ആസിഫ് അലിയില്‍ നിന്നും മൊമന്റോ സ്വീകരിച്ചില്ല; രമേശ്‌ നാരായണനെതിരെ പ്രതിഷേധം; ആരോപണം നിഷേധിച്ച് സംഗീത സംവിധായകന്‍

സംഗീത സംവിധായകന്‍ രമേശ്‌ നാരായണന് എതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം. നടൻ ആസിഫ് അലിയെ അപമാനിച്ചെന്ന് ആരോപിച്ചാണ് രോഷം. എം.ടി.വാസുദേവൻ നായരുടെ ഒൻപത് കഥകളെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന ‘മനോരഥങ്ങളു’ടെ ട്രെയ്‌ലർ ലോഞ്ചിനിടെയാണ് വിവാദം. നടന്‍ ആസിഫ് അലിയില്‍ നിന്നും മൊമന്റോ സ്വീകരിക്കാന്‍ രമേശ്‌ നാരായണന്‍ തയ്യാറാകാത്തതാണ് വിവാദത്തിനു വഴിവച്ചത്. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതിനു പിന്നാലെയാണ് വിമര്‍ശനം ശക്തമായത്.

രമേശ് നാരായണന് മൊമന്റോ സമ്മാനിക്കാൻ സംഘാടകർ ആസിഫ് അലിയെയായിരുന്നു ക്ഷണിച്ചത്. എന്നാൽ ആസിഫ് അലിയിൽനിന്ന് രമേശ് നാരായണൻ സ്വീകരിച്ചില്ല. പകരം സംവിധായകൻ ജയരാജിനെ വിളിച്ചുവരുത്തി ആസിഫിന്റെ കൈയിൽനിന്ന് പുരസ്‌കാരമെടുത്ത് ജയരാജിനു കൈമാറി. തുടർന്ന് ജയരാജ് രമേഷ് നാരായണന് പുരസ്കാരം നൽകുകയായിരുന്നു. ആസിഫ് അലിയോട് സംസാരിക്കാന്‍ രമേശ് നാരായണൻ തയ്യാറായതുമില്ല. മോശം പെരുമാറ്റമാണ് രമേശ് നാരായണനിൽ നിന്നുണ്ടായതെന്നും മാപ്പ് പറയണമെന്നുമാണ് സോഷ്യൽ മീഡിയ ആവശ്യപ്പെടുന്നത്.

വിവാദം കനത്തതോടെ രമേശ്‌ നാരായണന്‍ പ്രതികരണവുമായി രംഗത്തെത്തി. ആസിഫിനെ ശ്രദ്ധിച്ചില്ലെന്നത് വാസ്തവമാണെങ്കിലും അപമാനിക്കുകയോ വിവേചനം കാണിക്കുകയോ ചെയ്തിട്ടില്ലെന്ന് രമേശ് നാരായണൻ പ്രതികരിച്ചത്. “സന്തോഷ് നാരായണൻ എന്ന പേരാണ് അവിടെ അനൗൺസ് ചെയ്തത്. അതിനുപിന്നാലെ ആസിഫ് വന്ന് മെമന്റോ ഏൽപ്പിച്ച് പോയി. ആസിഫ് എനിക്കാണോ ഞാൻ ആസിഫിനാണോ മെമന്റോ നൽകേണ്ടതെന്ന് പോലും വ്യക്തമായില്ല. മൊമന്റോ എന്നെ ഏൽപ്പിച്ച് ആസിഫ് ആശംസ പറയാതെ പോയി. തുടർന്നാണ് ഞാൻ ജയരാജിനെ വിളിച്ചത്.” രമേശ്‌ നാരായണന്‍ പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top