎസ്കെ താരം

കളിക്കളത്തിൽ ഏതു സാഹചര്യവും വളരെ സൗമ്യതയോടെ നേരിടുന്ന ക്രിക്കറ്റ് താരമാണ് എം.എസ്.ധോണി. പ്രതികൂല സാഹചര്യങ്ങളിലും ശാന്തമായി പെരുമാറുന്ന എം.എസ്.ധോണി ‘ക്യാപ്റ്റൻ കൂൾ’ എന്നാണ് പരക്കെ അറിയപ്പെടുന്നത്. എന്നാൽ, കളിക്കളത്തിൽ ധോണിയുടെ നിയന്ത്രണം നഷ്ടപ്പെടാനുണ്ടായ ഒരു സംഭവത്തെക്കുറിച്ച് വിവരിച്ചിരിക്കുകയാണ് ചെന്നൈ സൂപ്പർ കിങ്സിലെ മുൻ താരം സുബ്രഹ്മണ്യം ബദ്രിനാഥ്.

അദ്ദേഹവും ഒരു മനുഷ്യനാണ്, അദ്ദേഹത്തിനും നിയന്ത്രണം നഷ്ടപ്പെടാം എന്നാണ് ഇൻസൈഡ്സ്പോർട്സിനു നൽകിയ അഭിമുഖത്തിൽ ബദ്രിനാഥ് അഭിപ്രായപ്പെട്ടത്. ”ചെന്നൈയിൽ നടന്ന ആർസിബിക്കെതിരായ മൽസരത്തിൽ ഞങ്ങൾ 110 റൺസ് പിന്തുടർന്നാണ് കളിക്കാനിറങ്ങിയത്. ഒരു ഘട്ടത്തിൽ പല വിക്കറ്റുകളും ഞങ്ങൾക്ക് നഷ്ടമായി. കളി ഏതാണ്ട് ഞങ്ങൾ തോൽക്കുമെന്ന് ഉറപ്പായി. എൽബിഡബ്ല്യുവിലൂടെ ഞാനും പുറത്തായി. ഞാൻ ഡ്രസിങ് റൂമിനകത്ത് നിൽക്കുകയായിരുന്നു. ധോണി അകത്തേക്ക് വന്നു. അവിടെ ചെറിയൊരു വാട്ടർ ബോട്ടിൽ ഉണ്ടായിരുന്നു. നിയന്ത്രണം നഷ്ടപ്പെട്ട ധോണി വാട്ടർ ബോട്ടിൽ ചവിട്ടി തെറിപ്പിച്ചു. ഞങ്ങൾക്ക് ആർക്കും അദ്ദേഹത്തിന്റെ മുഖത്തേക്ക് നോക്കാൻ കഴിഞ്ഞില്ല”- ബദ്രിനാഥ് പറഞ്ഞു.

ഐപിഎൽ താരലേലത്തിന് മാസങ്ങൾ മാത്രം അവശേഷിക്കെ ധോണിയുടെ ഭാവി അനിശ്ചിതത്വത്തിലാണ്. ഐപിഎല്ലിൽനിന്നും വിരമിക്കുമെന്നുള്ള ഊഹാപോഹങ്ങൾ ശക്തമാകുമ്പോഴും 2025 ലെ ഐപിഎല്ലിൽ താൻ ഉണ്ടാകുമോയെന്ന് ധോണി ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top