സ്വതവേ പരുക്കൻ, മിതഭാഷി; എന്നിട്ടും അവസാന വേദി ഹൃദയഹാരിയാക്കി എംടി; മൗനം വാചാലമാക്കി മമ്മൂട്ടിയോട് ഹൃദയം ചേർത്ത നിമിഷങ്ങൾ…
ഒരേസമയം സിനിമയും സാഹിത്യവും ഇത്രമേൽ വഴങ്ങിയ മറ്റൊരു പ്രതിഭ മലയാളത്തിൽ ഉണ്ടായിട്ടില്ല. ഇനി ഉണ്ടാകാനും സാധ്യത കുറവ്. അതാണ് എംടി വാസുദേവന്‍ നായർ. സാഹിത്യ രചനകളിലെ അതേ മാന്ത്രികത തിരക്കഥകളിലും എങ്ങനെ ആവാഹിച്ചു എന്നത് ഏവരെയും അമ്പരിപ്പിക്കുന്നത് ആണ്. നോവലുകളില്‍ ഒഴുക്കോടെയുള്ള വായന സമ്മാനിക്കുമ്പോള്‍, സിനിമകളില്‍ നെഞ്ചില്‍ കനൽ കോരിയിടുന്ന അതി തീക്ഷണമായ ജീവിത സന്ദര്‍ഭങ്ങളാണ് അദ്ദേഹം സൃഷ്ടിച്ചിരിക്കുന്നത്.
ഏഴ് ചിത്രങ്ങള്‍ സംവിധാനം ചെയ്തു, 54 എണ്ണത്തിന് തിരക്കഥയെഴുതി. 1973ൽ സംവിധാനം ചെയ്ത നിർമാല്യത്തിലൂടെ ദേശീയ പുരസ്കാരവും സംസ്ഥാന അവാർഡും ഒരുപോലെ എംടിയെ തേടിയെത്തി. അതേസമയം സംവിധാനം ചെയ്ത ചിത്രങ്ങളേക്കാൾ അദ്ദേഹം ഒരുക്കിയ തിരക്കഥകൾ ആസ്വാദനത്തിൻ്റെ മറ്റൊരു ലോകത്തേക്കാണ് കാണികളെ എത്തിച്ചത്. വടക്കൻ പാട്ടുകളിലെ ചതിയൻ ചന്തുവിനെ ആകമാനം മാറ്റിവരച്ചപ്പോൾ ആ കഥാപാത്രത്തെ മലയാളികൾ നെഞ്ചേറ്റിയതാണ് എംടിയുടെ മാജിക്.
ദേശീയ അവാർഡിൻ്റെ തിളക്കത്തിന് അപ്പുറം, എംടി സൃഷ്ടിച്ച കഥാപാത്രങ്ങളിലൂടെ മമ്മൂട്ടി എന്ന നടന്‍ മറ്റൊരു തലത്തിലേക്ക് എത്തി. മമ്മൂട്ടിക്ക് പകര്‍ന്നാടാന്‍ ഒരുപിടി നല്ല കഥാപാത്രങ്ങളാണ് എംടി മെനഞ്ഞെടുത്തത്. വില്‍ക്കാനുണ്ട് സ്വപ്‌നങ്ങളില്‍ തുടങ്ങിയതാണ് അവരുടെ കൂട്ടുകെട്ട്. പിന്നാലെ എണ്ണം പറഞ്ഞ ചിത്രങ്ങള്‍. അടിയൊഴുക്കുകള്‍, തൃഷ്ണ, അനുബന്ധം, ആള്‍ക്കൂട്ടത്തില്‍ തനിയെ, ഒരു വടക്കന്‍ വീരഗാഥ, സുകൃതം, പഴശ്ശിരാജ എന്നിങ്ങനെ. വര്‍ഷങ്ങള്‍ പലത് കഴിഞ്ഞിട്ടും ഈ കഥാപാത്രങ്ങളെല്ലാം ഒരു നോവായും വിങ്ങലായും മലയാളി സിനിമാ ആസ്വാദകരുടെ മനസിലുണ്ട്.
എംടിയും മമ്മൂട്ടിയും തമ്മില്‍ സിനിമയ്ക്ക് പുറത്തും ഉണ്ടായിരുന്നത് ആഴമേറിയ ആത്മബന്ധം. ഇരുവരും ഒന്നിച്ച് പങ്കെടുത്ത അവസാന പരിപാടിയിലാണ് അതേറ്റവും പ്രകടമായത്. സ്വതവേ പരുക്കന്‍ പരിവേഷമുള്ള എംടിയും മമ്മൂട്ടിയും ഏറെ വികാരപരമായാണ് അന്ന് പെരുമാറിയത്. മമ്മൂട്ടിയുടെ കൈയ്യില്‍ പിടിച്ച് ഏറെ സ്‌നേഹത്തോടെ ആ നെഞ്ചിലേക്ക് ചേരുന്ന എംടി ഒരു നനുത്ത കാഴ്ചയായിരുന്നു. ഒരുവാക്കും ഉരിയാടാതെ, പരിസരം മറന്ന മട്ടിലുള്ള ആ നിൽപിൽ എന്തെല്ലാമാണ് അദ്ദേഹം മമ്മൂട്ടിയോട് പറയാതെ പറഞ്ഞത്… വാചാലമായ ആ മൗനം ഹൃദയത്തിൽ ഉൾക്കൊണ്ട് അത്രമേൽ ആർദ്രമായാണ് മമ്മൂട്ടിയും പ്രതികരിച്ചത്.
Also Read: ‘എംടിയുടെ മകനാണെന്ന് അന്നെനിക്ക് തോന്നി’…. ആത്മബന്ധം ഓർത്തെടുത്ത് മമ്മൂട്ടി
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here