എംടിയുടെ മടക്കം ഇന്ന്; പൊതുദര്‍ശനമില്ല; മാവൂര്‍ റോഡ് ശ്മശാനത്തില്‍ സംസ്‌കാര ചടങ്ങുകള്‍
എം.ടി.വാസുദേവന്‍ നായരുടെ ആഗ്രഹപ്രകാരമാണ് പ്രത്യേക പൊതുദര്‍ശനം ഒഴിവാക്കിയത്. ഇന്നലെ രാത്രി തന്നെ കോഴിക്കോട് കൊട്ടാരം റോഡിലെ വസതിയായ സിതാരയില്‍ എത്തിച്ചിട്ടുണ്ട്. ഇവിടെ എത്തുന്നവര്‍ക്ക് അന്തിമോപചാരം അര്‍പ്പിക്കാനുളള ക്രമീകരണമാണ് ഒരുക്കിയിരിക്കുന്നത്. സംസ്‌കാരം വൈകിട്ട് 5ന് നടക്കും. മാവൂര്‍ റോഡ് ശ്മശാനത്തിലാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുന്നകത്.
എംടിയുടെ വിയോഗ വാര്‍ത്തയറിഞ്ഞപ്പോള്‍ നിരവധി പ്രമുഖരാണ് കോഴിക്കോട്ടേക്ക് എത്തുന്നത്. സാഹിത്യ, സിനിമാ, രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ വീട്ടിലേക്കു വന്നുകൊണ്ടിരിക്കുകയാണ്. നടന്‍ മോഹന്‍ലാല്‍, എം.എന്‍.കാരശേരി, മന്ത്രി എ.കെ.ശശീന്ദ്രന്‍, ഷാഫി പറമ്പില്‍ എംപി, എം.സ്വരാജ്, പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ തുടങ്ങിയവര്‍ വീട്ടിലെത്തി.
എംടിയുടെ സ്‌നേഹം വേണ്ടുവോളം അനുഭവിക്കാന്‍ ഭാഗ്യമുണ്ടായെന്ന് നടന്‍ മോഹന്‍ലാല്‍ അനുസ്മരിച്ചു. തനിക്ക് ഏറ്റവും നല്ല കഥാപാത്രങ്ങള്‍ തന്ന വ്യക്തിയാണ് എംടി. നിരന്തരം നേരില്‍ കാണുന്നില്ലെങ്കിലും തമ്മില്‍ നല്ല സ്‌നേഹ ബന്ധമുണ്ടായിരുന്നു. ഞാന്‍ അഭിനയിച്ച നാടകങ്ങള്‍ കാണാന്‍ അദ്ദേഹം മുംബൈയില്‍ എത്തിയിരുന്നു. തമ്മില്‍ വൈകാരികമായ അടുപ്പം ഉണ്ടായിരുന്നു എന്നും മോഹന്‍ലാല്‍ പറഞ്ഞു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here