‘തെറ്റുപറ്റിയാൽ സമ്മതിക്കുന്ന പതിവ് ഇവിടെ ഒരു മഹാരഥനുമില്ല, അധികാരമെന്നാൽ സർവ്വാധിപത്യമായി മാറി’; മുഖ്യമന്ത്രിയെ വേദിയിലിരുത്തി എംടിയുടെ വിമർശനം

കോഴിക്കോട്: അധികാരമെന്നാൽ ജനസേവനത്തിനുള്ള അവസരമെന്ന സിദ്ധാന്തത്തെ കുഴിവെട്ടി മൂടിയെന്നും അധികാരമെന്നാൽ ആധിപത്യമോ സർവ്വാധിപത്യമോ ആയി മാറിയെന്നും എം.ടി.വാസുദേവൻ നായർ. മുഖ്യമന്ത്രിയെ വേദിയിലിരുത്തിയാണ് എംടിയുടെ രൂക്ഷ വിമർശനം. നയിക്കാൻ ഏതാനും പേരും നയിക്കപ്പെടാൻ അനേകരും എന്ന സങ്കൽപ്പം മാറ്റിയെടുത്തത് ഇഎംഎസ് ആയിരുന്നെന്നും അതുകൊണ്ടാണ് ഇഎംഎസ്സിനെ നേതൃത്വ പൂജകളിലൊന്നും കാണാതിരുന്നതെന്നും എംടി പറഞ്ഞു. തെറ്റുപറ്റിയാൽ സമ്മതിക്കുന്ന പതിവ് ഇവിടെ ഒരു മഹാരഥനുമില്ലെന്ന് പറഞ്ഞ അദ്ദേഹം ഇഎംഎസ് തെറ്റുപറ്റിയാല്‍ സമ്മതിക്കുമായിരുന്നെന്നും പറഞ്ഞു. കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ ഉദ്‌ഘാടന വേദിയിൽവച്ചായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
“റഷ്യൻ വിപ്ലവത്തിൽ പങ്കെടുത്ത ജനാവലി ആൾക്കൂട്ടമായിരുന്നു. ഈ ആൾക്കൂട്ടത്തെ എളുപ്പം ക്ഷോഭിപ്പിക്കാം, ആരാധകരാക്കാം, പടയാളികളുമാക്കാം. ആൾക്കൂട്ടം ഉത്തരവാദിത്തമുള്ള ഒരു സമൂഹമായി മാറുകയും സ്വയം കരുത്ത് നേടി സ്വാതന്ത്ര്യം ആർജിക്കുകയും വേണം. ഭരണാധികാരികൾ എറിഞ്ഞു കൊടുക്കുന്ന ഔദാര്യത്തുണ്ടുകളല്ല സ്വാതന്ത്ര്യം” എന്നാണ് എംടി പറഞ്ഞത്. ചരിത്രപരമായ ഒരാവശ്യത്തെപ്പറ്റി പറയാൻ ആഗ്രഹിക്കുന്നു എന്ന് പറഞ്ഞാണ് എംടി മുഖ്യപ്രഭാഷണം തുടങ്ങിയത്. അദ്ദേഹത്തിന്റെ പ്രസംഗം കഴിഞ്ഞതിന് പിന്നാലെ ഉദ്‌ഘാടകനായിരുന്ന മുഖ്യമന്ത്രി വേദിയിൽ നിന്നും പോയി.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here