എംടിയുടെ ‘നാലാമൂഴത്തെ’ പുകഴ്ത്തി രമേശ് ചെന്നിത്തല; കോണ്‍ഗ്രസിലെ ‘ചിന്താ ജെറോം’ എന്ന് പരിഹാസം

അന്തരിച്ച സാഹിത്യകാരൻ എംടി വാസുദേവന്‍ നായര്‍ എഴുതാത്ത ‘നാലാമൂഴം’ നോവലിനെ കുറിച്ച് വാചാലനായ കോണ്‍ഗ്രസ് നേതാവിന് ട്രോള്‍ മഴ. കോണ്‍ഗ്രസിലെ ‘ചിന്താ ജെറോം’ ആണ് ചെന്നിത്തലയെന്നാണ് ഉയരുന്ന പരിഹാസം. എംടിയെ അനുസ്മരിച്ച് രമേശ് ചെന്നിത്തല പങ്കുവച്ച ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റാണ് ഇതിനെല്ലാം കാരണം.

എംടിയുടെ സാഹിത്യ രചനകളെക്കുറിച്ചും കേരളയാത്രക്കിടെ നേരില്‍ കണ്ടതിന്റെ അനുഭവങ്ങളും ഒക്കെയായി ദീര്‍ഘമായ അനുസ്മരണമാണ് ചെന്നിത്തല ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചത്. ഇതിലാകട്ടെ അബദ്ധങ്ങളും അക്ഷരത്തെറ്റുകളും നിറഞ്ഞു നില്‍ക്കുകയാണ്. എം.ടിയുടെ വിയോഗത്തിന്റെ അടുത്ത ദിവസം ഡിസംബര്‍ 26ന് രാത്രി 9.45ന് രമേശ് ചെന്നിത്തലയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലും ഇന്‍സ്റ്റഗ്രാമിലും പ്രസിദ്ധീകരിച്ച അനുസ്മരണ കുറിപ്പിലാണ് അബദ്ധങ്ങള്‍ കടന്നുകൂടിയിരിക്കുന്നത്.

‘നാലുകെട്ടിലെ അപ്പുണ്ണിയും നാലാമൂഴത്തിലെ ഭീമനും മലയാളി കണ്ണാടി നോക്കിയ കഥാപാത്രങ്ങളാക്കി’ എന്നാണ് രമേശ് ചെന്നിത്തലയുടെ കുറിപ്പിലുള്ളത്. എന്നാല്‍ എംടി എഴുതിയ നോവലായ രണ്ടാമൂഴത്തിലാണ് ഭീമൻ കഥാപാത്രമായിട്ടുള്ളത്. ഇത് ചെന്നിത്തല എഴുതിയപ്പോള്‍ നാലാമൂഴമായി. ‘കറുത്തവര്‍ഗക്കാരനായ പ്രസിഡന്റ് അമേരിക്കക്ക് ഉണ്ടാകണമെന്ന് ബൊമ അധികാരം ഏല്‍ക്കുന്നതിന് കാല്‍നൂറ്റാണ്ട് മുമ്പ് യാത്രാവിവരണത്തില്‍ എംടി എഴുതിയത് ഓര്‍ക്കുന്നു’ എന്ന് പറയുന്ന രമേശ് ചെന്നിത്തല ഒബാമക്ക് പകരം ‘ബൊമ’ എന്നാണ് കുറിച്ചിരിക്കുന്നത്.

ഈ അബദ്ധങ്ങൾ ആളുകള്‍ കമന്റുകളായി രേഖപ്പെടുത്തിയിട്ടുണ്ട്. രാഷ്ട്രീയക്കാരനായ രമേശ് ചെന്നിത്തല എം.ടി. വാസുദേവന്‍ നായരെക്കുറിച്ച് എഴുതുമ്പോള്‍ കുറഞ്ഞപക്ഷം അദ്ദേഹത്തിന്റെ രചനകളെങ്കിലും കൃത്യമായി രേഖപ്പെടുത്തേണ്ടതല്ലേ എന്ന വിമര്‍ശനമാണ് ഉയരുന്നത്. പോസ്റ്റിലെ തെറ്റുകള്‍ നിരവധിപേര്‍ കമന്റുകളായി ചൂണ്ടികാണിച്ചിട്ടും ഇതുവരേയും തിരുത്തിയിട്ടില്ല.

ഇതോടെയാണ് ഗവേഷണ പ്രബന്ധത്തില്‍ ചങ്ങമ്പഴയുടെ വാഴക്കുല എന്ന കവിത വൈലോപ്പിള്ളിയുടേതെന്ന് എഴുതിയ ചിന്താ ജെറോമിനെ കൂടി ഉള്‍പ്പെടുത്തി ട്രോളുകള്‍ വരുന്നത്. കോണ്‍ഗ്രസിലെ ചിന്താ ജെറോമാണ് രമേശ് ചെന്നിത്തല എന്ന പരിഹാസമാണ് കമൻ്റിൽ ചിലർ എഴുതിയിരിക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top