ധോണിയോട് ക്ഷമിക്കില്ല, യുവരാജിന്റെ കരിയർ നശിപ്പിച്ചു; തുറന്നടിച്ച് യോഗ്‌രാജ് സിങ്
ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ എംഎസ് ധോണിയെ രൂക്ഷായി വിമർശിച്ച് യുവരാജ് സിങ്ങിന്റെ പിതാവ് യോഗ്‌രാജ് സിങ്. യുവരാജിന്റെ കരിയർ നശിപ്പിച്ചത് ധോണിയാണെന്നും ഒരിക്കലും ധോണിക്ക് മാപ്പ് നൽകില്ലെന്നും സീ സ്വിച്ച് എന്ന യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
”എം.എസ്.ധോണിയോട് ഞാൻ ഒരിക്കലും ക്ഷമിക്കില്ല. ധോണി തന്റെ മുഖം കണ്ണാടിയിൽ നോക്കണം. ധോണി വലിയൊരു ക്രിക്കറ്റ് കളിക്കാരനാണ്, പക്ഷേ എന്റെ മകനെതിരെ ചെയ്തതെല്ലാം ഇപ്പോൾ പുറത്തുവരുന്നു. അതൊന്നും ഒരിക്കലും എനിക്ക് പൊറുക്കാനാവില്ല. ജീവിതത്തിൽ ഞാൻ ചെയ്യാത്ത രണ്ടു കാര്യങ്ങളുണ്ട്. ഒന്ന്, എന്നോട് തെറ്റ് ചെയ്ത ആരോടും ഞാൻ ക്ഷമിച്ചിട്ടില്ല. രണ്ട്, ജീവിതത്തിൽ ഒരിക്കലും ഞാനവരെ ആലിംഗനം ചെയ്തിട്ടില്ല, അതെന്റെ കുടുംബാംഗങ്ങളോ മക്കളോ ആകട്ടെ, ഞാൻ ചെയ്തിട്ടില്ല,” യോഗ്‌രാജ് സിങ് അഭിമുഖത്തിൽ പറഞ്ഞു.
2019 ലാണ് യുവരാജ് സിങ് രാജ്യാന്തര ക്രിക്കറ്റിൽനിന്ന് വിരമിച്ചത്. യുവരാജിന് നേരത്തെ വിരമിക്കേണ്ടി വന്നത് ധോണി കാരണമാണെന്നും യോഗ്‌രാജ് കുറ്റപ്പെടുത്തിയിട്ടുണ്ട്. യുവരാജിന് 4-5 വർഷം കൂടി കരിയറിൽ തുടരാമായിരുന്നു. പക്ഷേ, ധോണി കാരണം ക്രിക്കറ്റ് കരിയർ നേരത്തെ അവസാനിപ്പിക്കേണ്ടതായി വന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ധോണിയെ രൂക്ഷമായി വിമർശിച്ച് യോഗ്‌രാജ് രംഗത്തെത്തുന്നത് ഇതാദ്യമല്ല. 2024 ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സ് തോറ്റതിന് കാരണം ധോണിയാണെന്നും യുവരാജിനോട് ധോണിക്ക് അസൂയയാണെന്നും യോഗ്‌രാജ് ആരോപിച്ചിരുന്നു. യോഗ്‌രാജിന്റെ ആരോപണങ്ങളോട് ഒരിക്കലും ധോണി പ്രതികരിച്ചിട്ടില്ല.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here